ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു. കേസ് ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രതികളുടെ കുടുംബം ഒത്തുതീര്‍പ്പിന് സമ്മര്‍ദം ചെലുത്തിയതിന് പിന്നാലെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
പരാതിയില്‍ പൊലീസ് നടപടി സ്വീകരിച്ചില്ല എന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. പ്രതികള്‍ക്കൊപ്പം നിന്ന പൊലീസ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ നിര്‍ബന്ധിച്ചത് പെണ്‍കുട്ടിയെ സമ്മര്‍ദ്ദത്തിലാക്കി എന്ന് ബന്ധുക്കള്‍ ആരോപിച്ചു
പെണ്‍കുട്ടി ജീവനൊടുക്കിയതിന് പിന്നാലെ, സംബല്‍ ജില്ലയിലെ കുഡ്ഫത്തേഗഡ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. വിരേഷ് എന്നയാളെയാണ് അറസ്റ്റിലായത്. ജിനേഷ്, സുവേന്ദ്ര, ബിപിന്‍ എന്നീ മൂന്ന് പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി ജില്ലാ പൊലീസ് മേധാവി ചക്രേഷ് മിശ്ര പറഞ്ഞു.
ജൂലൈ 15 ന് പെണ്‍കുട്ടിയെ പ്രദേശവാസികളായ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. പ്രതികളില്‍ ഒരാള്‍ രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ കീഴ്പ്പെടുത്തുകയും ബന്ദിയാക്കി സമീപത്തുള്ള കാട്ടില്‍ എത്തിച്ച്, മറ്റു മൂന്നു പേര്‍ക്കൊപ്പം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.
കൂട്ടബലാത്സംഗത്തിന് ഇരയായി എന്ന് കാണിച്ച് ഓഗസ്റ്റ് 15ന് ആണ് പെണ്‍കുട്ടിയുടെ കുടുംബം പൊലീസിനെ സമീപിച്ചത്.




