ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തിരുന്ന സലീഷിന്റെ അപകട മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍

നടന്‍ ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ ഉടമ സലീഷിന്റെ അപകട മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍.

എറണാകുളത്ത് മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ നടത്തിയിരുന്ന ദിലീപിന്റെ സുഹൃത്ത് സലീഷിന്റെ മരണത്തിലാണ് പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ അങ്കമാലി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ദിലീപിനെ കണ്ട് മടങ്ങുമ്പോഴാണ് സലീഷ് അപകടത്തില്‍പ്പെട്ടതെന്നാണ് സഹോദരന്‍ പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.

ദിലീപിന്റെ ഫോണുകള്‍ സര്‍വീസ് ചെയ്തിരുന്നത് സലീഷായിരുന്നെന്നാണ് പറയുന്നത്. കറുകുറ്റി സ്വദേശിയായ സലീഷ് 2020 ഓഗസ്റ്റ് മാസം ഒരു കാറപകടത്തിലാണ് മരിച്ചത്. കാറോടിക്കുന്നതിനിടെ സലീഷ് ഉറങ്ങിപ്പോയതാണ് അപകടമുണ്ടാകാന്‍ കാരണമെന്നായിരുന്നു കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ അപകടമരണമെന്ന് രേഖപ്പെടുത്തി കേസ് ക്ലോസ് ചെയ്തിരുന്നു. കേസിന്റെ തുടരന്വേഷണ സാധ്യത അറിയാന്‍ പൊലീസ് നിയമോപദേശം തേടിയേക്കും. കൊച്ചി റൂറല്‍ പൊലീസിന് ലഭിച്ച പരാതി ഉടന്‍ ക്രൈം ബ്രാഞ്ചിന് കൈമാറുമെന്നാണ് വിവരം.

അതേസമയം ഹൈക്കോടതിയില്‍ വധശ്രമ ഗൂഢാലോചന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലും, ഫോണുകള്‍ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ഉപ ഹര്‍ജിയിലും തുടര്‍വാദം നടക്കുകയാണ്. ദിലീപിന്റെ കൈവശമുള്ള 6 ഫോണുകള്‍ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറി.

 

Share news
error: Content is protected !!
Scroll to Top