
പരപ്പനങ്ങാടി : പുവാച്ചി കനാൽ നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഉദ്ഘാടനം നഗരസഭാധ്യക്ഷ പി. സുബൈദ നിർവ്വഹിച്ചു. കാലപ്പഴക്കം കൊണ്ടും കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രളയക്കെടുതികളെ തുടർന്നും പുവാച്ചി കനാലിനെ കേടുപാടുകൾ വരുത്തിയിരുന്നു.
കനാലിന്റെ തകർച്ച പ്രദേശത്തെ ജലസേചനത്തെയും നീരൊഴുക്കിനെയും സാരമായി ബാധിച്ചത് കർഷകർക്കും നാട്ടുകാർക്കും ഏറെ പ്രയാസമാണ് ഉണ്ടാക്കിയത്. നിലവിലെ പഴയ കരിങ്കൽ ഭിത്തികൾക്ക് പകരം ബലമുള്ള കോൺക്രീറ്റ് ഭിത്തികൾ നിർമ്മിക്കും. നിലവിൽ ഏഴ് ലക്ഷം രൂപ ചെലവഴിച്ചുള്ള ഒന്നാംഘട്ട പ്രവൃത്തികളാണ് ആരംഭിച്ചത്. തുടർന്ന് കൂടുതൽ തുക വകയിരുത്തി കനാലിന്റെ നവീകരണം പൂർണ്ണതോതിൽ പൂർത്തിയാക്കുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.
ചടങ്ങിൽ നഗരസഭ ഉപാധ്യക്ഷൻ കെ. ഷമീം, കൗൺസിലർ മുഫീദ തസ്‌നി, മുൻ കൗൺസിലർ അസീസ് കൂളത്ത്, പി.വി. ഹാഫിസ് മുഹമ്മദ്, സി.കെ. നാസർ തുടങ്ങിയവർ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




