Section

malabari-logo-mobile

സഹലിന്റെ തോളിലേറി ബ്ലാസ്‌റ്റേഴ്‌സിന് ആദ്യപാദ സെമിയില്‍ ജയം

HIGHLIGHTS : Sahal's shoulder blasters win first quarter semis

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) സെമിഫൈനലുകളിലെ മികച്ച റെക്കോര്‍ഡ് കാത്തുസൂക്ഷിച്ച് ജംഷഡ്പുര്‍ എഫ്‌സിക്കെതിരായ ആദ്യപാദ സെമിയില്‍ കേരളബ്ലാസ്റ്റേഴ്‌സിന് ജയം. ആക്രമണ ഫുട്‌ബോളിന്റെ അഴകറിയിച്ച മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പൂര് എഫ്‌സിയെ വീഴ്ത്തിയത്. ആദ്യ പകുതിയില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദാണ് വിജയഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ യുറഗ്വായ് താരം അഡ്രിയന്‍ ലൂണയുടെ ഫ്രീകിക്ക് പോസ്റ്റില്‍ത്തട്ടി തെറിച്ചത് ബ്ലാസ്‌റ്റേഴ്‌സിന് നിരാശയായി. ഇതോടെ ഈ മാസം 16ന് തിലക് മൈതാനത്ത് നടക്കുന്ന രണ്ടാം പാദ സെമിയില്‍ ഒരു ഗോള്‍ ലീഡുമായി ബ്ലാസ്‌റ്റേഴ്‌സിന് പോരാട്ടം പുനരാരംഭിക്കാം.

ആദ്യപകുതിയില്‍ ആക്രമണങ്ങള്‍ നയിച്ച ജംഷഡ്പൂര്‍ നിരവധി ഗോളിന് അടുത്തെത്തിയെങ്കിലും ഭാഗ്യം ബ്ലാസ്റ്റേഴ്സിനൊപ്പം നിന്നു. ആദ്യനിമിഷങ്ങളില്‍ ബ്ലാസ്റ്റേഴ്സാണ് ജംഷഡ്പൂരിന്റെ ഗോള്‍മുഖത്തെത്തിയത്. എന്നാല്‍ അധികം വൈകാതെ മത്സരത്തിലേക്ക് തിരിച്ചെത്തിയ ജംഷഡ്പൂര്‍ പത്താം മിനിറ്റില്‍ ഡാനിയേല്‍ ചീമയിലൂടെ ഗോളിന് തൊട്ടുത്തെത്തി.

sameeksha-malabarinews

ഡങ്കല്‍ ബോക്സിലേക്ക് ഹെഡ് ചെയ്ത് നല്‍കിയ പന്തില്‍ ചീമ തൊടുത്ത ഷോട്ട് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. പതിനേഴാം മിനിറ്റില്‍ ഗ്രെഗ് സ്റ്റുവര്‍ട്ട് എടുത്ത ഫ്രീ കിക്കില്‍ പീറ്റര്‍ ഹാര്‍ട്‌ലിയുടെ ഷോട്ട് പ്രഭ്ശുബാന്‍ ഗില്‍ അനായാസം കൈയിലൊതുക്കി. പിന്നീട് ഒന്നിന് പുറകെ ഒന്നായി ആക്രമണങ്ങളുമായി ജംഷഡ്പൂര്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍മുഖം വിറപ്പിച്ചു. 20ാം മിനിറ്റിലും ചീമ ലക്ഷ്യത്തിലേക്ക് പന്തടിച്ചുവെങ്കിലും വീണ്ടും ലക്ഷ്യം തെറ്റി.

26-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയെടുത്ത കോര്‍ണറിലാണ് ബ്ലാസ്റ്റേഴ്സ് ആദ്യമായി ഗോള്‍ മണത്തത്. ലൂണയുടെ കോര്‍ണര്‍ പേരേര ഡയസിന്റെ തലപ്പാകത്തില്‍ എത്തിയെങ്കിലും അതിനു മുമ്പെ പീറ്റര്ഡ ഹാര്‍ട്‌ലി അപകടം ഒഴിവാക്കി. കൂളിംഗ് ബ്രേക്കിന് ശേഷം ജംഷഡ്പൂര്‍ വീണ്ടും ഗോളിന് അടുത്തെത്തി. ബ്ലാസ്റ്റേഴ്സ് ബോക്സിന് പുറത്തു നിന്ന് ലഭിച്ച ഫ്രീ കിക്ക് ഗ്രെഗ് സ്റ്റുവര്‍ട്ട് തന്ത്രപരമായി എടുത്തപ്പോള്‍ മൊബാഷിര്‍ ഗോളിലേക്ക് ലക്ഷ്യ വെച്ചെങ്കിലും തലനാരിഴ വ്യത്യാസത്തില്‍ പുറത്തുപോയി.

ഇതിന് പിന്നാലെയാണ് സഹല്‍ ജംഷഡ്പൂര്‍ വലയില്‍ പന്തെത്തിച്ച് മഞ്ഞപ്പടയെ ആവേശത്തില്‍ ആറാടിച്ചത്. മധ്യനിരയില്‍ നിന്ന് ഉയര്‍ത്തി അടിച്ച പന്ത് ബോക്സിലേക്ക് ഓടിക്കയറിയ സഹല്‍ ജംഷഡ്പൂരിന്റെ മലയാളി ഗോള്‍ കീപ്പര്‍ ടി പി രഹ്നേഷിന്റെ തലക്ക് മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിട്ട് ബ്ലാസ്റ്റേഴ്സിനെ ഒരടി മുന്നിലെത്തിച്ചു. സീസണില്‍ സഹലിന്റെ ആറാം ഗോളാണിത്. ആദ്യ പകുതിയില്‍ സമനില ഗോളിനായുള്ള ജംഷഡ്പൂരിന്റെ ശ്രമങ്ങളെ പിന്നീട് ബ്ലാസ്റ്റേഴ്സ് ഫലപ്രദമായി പ്രതിരോധിച്ചു.

രണ്ടാംപാതിയില്‍ ബ്ലാസ്റ്റേഴ്സിനായിരുന്നു ആധിപത്യം. രണ്ടാം ഗോളിലേക്കുള്ള നിരവധി അവസരങ്ങള്‍ മഞ്ഞപ്പട സൃഷ്ടിച്ചു. അതില്‍ എടുത്തുപറയേണ്ടത് 60-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണയുടെ ഫ്രീകിക്കായിരുന്നു.ലൂണയുടെ കാലില്‍ നിന്ന് മറ്റൊരു വണ്ടര്‍ ഗോള്‍ പിറക്കേണ്ടതായിരുന്നു. ഗോള്‍ കീപ്പര്‍ രഹനേഷിനേയും മറികടന്ന് പോസ്റ്റിലേക്ക് താഴ്ന്നിറങ്ങിയ പന്ത് പോസ്റ്റില്‍ തട്ടിതെറിച്ചു. അതിന് തൊട്ടുമുമ്പ് 58ാം മിനിറ്റില്‍ പെരേര ഡയസിന്റെ ഡൈവിംഗ് ഹെഡര്‍ ഗോള്‍ കീപ്പര്‍ കൈക്കലാക്കി.

69-ാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്ന് വാസ്‌ക്വെസിന്റെ ഇടങ്കാലന്‍ ഷോട്ട് ജംഷഡ്പൂര്‍ പ്രതിരോധതാരത്തിന്റെ കാലില്‍ തട്ടി പുറത്തേക്ക് പോയി. 79-ാം മിനിറ്റില്‍ ജംഷഡ്പൂര്‍ താരം ഋത്വിക് കുമാറിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്സിന്റെ ബാറിന് മുകളിലൂടെ പറന്നു. 88-ാം മിനിറ്റില്‍ ഇഷാന്‍ പണ്ഡിതയുടെ വലങ്കാലന്‍ ഷോട്ട് പോസ്റ്റിന് തോട്ടുരുമി പുറത്തേക്ക്. ജംഷഡ്പൂരിന് ലഭിച്ചതില്‍ മികച്ച അവസരങ്ങളില്‍ ഒന്നായിരുന്നു അത്. അവസാന നിമിഷങ്ങളില്‍ ജംഷഡ്പൂര്‍ ബ്ലാസ്റ്റേഴ്സ് ബോക്സില്‍ നിരന്തരം ഭീഷണി ഉയര്‍ത്തിയെങ്കിലും ഒന്നും ഫലവത്തായില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!