Section

malabari-logo-mobile

റേഷന്‍ കടയിലേക്കുള്ള സാധനങ്ങള്‍ എല്ലാ മാസവും 10നകം വാതില്‍പ്പടി വിതരണം നടത്തും: മന്ത്രി ജി.ആര്‍ അനില്‍

HIGHLIGHTS : Items for the ration shop will be delivered door to door by the 10th of every month: Minister GR Anil

തിരുവനന്തപുരം: എല്ലാ മാസവും പത്താം തീയതിക്കകം റേഷന്‍ സാധനങ്ങള്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളിലും വാതില്‍പ്പടി വിതരണം നടത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. കേരളത്തിലെ റേഷന്‍ വ്യാപാര രംഗത്തെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് റേഷന്‍ വ്യാപാരികളുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

റേഷന്‍ വ്യാപാരികള്‍ സര്‍ക്കാരിലേക്ക് അടയ്ക്കേണ്ട റേഷന്‍ സാധനങ്ങളുടെ തുക വ്യാപാരികളുടെ കമ്മിഷനില്‍ നിന്നും തട്ടിക്കിഴിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ പദ്ധതിയിലൂടെ മാസത്തിന്റെ ആദ്യ ദിവസങ്ങളില്‍ റേഷന്‍ കടകളില്‍ റേഷന്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും. റേഷന്‍ വ്യാപാരികളുടെ ക്ഷേമനിധിയില്‍ സര്‍ക്കാര്‍ വിഹിതം ഏര്‍പ്പെടുത്തണമെന്ന വ്യാപാരികളുടെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു. റേഷന്‍ സാധനങ്ങള്‍ കൃത്യായ അളവിലും തൂക്കത്തിലും എഫ്.സി.ഐയുടെയും എന്‍.എഫ്.എസ്.എയുടെയും ഗോഡൗണ്‍ വഴി വാതില്‍പ്പടി വിതരണം നടത്തും. റേഷന്‍ കടകളിലെ ഇ-പോസ് മെഷീനെ ത്രാസ്സുമായി ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കും. ഗ്രാമീണ മേഖലയിലെ റേഷന്‍ കടകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ആയിരം റേഷന്‍ കടകളെ സ്മാര്‍ട്ട് കടകളാക്കി മാറ്റുന്ന പദ്ധതി നടപ്പിലാക്കും.

sameeksha-malabarinews

റേഷന്‍ കടകള്‍ അനുവദിക്കുമ്പോള്‍ സെയില്‍സ്മാന്‍മാര്‍ക്ക് മുന്‍ഗണന ലഭിക്കുന്ന തരത്തില്‍ റേഷന്‍ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തും. ഓരോ റേഷന്‍ വ്യാപാരിക്കും അതാത് റേഷന്‍ കട സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഏറ്റവും കൂടുതല്‍ നെറ്റ്വര്‍ക്കുള്ള കമ്പനികളുടെ സിംകാര്‍ഡ് ഉപയോഗിക്കുന്നതിന് അനുമതി നല്‍കും. റേഷന്‍ വ്യാപാരികള്‍ക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം കോവിഡ് ബാധിച്ച് മരണപ്പെട്ട റേഷന്‍ വ്യാപാരികളുടെ അനന്തരാവകാശികള്‍ക്ക് ഇന്‍ഷുറന്‍സ് തുക വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിന് റേഷന്‍ വ്യാപാരികളുടെ സംഘടനകളുടെ സഹകരണം മന്ത്രി അഭ്യര്‍ത്ഥിച്ചു.
റേഷന്‍ കടകളിലൂടെ മണ്ണെണ്ണ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാതില്‍പ്പടി വഴി വിതരണം സാധ്യമാക്കണമെന്ന വ്യാപാരികളുടെ ആവശ്യം നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മന്ത്രി പറഞ്ഞു.

ഹജ്ജ് തീര്‍ത്ഥാടനത്തിനായി പോകുന്ന വ്യാപാരികള്‍ക്ക് മൂന്നു മാസം വരെ നിയമപരമായ അവധി അനുവദിക്കണമെന്ന സംഘടനാനേതാക്കളുടെ ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു. അതുപോലെ റേഷന്‍ വ്യാപാരികള്‍ക്ക് വേതന പാക്കേജ് നടപ്പിലാക്കുമ്പോള്‍ എല്ലാ വ്യാപാരികള്‍ക്കും മിനിമം വേജസ് ഉറപ്പാക്കണമെന്ന് സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. പൊതുവിതരണ രംഗത്ത് നടപ്പിലാക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും റേഷന്‍ വ്യാപാരികളുടെ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് നേതാക്കള്‍ മന്ത്രിക്ക് ഉറപ്പു നല്‍കി.
യോഗത്തില്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ സജിത് ബാബു, സിവില്‍ സപ്ലൈസ് മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് കുമാര്‍ പട്ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!