മലപ്പുറത്ത് നിന്നും ആഫ്രിക്കയിലേക്ക്; ബൈക്കില്‍ 32 രാജ്യങ്ങളിലൂടെയുള്ള ലോക യാത്രയ്ക്കിറങ്ങി ചേലേമ്പ്ര സ്വദേശി ദില്‍ഷാദ്

ചേലേമ്പ്ര : യാത്ര ഇഷ്ടവിനോദമാക്കിയ ദില്‍ഷാദ് ബൈക്കില്‍ ലോക യാത്രയ്ക്കിറങ്ങുന്നു. ആഫ്രിക്ക ലക്ഷ്യമാക്കിയാണ് യാത്രപുറപ്പെടുന്നത്. ഇന്ത്യ ഉള്‍പ്പെടെ 32 രാജ്യങ്ങളിലൂടെയാണ് യാത്ര ലക്ഷ്യമിടുന്നത്. യാത്ര ഇടിമുഴിക്കലില്‍ പി. അബ്ദുള്‍ ഹമീദ് എം.എല്‍.എ.  ഫ്‌ളാഗ് ഓഫ് ചെയ്തു. ദില്‍ഷാദിനെ യാത്രയാക്കാന്‍ ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.പി. ജമീല ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ നിന്നെത്തിയ വ്‌ളോഗര്‍മാരും ഉണ്ടായിരുന്നു.

ഒരു വര്‍ഷവും മൂന്നുമാസവും കൊണ്ടു യാത്ര പൂര്‍ത്തിയാക്കാനാകുമെന്ന് ദില്‍ഷാദ് പറഞ്ഞു. വിവിധ രാജ്യങ്ങള്‍ കാണാനും ഭാഷകളും സംസ്‌കാരങ്ങളും അറിയാനുമാണ് തന്റെ യാത്രയെന്നും അദ്ദേഹം പറഞ്ഞു.

ഇടിമുഴിക്കലില്‍ നിന്ന് ബുള്ളറ്റില്‍ മുംബൈ വരെ എത്തും. അവിടന്ന് കപ്പല്‍മാര്‍ഗം ദുബായിലേക്ക്. ദുബായ്, ഒമാന്‍, സൗദി എന്നീ അറേബ്യന്‍ രാജ്യങ്ങള്‍ വഴി ബൈക്കില്‍ യാത്ര തുടരും. പിന്നീട് സൂയസ് കനാല്‍വഴി ഈജിപ്തിലേക്ക്. തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെ കറങ്ങി ലിബിയ വഴി വീണ്ടും സൗദി അറേബ്യയിലും ശേഷം ദുബായിലും എത്തി കപ്പല്‍മാര്‍ഗം നാട്ടില്‍ തിരിച്ചെത്തും.

യാത്രയിലെ കാഴ്ചകള്‍ സ്വന്തം യൂട്യൂബ് ചാനല്‍വഴി ലോകത്തെ അറിയിക്കും. നേരത്തെ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലൂടെയും രണ്ടുതവണ ബൈക്കില്‍ ചുറ്റി സഞ്ചരിച്ചിട്ടുണ്ട്.

ചേലേമ്പ്ര പാറയില്‍ പീടിയേക്കല്‍ ഹുസൈന്‍ -ഫാത്തിമ ദമ്പതിമാരുടെ മകനാണ് ദില്‍ഷാദ്.

 

Share news
error: Content is protected !!
Scroll to Top