Section

malabari-logo-mobile

എല്ലാ ജില്ലകളിലും റെസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളുകള്‍ ആരംഭിക്കും: മുഖ്യമന്ത്രി

HIGHLIGHTS : Residential sports in all districts Schools to start: CM

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലും റെസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷന്‍ സാര്‍വദേശീയ ഒളിമ്പിക് ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ചെറുപ്രായത്തില്‍ തന്നെ കായിക പ്രതിഭകളെ കണ്ടെത്തേണ്ടത് പ്രധാനമാണ്. സ്‌കൂള്‍ ക്ളസ്റ്റര്‍ അടിസ്ഥാനത്തില്‍ പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്.

കായിക താരങ്ങള്‍ക്കായി നിലവിലെ പരിശീലന സൗകര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം പുതിയ സൗകര്യം ഒരുക്കാനുള്ള ആലോചനയിലേക്ക് സര്‍ക്കാര്‍ കടക്കുകയാണ്. സര്‍ക്കാരിന്റേയും സ്വകാര്യ സ്ഥാപനങ്ങളുടെയും കായിക പരിശീലന സൗകര്യങ്ങള്‍ സംയോജിപ്പിച്ച് കൂടുതല്‍ കായിക ഇനങ്ങള്‍ക്കും താരങ്ങള്‍ക്കും പരിശീലനം ഉറപ്പാക്കാനും ആലോചനയുണ്ട്.

sameeksha-malabarinews

കോവിഡ് 19 കാരണം കഴിഞ്ഞ 18 മാസം കായിക താരങ്ങളുടെ പരിശീലനത്തില്‍ കുറവുണ്ടായി. ഒളിമ്പിക്സ് അടുത്ത സമയത്ത് ഇത് കായികതാരങ്ങളുടെ പ്രകടന മികവിനെ ബാധിക്കാന്‍ ഇടയുണ്ട്. ഗൗരവത്തോടെ കാണേണ്ട വിഷയമാണിത്. ഇതിന് പരിഹാരം കാണാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കണം. പൊതുകളിയിടം എന്ന ആശയം മുന്‍നിര്‍ത്തി ഓരോ പഞ്ചായത്തിലും കളിസ്ഥലം ഒരുക്കും. 14 ജില്ലകളിലും 4050 കോടി രൂപ ചെലവില്‍ സ്പോര്‍ട്സ് കോംപ്ളക്സ് യാഥാര്‍ത്ഥ്യമാക്കുകയാണ്. 762 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 44 സ്പോര്‍ട്സ് സ്റ്റേഡിയങ്ങളുടെ നിര്‍മാണം വേഗത്തില്‍ പുരോഗമിക്കുന്നു. 50 കോടി രൂപ ചെലവില്‍ ഗ്രാമീണ കളിക്കളങ്ങള്‍ പുനരുദ്ധരിക്കുന്നുണ്ട്. പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ അടിസ്ഥാനത്തില്‍ ലഘു വ്യായാമ പാര്‍ക്കുകളും ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കായികരംഗത്ത് ഒരു കാലത്ത് കേരളത്തിനുണ്ടായിരുന്ന മേല്‍കൈ വീണ്ടെടുക്കാനാവണം. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കായികരംഗം നിശ്ചലമായി. രോഗനിരക്ക് കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ കായിക വേദികളും പതിയെ ഉണരുകയാണ്. നമ്മുടെ നാട്ടിലും വൈകാതെ കായിക മത്സരം പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് 19 ന് ശേഷമുള്ള കായിക പരിശീലനവും മത്സരങ്ങളുടെ പുനരാരംഭിക്കലും എന്ന വിഷയത്തിലായിരുന്നു വെബിനാര്‍. കായിക മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!