HIGHLIGHTS : Rahul Gandhi today appeared for questioning in the National Herald case

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യലിന് മുന്നോടിയായി ഇന്നും ദില്ലിയില്‍ പ്രതിഷേധം. രാഹുലിന്റെ ചോദ്യം ചെയ്യല്‍ ആരംഭിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹിളാ കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. ജെബി മേത്തറിനെ കസ്റ്റഡിയിലെടുത്തു.
ഇന്നലെയും രാഹുല്‍ ഗാന്ധിയുടെ ചോദ്യംചെയ്യലിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രിമാരെയടക്കം കസ്റ്റഡിയിലെടുത്ത് നീക്കിയാണ് ദില്ലി പൊലീസ് രാഹുല്‍ ഗാന്ധിയെ ഇന്നലെ ഇഡിക്ക് മുന്‍പില്‍ എത്തിച്ചത്.

കഴിഞ്ഞ രണ്ട് ദിവസമായി പതിനെട്ട് മണിക്കൂര്‍ നേരമാണ് രാഹുലിന്റെ ചോദ്യം ചെയ്യല്‍ നീണ്ടത്. ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ യംഗ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം, അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് ഉള്‍പ്പെട്ട പ്രത്യേക സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ച രേഖകള്‍ ഇഡി രാഹുലിനെ കാണിച്ചു.
അതിനിടെ, ഇഡിയുടെ ചോദ്യം ചെയ്യലില്‍ തുടര്‍നടപടികള്‍ ആലോചിക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കള്‍ സോണിയ ഗാന്ധിയുടെ വീട്ടില യോഗം ചേര്‍ന്നു. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി കൂടുതല്‍ സമയം തേടി.