Section

malabari-logo-mobile

അഞ്ചല്ല അയ്യായിരം കേസ് എടുത്താലും അതിജീവിതക്കൊപ്പം : ദിലീപിന്റെ ഹര്‍ജിയില്‍ തനിക്കെതിരെ കേസെടുത്തതില്‍ പ്രതികരണവുമായി റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി നികേഷ് കുമാര്‍

HIGHLIGHTS : Reporter TV MD Nikesh Kumar responds to Dileep's petition against him

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിയമ നടപടികള്‍ ചര്‍ച്ച ചെയ്ത റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരേയും തനിക്കെതിരേയും കേസെടുത്തതില്‍ പ്രതികരണവുമായി റിപ്പോര്‍ട്ടര്‍ ടി.വി എം.ഡി നികേഷ് കുമാര്‍ രംഗത്ത് . ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. റിപ്പോര്‍ട്ടര്‍ ടി.വിക്കും തനിക്കുമെതിരെ പൊലീസ് കേസെടുത്തെന്ന റിപ്പോര്‍ട്ടറിന്റെ വാര്‍ത്ത ‘അഞ്ചല്ല അയ്യായിരം കേസ് എടുത്താലും നിന്റെ കൂടെ’ എന്ന തലക്കെട്ടോടെയാണ് നികേഷ് കുമാര്‍ പങ്കുവെച്ചത്. തനിക്കെതിരെ എത്ര കേസുകള്‍ വന്നാലും അതിജീവിതക്കൊപ്പമായിരിക്കും താനെന്ന് വ്യക്തമാക്കുകയാണ് നികേഷ് കുമാര്‍.

തന്നെ കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് പൊലീസ് നികേഷിനെതിരെയും ചാനലിനെതിരേയും കേസെടുത്തത്. ദിലീപിന്റെ ഹരജിയിന്മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ പൊലീസ് നികേഷിനെതിരെ കേസെടുക്കുകയായിരുന്നു. ഐ.പി.സി സെക്ഷന്‍ 228 എ (3) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിചാരണ കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം കോടതിയുടെ അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചു എന്നതാണ് നികേഷിനെതിരെ ഉന്നയിക്കുന്ന വിഷയം. കോടതി വിചാരണയിലിരിക്കുന്ന നടി ആക്രമണ കേസിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും പ്രചരിപ്പിക്കണമെന്നുമുള്ള ഉദ്ദേശത്തോടെ ചര്‍ച്ച സംഘടിപ്പിച്ചതായി എഫ്.ഐ.ആറില്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ലൈവ് വെബ്‌സൈറ്റില്‍ നടി ആക്രമണ കേസുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതിനും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

sameeksha-malabarinews

ദിലീപിന്റെ അറസ്റ്റ് വൈകിച്ചത് ഹൈക്കോടതി ഉത്തരവാണെന്നും ആ സമയം കൊണ്ട് തെളിവ് നശിപ്പിക്കാന്‍ ദിലീപ് സ്വകാര്യ ലാബിനെ സമീപിച്ചു എന്ന ഒറ്റ കാരണത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളേണ്ടതാണെന്നും നേരത്തെ വിമര്‍ശനമുയര്‍ന്നിരുന്നു. അതേസമയം, ദിലീപും മറ്റ് പ്രതികളും ഉപയോഗിച്ച ആറ് ഫോണുകളും കോടതിക്ക് മുന്‍പാകെ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

ദിലീപും മറ്റ് പ്രതികളും തിങ്കളാഴ്ച 10.15 ന് മുന്‍പ് ഹൈക്കോടതി രജിസ്റ്റാര്‍ക്ക് മുന്‍പില്‍ കൈമാറണമെന്നാണ് കോടതി പറഞ്ഞത്. ഇത് അനുസരിച്ചില്ലെങ്കില്‍ ദിലീപിന് അറസ്റ്റില്‍ നിന്നു നല്‍കിയ സംരക്ഷണം പിന്‍വലിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.

കേസുമായി ബന്ധപ്പെട്ട പല സുപ്രധാന വിവരങ്ങളും പുറത്തുകൊണ്ട് വന്നത് റിപ്പോര്‍ട്ടര്‍ ടി.വിയായിരുന്നു. ദിലീപ് എന്ന വ്യക്തി നിയമത്തിനു മുകളില്‍ ആണോയെന്നും കേരളത്തിലെ പൊലീസും കോടതിയുമൊക്കെ ഇയാളുടെ കാല്‍ക്കീഴിലാണോയെന്ന തരത്തിലുള്ള ആരോപണങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!