Section

malabari-logo-mobile

പ്രമുഖ സിനിമ നിര്‍മ്മാതാവും വ്യവസായിയുമായിരുന്ന കെ. രവീന്ദ്രനാഥന്‍ നായര്‍ അന്തരിച്ചു

HIGHLIGHTS : Prominent film producer and businessman K. Ravindranathan Nair passed away

കൊല്ലം: പ്രമുഖ സിനിമ നിര്‍മ്മാതാവും കശുവണ്ടി വ്യവസായിയുമായിരുന്ന കെ. രവീന്ദ്രനാഥന്‍ നായര്‍ (അച്ചാണി രവി) (90) അന്തരിച്ചു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, പി ഭാസ്‌കരന്‍ തുടങ്ങിയ ചലച്ചിത്രകാരന്‍മാരുടെ കലോദ്യമങ്ങളെ വളരെയധികം പിന്തുണച്ച സിനിമാ നിര്‍മ്മാതാവാണ് കെ രവീന്ദ്രനാഥന്‍ നായര്‍. നവതിക്ക് പിന്നാലെയാണ് മരണം. ജൂലൈ 6 ന് ആയിരുന്നു നവതി.

കൊല്ലം സ്വദേശി വെണ്ടര്‍ കൃഷ്ണപിളളയുടെയും നാണിയമ്മയുടെയും എട്ട് മക്കളില്‍ അഞ്ചാമനായി 1933 ജൂലൈ മൂന്നിനാണ് രവീന്ദ്രനാഥന്‍ നായരുടെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസം കൊല്ലം കന്റോണ്‍മെന്റ് ബേസിക് ട്രെയിനിംഗ് സ്‌ക്കൂളിലും ഗവ. ബോയ്‌സ് ഹൈസ്‌ക്കൂളിലും പൂര്‍ത്തിയാക്കി. 1955 ല്‍ കോമേഴ്‌സ് ഐച്ഛിക വിഷയമായി ബിരുദം നേടിയ ശേഷം കശുവണ്ടി വ്യവസായരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. പിതാവിന്റെ മരണത്തോടെ ബിസിനസ് ഏറ്റെടുത്തു. അദ്ദേഹത്തിന്റെ വിജയലക്ഷ്മി കാഷ്യൂസ് കേരളത്തിലും പുറത്തും 115 ഫാക്ടറികളുളള വലിയ ബിസിനസ് ശൃംഖലയായി.

sameeksha-malabarinews

1967ല്‍ ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന ചിത്രം നിര്‍മിച്ചുകൊണ്ടായിരുന്നു ജനറല്‍ പിക്‌ചേഴ്സ് ആരംഭിച്ചത്. പി ഭാസ്‌കരന്‍ ആയിരുന്നു സംവിധാനം. 68-ല്‍ ‘ലക്ഷപ്രഭു’, 69-ല്‍ ‘കാട്ടുകുരങ്ങ്’ എന്നീ ചിത്രങ്ങളും പി ഭാസ്‌കരന്‍ ജനറല്‍ പിക്‌ചേഴ്സിനുവേണ്ടി സംവിധാനം ചെയ്തു. 73-ല്‍ എ വിന്‍സെന്റിന്റെ ‘അച്ചാണി’, 77-ല്‍ ‘കാഞ്ചനസീത’, 78-ല്‍ ‘തമ്പ്’, 79-ല്‍ ‘കുമ്മാട്ടി’ 80-ല്‍ ‘എസ്തപ്പാന്‍’, 81-ല്‍ ‘പോക്കുവെയില്‍’ എന്നീ ചിത്രങ്ങള്‍ അരവിന്ദന്‍ ഒരുക്കി. 82-ല്‍ എം ടി വാസുദേവന്‍ നായര്‍ ‘മഞ്ഞ്’ സംവിധാനം ചെയ്തു. 84-ല്‍ ‘മുഖാമുഖം’, 87-ല്‍ ‘അനന്തരം’, 94-ല്‍ ‘വിധേയന്‍’ എന്നീ ചിത്രങ്ങള്‍ അടൂര്‍ ഗോപാലകൃഷ്ണനും സാക്ഷാത്കരിച്ചു.

ആകെ നിര്‍മിച്ച 14 സിനിമകള്‍ക്ക് 18 ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളാണ് ലഭിച്ചത്. എസ്തപ്പാന്‍ എന്ന സിനിമയില്‍ മുഖംകാണിച്ചിട്ടുമുണ്ട്. ഭാര്യ ഉഷ ‘തമ്പ്’ എന്ന സിനിമയില്‍ പിന്നണി പാടിയിട്ടുണ്ട്. സമഗ്രസംഭാവനയ്ക്കുള്ള ജെ സി ഡാനിയേല്‍ പുരസ്‌കാരം നേടിയ രവീന്ദ്രനാഥന്‍ നായര്‍ ദേശീയ ചലചിത്ര അവാര്‍ഡ് കമ്മിറ്റി അംഗമായും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗമായും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൊല്ലം പബ്ലിക് ലൈബ്രറിയും സോപാനം ഓഡിറ്റോറിയവും നിര്‍മ്മിച്ചത് രവിയാണ്. ചില്‍ഡ്രന്‍സ് ലൈബ്രറിയും ആര്‍ട്ട് ഗ്യാലറിയും ഉള്‍പ്പെട്ട ഇത് ഇപ്പോള്‍ കൊല്ലത്തെ സാംസ്‌കാരിക കേന്ദ്രമാണ്. സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് 2008-ല്‍ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നല്‍കി സര്‍ക്കാര്‍ ആദരിച്ചു. ഗായികയായിരുന്ന ഭാര്യ ഉഷ രവി 2013-ല്‍ അന്തരിച്ചു. പ്രതാപ് നായര്‍, പ്രകാശ് നായര്‍, പ്രീത എന്നിവരാണ് മക്കള്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!