Section

malabari-logo-mobile

തന്റെ സഖാവിനെ അഭിവാദ്യം ചെയ്യാന്‍ അമ്മായി സമരപന്തലില്‍

HIGHLIGHTS : പരപ്പനങ്ങാടി : പാചക വാതക വിലവര്‍ദ്ധനക്കെതിരെ പരപ്പനങ്ങാടിയില്‍ നിരാഹാരമിരിക്കുന്ന സിപിഐഎം ഏരിയാ കമ്മറ്റി അംഗം തുടിശ്ശേരി കാര്‍ത്തികേയനെ അഭിവാദ്യം ച...

2014-01-16 11.27.56പരപ്പനങ്ങാടി : പാചക വാതക വിലവര്‍ദ്ധനക്കെതിരെ പരപ്പനങ്ങാടിയില്‍ നിരാഹാരമിരിക്കുന്ന സിപിഐഎം ഏരിയാ കമ്മറ്റി അംഗം തുടിശ്ശേരി കാര്‍ത്തികേയനെ അഭിവാദ്യം ചെയ്യാന്‍ ‘അമ്മായി’ എന്ന് നാട്ടുകാര്‍ വിളിക്കുന്ന 76 കാരി പാത്തുമ്മയെത്തിയത് പ്രവര്‍ത്തകരില്‍ ആവേശമായി.

ഈ വയസ്സിലും അമ്മായി കാര്‍ത്തികേയന്‍ നിരാഹാരമിരിക്കുന്നത് അറിഞ്ഞ് വ്യാകുലതയോടെ സമരപന്തലില്‍ എത്തിയതിന് പിന്നില്‍ ഇരുവരും തമ്മിലുള്ള ഒരു ആത്മബന്ധത്തിന്റെ കഥയുണ്ട്. വിവരം തിരക്കിയ മലബാറി ന്യൂസിനോട് അമ്മായി ആ കഥ പറഞ്ഞു.

sameeksha-malabarinews

ലെപ്രസി രോഗിയായിരുന്ന ഭര്‍ത്താവ് മരിച്ചതോടെ ഒറ്റപ്പെട്ടു പോയ പാത്തുമ്മ പിന്നീട് താമസിച്ചിരുന്നത് പരപ്പനങ്ങാടി കെട്ടുങ്ങലുള്ള ലെപ്രസി കേളനിയിലെ ഇവര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച അഞ്ച് സെന്റ് ഭൂമിയില്‍ കുടില്‍ കെട്ടിയായിരുന്നു. പ്രായാധിക്യം മൂലം ജോലി ചെയ്യാനാകത്തിനാല്‍ മമ്പുറവും, പുത്തന്‍ പള്ളിയും പോലുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പോയി കിട്ടുന്ന സഹായം കൊണ്ടാണ് ഇവര്‍ ജീവിച്ച് പോന്നിരുന്നത്. 14 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരം ഒരു യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഇവര്‍ കണ്ടത് തന്റെ 5 സെന്റ് സ്ഥലവും വീടും കോളനിയിലെ ഒരു ചട്ടമ്പി കയ്യേറിയ കാഴ്ചയാണ്. ഇത് ചോദ്യം ചെയ്ത അമ്മായിയെ ചട്ടമ്പിയും സംഘവും ആട്ടി പായിപ്പിക്കുകയായിരുന്നു. സങ്കടത്തോടെ വിലപിച്ച അമ്മായിയോട് ആരോ പറഞ്ഞു നിങ്ങള് ഡിവൈഎഫ് ഐ യുടെ കാര്‍ത്തികേയനെ പോയി കാണൂ എന്ന്. കാര്‍ത്തികേയനെ കണ്ട അമ്മായി തന്റെ ദുരിത കഥ പറയുകയായിരുന്നു. ഇതോടെ അമ്മായിയേയും കൂട്ടി കാര്യമനേ്വഷിക്കാന്‍ പുറപ്പെട്ട ഇവരും നാട്ടുകാരും ചേര്‍ന്ന് ഈ സംഘത്തെ തുരത്തുകയും അമ്മായിയെ അവിടെ താമസിപ്പിക്കുകയുമായിരുന്നു. ആ ദിവസങ്ങളില്‍ ചുട്ടുപൊള്ളുന്ന വെയിലത്ത് തന്റെ തട്ടം കൊടിയാക്കി പരപ്പനങ്ങാടി കടപ്പുറത്തുകൂടി അമ്മായി നടത്തിയ ഒറ്റയാള്‍ പ്രതിഷേധ പ്രകടനം ഏറെ ചര്‍ച്ചയായിരുന്നു. ശിഷ്ടകാലം തെരുവോരത്ത് കിടക്കേണ്ടിവരുമായിരുന്ന തനിക്ക് തന്റെ ഒരു പിടി മണ്ണും മേല്‍ക്കൂരയും തിരിച്ചേല്‍പിച്ച ‘കാര്‍തേ്യയന്‍ സഖാവിനെ’ പിന്നീടൊരിക്കലും അമ്മായി മറന്നില്ല. തെരുവോരത്ത് കാര്‍ത്തികേയന്‍ പ്രസംഗിക്കുന്നത് കണ്ടാല്‍ മുന്‍ നിരയിലിരിക്കാനും മടി കാണിക്കാത്ത അമ്മായിക്ക് കാര്‍ത്തികേയനെ പോലീസ് സ്റ്റേഷനില്‍ കണ്ടാല്‍ മാത്രം ഭയമാണ്.. പിന്നീട് തന്റെ സഖാവ് പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങുന്നത് വരെ പുറത്ത് വേവലാതിയോടെ അമ്മായി കാത്ത് നില്‍ക്കും. ഈ വേവലാതി ഉള്ളിലടക്കിയാണ് ആരോ കാര്‍ത്തികേയന്‍ നിരാഹാരമിരിക്കുന്നു എന്ന് പറഞ്ഞ് കേട്ട് അമ്മായി സമരപന്തലിലെത്തിയത്. എന്നാല്‍ ഇവിടെയെത്തിയപ്പോള്‍ ആളും ആരവവും, മുദ്രാവാക്യം വിളികളും അമ്മായിയെയും ആവേശഭരിതയാക്കി. തന്റെ ‘കാര്‍ത്തിയേ്യനും’ പാര്‍ട്ടിക്കും അഭിവാദ്യമര്‍പ്പിച്ച് മണിക്കൂറുകളോളം സമരപന്തലില്‍ ചിലവഴിച്ചാണ് ഇവര്‍ മടങ്ങിയത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!