തിരൂരങ്ങാടി:വേങ്ങര മനാട്ടിപ്പറമ്പ് റോസ് മനാര്‍ ഷോര്‍ട്ട് സ്റ്റേ ഹോമിലെ പാലക്കാട്ടുകാരി ഗിരിജയുടെ കഴുത്തില്‍ വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതി ക്ഷേത്ര സന്നിധിയില്‍ വെച്ച് എടയൂരിലെ ബാലന്റെ മകന്‍ രാകേഷ് മിന്ന് ചാര്‍ത്തി.
വളരെ ചെറുപ്പത്തില്‍ അമ്മയോടൊപ്പം റോസ് മനാറിലെത്തിയ ഗിരിജക്ക് പിന്നേ സ്വന്തക്കാരും, ബന്ധുക്കളുമൊക്കെ ഈ നാട്ടുകാരായിരുന്നു. അവളുടെ കല്യാണം അവര്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന കാഴ്ചക്ക് ക്ഷേത്ര സന്നിധിയില്‍ സാക്ഷ്യം വഹിക്കാനായത് ജീവിതത്തിലെ ഏറ്റവും ധന്യമായ അനുഭവങ്ങളിലൊന്നായി.
കല്യാണം വിളിച്ചതും, ഒരുക്കിയതും, അമ്പലപ്പറമ്പില്‍ അതിഥികളെ സ്വീകരിച്ചതും, വലിയ പന്തലൊരുക്കി സദ്യ വിളമ്പിയതും വേങ്ങര മനാട്ടിപറമ്പിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍. എല്ലാത്തിനും ചേര്‍ന്ന് നിന്ന് ക്ഷേത്ര ഭാരവാഹികള്‍. സ്‌നേഹവും, പിന്തുണയുമായി ഒരു നാട് മുഴുവന്‍ കൂടിയപ്പോള്‍ കല്യാണം ഗംഭീരമായി.
വേങ്ങര മനാട്ടിപറമ്പ് റോസ് മാനര്‍ അഗതിമന്ദിരത്തിലെ ഗിരിജയുടെയും എടയൂര്‍ ചന്ദനപറമ്പില്‍ രാകേഷിന്റെയും വിവാഹമാണ് മുസ്ലീം ലീഗ് ഏറ്റെടുത്ത് നടത്തുന്നത്. മലപ്പുറം വേങ്ങര പന്ത്രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ് എഫ് കമ്മിറ്റി എന്നിവരാണ് നേതൃത്വത്തിലാണ്. രാവിലെ ഏട്ടരക്കും ഒമ്പതിനും മധ്യേയുള്ള മൂഹൂര്‍ത്തത്തിലാണ് എളമ്പിലക്കാട് ആനന്ദ് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് വിവാഹം നടന്നത്.




