ന്യൂഡല്‍ഹി : കര്‍ഷക സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ട്വിറ്ററില്‍ പോര് മുറുകുന്നു. കര്‍ഷക സമരത്ത പിന്തുണച്ച പോപ് ഗായിക റിഹാന ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ രംഗത്തെത്തിയതിന് പിന്നാലെ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്വിറ്ററില്‍ വിമര്‍ശനവുമായി രംഗത്തെത്തി ‘ഇന്ത്യയുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യരുത്. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാം, പക്ഷേ ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടരുത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും. ഒരു രാജ്യം എന്ന നിലയില്‍ നമുക്ക് ഐക്യത്തോടെ നില്‍ക്കാം’എന്നാണ് സച്ചിന്‍ ട്വീറ്റ് ചെയ്തത്. കര്‍ഷക സമരത്തെ കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെയാണ് ട്വീറ്റ്.
പോപ് ഗായിക റിഹാനയാണ് രാജ്യാന്തര തലത്തില്‍ ആദ്യമായി കര്‍ഷക സമരങ്ങളെ അനുകൂലിച്ച് ട്വീറ്റ് ചെയ്തത്. നിരവധി പേര്‍ റിഹാനയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു. ‘കര്‍ഷകരുടെ പ്രതിഷേധത്തെ കുറിച്ച് എന്താണ് നമ്മള്‍ സംസാരിക്കാത്തത് ‘ എന്നായിരുന്നു റിഹാനയുടെ ട്വീറ്റ്.ഇതിന് പിന്നാലെ റിഹാനയ്ക്കെതിരെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയതോടെ വിഷയം ആഗോളതലത്തില്‍ ചര്‍ച്ചയാകുകയായിരുന്നു.റിഹാനയുടെ വംശം, നിറം തുടങ്ങിയവയ്‌ക്കെതിരെയാണ് ട്വിറ്ററില്‍ അധിക്ഷേപം നടന്നത്. അടിമത്വത്തെ ന്യായീകരിച്ചു പോലും റിഹാനയ്‌ക്കെതിരെ ആക്രമണം നടന്നിരുന്നു.
പിന്നീട് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്, മിയ ഖലീഫ, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ അനന്തരവള്‍ മീന ഹാരിസ്, തുടങ്ങി നിരവധി പേര്‍ കര്‍ഷകരെ അനുകൂലിച്ച് ട്വീറ്റ് ചെയ്തു. ഈ പശ്ചാത്തലത്തിലാണ് സച്ചിന്‍ പ്രതികരിച്ചത്. സച്ചിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പരിഹസിച്ച് ട്രോളുകളുമെത്തി .രാജ്യത്തിന് പുറമെ നിന്നുള്ളവരുടെ അഭിപ്രായം നിയന്ത്രിക്കാന്‍ പറഞ്ഞ സച്ചിന്‍ എന്തിനാണ് അമേരിക്കയിലെ വര്‍ഗീയതക്കെതിരെ ശബ്ദമുയര്‍ത്തിയതെന്നാണ് ട്രോളുകള്‍ ചോദിക്കുന്നത്.
സിനിമാ താരങ്ങളായ അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, കൈലാഷ് ഖേര്‍, കരണ്‍ ജോഹര്‍, ലതാ മങ്കേഷ്‌കര്‍ തുടങ്ങിയവര്‍ കേന്ദ്രത്തെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തി.ഇന്ത്യ ടുഗദര്‍, ഇന്ത്യ എഗൈന്‍സ്റ്റ് പ്രോപ്പഗണ്ട എന്നീ ഹാഷ്ടാഗുകള്‍ അടക്കമാണ് ട്വീറ്റ്.
അതേസമയം വ്യത്യസ്ത ട്വീറ്റുമായാണ് വിരാട് കോഹ് ലി രംഗത്തെത്തിയത്. ‘വിയോജിപ്പുകളുടെ ഈ അവസരത്തില്‍ നമുക്ക് ഒന്നിച്ചു നില്‍ക്കാം. രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ് കര്‍ഷകര്‍. സൗഹാര്‍ദ്ദപരമായി തന്നെ ഈ വിഷയത്തില്‍ ഒരു പരിഹാരമുണ്ടാകുമെന്ന് വിശ്വസിക്കുന്നു’, എന്നായിരുന്നു കോഹ് ലിയുടെ ട്വീറ്റ്.




