Section

malabari-logo-mobile

പരേതരായ ദമ്പതികളുടെ വിവാഹത്തിന് 53 വര്‍ഷത്തിനു ശേഷം രജിസ്ട്രേഷന്‍

HIGHLIGHTS : Registration after 53 years of marriage of deceased couple

പാലക്കാട് ശേഖരിപുരം സ്വദേശികളായ പരേതരായ സി ഭാസ്‌കരന്‍ നായരുടെയും ടി കമലത്തിന്റെയും വിവാഹം 53 വര്‍ഷത്തിന് ശേഷം രജിസ്റ്റര്‍ ചെയ്യാന്‍ അനുവാദം നല്‍കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. കല്യാണം കഴിഞ്ഞ് 53 വര്‍ഷങ്ങള്‍ക്ക് ശേഷം പരേതരായ രണ്ടുപേരുടെ വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നത് രാജ്യത്ത് തന്നെ അപൂര്‍വ്വമാണ്. പാലക്കാട് ശേഖരിപുരം സ്വദേശികളായ ഇരുവരും 1969ലാണ് വിവാഹിതരായത്. മാനസിക വൈകല്യമുള്ള ഏകമകന്‍ ടി ഗോപകുമാര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് മനുഷ്യത്വപരമായ നടപടിയെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. സൈനികനായിരുന്ന അച്ഛന്റെ കുടുംബപെന്‍ഷന്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് മകന്‍, അച്ഛനമ്മമാരുടെ വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കാന്‍ അപേക്ഷ നല്‍കിയത്.

1969 ജൂണ്‍ 4ന് കൊടുമ്പ് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അന്നത്തെ കാലത്ത് വിവാഹ രജിസ്ട്രേഷന്‍ നിര്‍ബന്ധമല്ലാതിരുന്നതിനാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. 1998ല്‍ കമലവും 2015ല്‍ ഭാസ്‌കരന്‍ നായരും മരിച്ചു. സൈനിക റെക്കോര്‍ഡുകളില്‍ ഭാസ്‌കരന്‍ നായരുടെ കുടുംബവിവരങ്ങള്‍ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി പെന്‍ഷന്‍ മുടങ്ങുകയായിരുന്നു.

sameeksha-malabarinews

വിവാഹിതരില്‍ ഒരാള്‍ മരിച്ചാലും എങ്ങനെ രജിസ്ട്രേഷന്‍ നടത്താമെന്ന് 2008ലെ കേരളാ വിവാഹങ്ങള്‍ രജിസ്ട്രേഷന്‍(പൊതു) ചട്ടങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. പക്ഷെ, ദമ്പതികള്‍ രണ്ടുപേരും മരിച്ചാല്‍ വിവാഹം എങ്ങനെ രജിസ്റ്റര്‍ ചെയ്യണമെന്ന് നിലവിലുള്ള നിയമങ്ങളിലോ ചട്ടങ്ങളിലോ പരാമര്‍ശിക്കുന്നില്ല. വിഷയത്തില്‍ നിയമവകുപ്പിന്റെ പ്രത്യേക അഭിപ്രായം തേടിയ ശേഷമാണ് മന്ത്രിയുടെ ഇടപെടല്‍. 2008ലെ ചട്ടങ്ങളില്‍ ഇത് സംബന്ധിച്ച് വ്യവസ്ഥകള്‍ നിലവിലില്ലാത്തതും, വിവാഹം നടന്ന കാലത്ത് രജിസ്ട്രേഷന്‍ നിര്‍ബന്ധമല്ല എന്ന വസ്തുതയും പരിഗണിച്ചാണ് തീരുമാനം.
മാനസിക വൈകല്യമുള്ള മകന്റെ സംരക്ഷണവും ഉപജീവനവും ഉറപ്പാക്കാന്‍ കുടുംബ പെന്‍ഷന്‍ അനിവാര്യമാണെന്ന് കണ്ടാണ് പ്രത്യേക ഇടപെടലെന്ന് മന്ത്രി അറിയിച്ചു. നിയമങ്ങളും ചട്ടങ്ങളും ജനങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ ജീവല്‍പ്രശ്നങ്ങള്‍ പരിഹരിക്കുവാനും ആവശ്യങ്ങള്‍ നിറവേറ്റുവാനും വേണ്ടിയാണ്. ആവശ്യമായ സാഹചര്യങ്ങളില്‍ മാനുഷിക പരിഗണനയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് നിയമപരമായിത്തന്നെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന ദമ്പതികള്‍ക്ക് നേരില്‍ ഹാജരാകാതെ തന്നെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു. ഈ സൗകര്യം ഇപ്പോളും തുടരുന്നുണ്ട്. ആധുനിക വിവര സാങ്കേതിക വിദ്യയുടെ കാലത്ത് നേരില്‍ ഹാജരാകാതെ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധാനം സ്ഥിരമായി ലഭ്യമാക്കുന്നതിന് ചട്ടഭേദഗതി നടത്താന്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. കൂടാതെ വിവാഹമോചനം നേടുന്നവരുടെ വിവരങ്ങള്‍ വിവാഹരജിസ്റ്ററില്‍ ചേര്‍ക്കപ്പെടുന്നില്ല എന്ന ഗൗരവമായ വിഷയവും ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത് പരിഗണിച്ച് വിവാഹമോചനവും യഥാവിധി രേഖപ്പെടുത്തുന്നതിന് നിയമനിര്‍മ്മാണം നടത്തുന്നതിനുള്ള നടപടിയും ആരംഭിച്ചെന്നും മന്ത്രി അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!