Section

malabari-logo-mobile

“പ്രണയപുസ്തകം… അവസാന അധ്യായം….?”

HIGHLIGHTS : 'എല്ലാരും ഓടിക്കോളീ...ആകാശം പൊട്ടിവീഴാമ്പോവാണ്... നായന്മാരും മാപ്പളാരും എന്തായാലും ഓടിക്കോളീ.. ഓലെ മേലെക്കാണ് ആദ്യം വീഴാ... ന്നിട്ട് ബാക്കിണ്ടെങ്കി...

‘എല്ലാരും ഓടിക്കോളീ…ആകാശം പൊട്ടിവീഴാമ്പോവാണ്… നായന്മാരും മാപ്പളാരും എന്തായാലും ഓടിക്കോളീ.. ഓലെ മേലെക്കാണ് ആദ്യം വീഴാ… ന്നിട്ട് ബാക്കിണ്ടെങ്കിലേ വേറെ ള്ളോലെ മേല്ക്കാവൂ…’ ഉപ്പുമാവ് കഴിച്ച് കഴിഞ്ഞ് സ്ലേറ്റില്‍ പൂക്കളും മരങ്ങളും വരച്ചിരിക്കുമ്പോഴാണ് ഈ ഒച്ചയും ബഹളവും.. അങ്ങനൊരുത്തന്‍ ഓടിപ്പാഞ്ഞ് നിര്‍ത്താതെ പറയണ കേട്ടപ്പോള്‍ കരച്ചിലും ഓട്ടവും ….അതിന്റെ ടേല് ചിലര് മാത്രം ‘ പിന്നേ ഓന്റടുത്തല്ലേ പടച്ചോന്റെ കിത്താബ്…. ആകാശം വീഴല്ലേ… ഹും’ എന്നും പറഞ്ഞ് ധൈര്യത്തോടെയിരുന്നു.. കൂട്ടുകാരൊക്കെ ഓടുമ്പോ വല്ലാത്തൊരു ആശയക്കുഴപ്പത്തിലായി ഞാന്‍… ഷൈനിയും ലിജിയും ആവര്‍ത്തിച്ചു പറഞ്ഞു.. ഓടിക്കോന്ന്.. ഓടാന്‍ തയ്യാറാവു മ്പോഴും എങ്ങട്ട് എന്ന ചോദ്യം അവശേഷിച്ചു.. അപ്പഴാണ് ‘ അവന്‍ പറഞ്ഞത്.. ഇയ്യ് ഓടണ്ട… ന്നെ കല്യാണം കഴിക്കാന്ന് പ്രാര്‍ഥിച്ചാളാ.. അപ്പ ഞങ്ങളെ ആളാവും.. അപ്പ അനക്ക് പേടിക്കണ്ട ന്ന്…’ പിന്നേ അന്നെപ്പോലത്തെ ബബബബബബനെ കെട്ടണീക്കാളും നല്ലത് ആകാശം പൊളിഞ്ഞട്ടി ചാവാണ്…’ എന്നും പറഞ്ഞ് എന്റെ ബോഡി ഗാര്‍ഡ് ആമിന അവനെയൊരു ന്തു കൊടുത്തു…. ‘ഡീ പൊട്ടത്യേ ഓന് അന്നെ കെട്ടാന്‍ ള്ള വെളവാണ്…. നൊണ പറയാണ് ചെക്കന്‍.. ങ്ങട്ട് വാ… മ്മക്ക് കുഞ്ഞമ്മ ടീച്ചറോട് ചോദിക്കാം’ എന്റെ കയ്യും പിടിച്ച് ആമിന ഒറ്റ ഓട്ടമായിരുന്നു… സംശയം തീര്‍ത്തെന്ന് മാത്രമല്ല എല്ലാ കുട്ട്യാളേം പേടിപ്പിച്ചതിന് അവന് ടീച്ചര്‍ അപ്പവടി കൊണ്ട് രണ്ട ടീം കൊടുത്തു… കണ്ണീര് തുടച്ചു കൊണ്ട് അവനെന്നോട് തെറ്റീന്ന് കാണിച്ചു……..(പ്രണയ പുസ്തകത്തിന്റെ ആമുഖമാണിത് കേട്ടോ)… അധ്യായങ്ങള്‍ അങ്ങനെ പല പ്രായത്തിലൂടെ കടന്നു പോകുന്നു.. ഒരു നോവല്‍ എഴുതി പിടിപ്പിക്കാനുള്ള മടി കൊണ്ടും അതിനുള്ള സന്ദര്‍ഭമല്ല ഇതെന്ന ബോധ്യമുള്ളതു കൊണ്ടും അധ്യായങ്ങളൊന്നും തുറക്കുന്നില്ല… അവസാന അധ്യായം മാത്രം… പതുക്കെ മുഴുവനായു മല്ലാതെ ആര്‍ക്കും വലിയ പരിക്കില്ലാതെ ഞാനൊന്നു പറയാം….

കണ്ണാടിയുടെ മുന്നില്‍ ചാഞ്ഞും ചരിഞ്ഞും നിന്ന് വീണ്ടും വീണ്ടും നോക്കി… എന്തായിരിക്കും അങ്ങനെ പറയാന്‍ കാരണം??വിടര്‍ത്തിയിട്ട മുടിയിഴകളും പൊട്ടും ചന്ദനക്കുറിയുമൊക്കെ പതിവുള്ളതു തന്നെ… ഇന്നത്തെ സാരിയുടെ ഭംഗി കൂടി ആവുമ്പോള്‍…. ന്നാലും….’ഒന്നു തൊഴുതോട്ടേ ദേവീ..’ ഒട്ടും പ്രതീക്ഷിക്കാതെ അങ്ങനെയൊരു ചോദ്യവു മായി മുന്നില്‍ വന്നു നിന്നപ്പോള്‍… ഒന്നു ഞെട്ടി… അതിലുപരി ചമ്മിപ്പോയെന്നതാണ് സത്യം… (കുറച്ചധികമായോ ഇന്ന്… മനസിലൊരു നാണക്കേട്) എന്നാലും പെട്ടെന്ന് തന്നെ മനസാന്നിധ്യം വീണ്ടെടുത്തു… ‘ കാര്യസാധ്യത്തിന് വല്ലതുമാണെങ്കില്‍ കാണിക്ക വെച്ച് തൊഴണം…. ‘എന്നും പറഞ്ഞ് ചിരിച്ചു കൊണ്ട് നടന്നു… ക്ലാസിനിടയിലും പല തവണ ആ ചോദ്യം അലട്ടി… വൈകുന്നേരം വീട്ടിലെത്തി കണ്ണാടിക്ക് മുന്നില്‍ നിന്ന് ചാഞ്ഞും ചരിഞ്ഞും….. ആറാം തമ്പുരാനിലെ ലാലേട്ടന്‍ പറഞ്ഞ പോലെ ‘അങ്ങനെ പറയണമെങ്കില്‍ കണ്ണു പൊട്ടനായിരിക്കണം… വെള്ളരിക്കണ്ടത്തിലെ…. നെല്ലും പതിരും തിരിച്ചറിയാത്തൊരു മനസുമായാണ് അന്നുറങ്ങാന്‍ കിടന്നത്…. കൂട്ടുകാരികളൊത്ത് സംസാരിച്ചിരിക്കുമ്പോഴായിരുന്നു അടുത്ത വരവ്.. ‘ഒരു കാര്യം പറയട്ടെ… ഒന്നു വരൂ ‘…….’ കാര്യമല്ല ഒരു സംശയമാണ്… ശരിക്കും മനുഷ്യന്റെ സ്വപ്നങ്ങള്‍ എന്താണ്… ഒരു സൈക്കോളജിക്കല്‍ ഉത്തരമാണ് ആവശ്യം.’: സ്വപ്നങ്ങള്‍ മനസിന്റെ പൂര്‍ത്തീകരിക്കാത്ത തോ പൂര്‍ത്തീകരിക്കാന്‍ കൊതിക്കുന്നതോ ആയ ആഗ്രഹങ്ങളാണ് ‘ഞാന്‍ എന്റെ അറിവ് വിളമ്പി…… ‘ഫ്രോയിഡ് പറഞ്ഞതാണോ?’ അതൊന്നും എനിക്കറീല്യ… എവിടെയോ വായിച്ചിട്ടുണ്ട്… അല്‍പം ദേഷ്യത്തോടെ ഇത് ചോദിക്കാനാ വിളിച്ചത് എന്ന് ചോദിച്ചു മടങ്ങാന്‍ തുടങ്ങിയ എന്നെ ,’അല്ല മുഴുവന്‍ പറയട്ടെ …. ഞാനിന്നലെ നിന്നെ സ്വപ്നം കണ്ടു… എവിടെയാ സ്ഥലം അറിയില്ല… പക്ഷെ ഞാന്‍ നിന്റെ മടിയില്‍ കിടന്ന് നിന്റെ കണ്ണുകളിലേക്ക് നോക്കി I Love you പറയുന്നു.’ … വലിയൊരു തമാശ കേട്ടതു പോലെ ഞാന്‍ ചിരിച്ചു.. പിന്നേയും അവന്‍ പറഞ്ഞു… തെറ്റിദ്ധരിക്കരുത് ട്ടോ.. സത്യമായും ഞാനൊരിക്കല്‍ പോലും എന്റെ ഉണര്‍ വില്‍ അങ്ങനെ ചിന്തിച്ചിട്ടില്ല’…. ഞാനവനെ ആശ്വസിപ്പിച്ചു… ഒരു സ്വപ്നമല്ലേ.. എന്തെല്ലാം സ്വപ്നങ്ങള്‍ നമ്മള്‍ കാണുന്നു… സ്ഥിരമായി എന്റെ മരണം സ്വപ്നം കാണുന്ന ഒരു ചങ്ങാതി ഉണ്ടായിരുന്നു.. അതിനര്‍ഥം ആ ചങ്ങാതി അതാ ഗ്രഹിക്കുന്നു എന്നല്ലല്ലോ.. നമുക്കതിന്റെ കാര്യകാരണങ്ങളിലേക്ക് കടക്കണ്ട.. ആ സംസാരം അവിടെ അവസാനിച്ചെങ്കിലും പിന്നീട് സ്വപ്നം’ എന്ന വാക്ക് ഒരു തമാശയായി ഞങ്ങളുടെ സൗഹൃദത്തില്‍ കടന്നു വരികയും അതോര്‍ത്ത് ഒരു പുഞ്ചിരി ചുണ്ടില്‍ വിടരുകയും ചെയ്തു.
ഇന്നിപ്പോ ഡിസംബര്‍ 12…. അവന്റെ വീട്ടിലെ വിശേഷ ദിനം. ഇന്നെന്തായാലും വരുന്നുണ്ടാവില്ല… പക്ഷെ ഉച്ചയോടെ കയ്യില്‍ ലഡുവുമായി വന്ന് എന്നെ ഞെട്ടിച്ച് കൊണ്ട് ഒരൊറ്റ പറച്ചില്‍ ‘I Love you”.. പറഞ്ഞതെന്തെന്ന് മനസിലാവുന്നതിനും മുന്‍പ് ലഡു തന്നതു കൊണ്ട് ഞാന്‍ Thank you പറഞ്ഞു… ‘ ഞാന്‍ പറഞ്ഞതിനോ ലഡുവിനോ??’ അപ്പോഴാണ് ഞാനും ചിന്തിച്ചത്.. ചമ്മി നില്‍ക്കുന്ന എന്നെ തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ നടന്നകന്നു….. ‘ഒരാളൊരു കാര്യം ചോദിച്ചാല്‍ അതിനുത്തരം തരണ്ടേ?’ ‘അതിന് നീയെന്തു ചോദിച്ചു? എപ്പോള്‍ ചോദിച്ചു???’ ഒന്നുമില്ലേ, ഇല്ലെങ്കില്‍ വിട്ടേക്കൂ.. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പലതവണ ഔപചാരിക സംഭാഷണങ്ങള്‍ക്കിടയില്‍ ഈ ചോദ്യോത്തര പംക്തി തുടര്‍ന്നു.. പതിയെ പതിയെ ഞങ്ങളൊരുമിച്ചൊരു ഉത്തരത്തിലേക്ക് നീങ്ങായിരുന്നു… ഒന്നിച്ചാവുമ്പോള്‍ സൂര്യനു താഴെ എന്തിനെ ക്കുറിച്ചും വാചാലമാകുമെങ്കിലും വ്യക്തിപരമായ ഒന്നും പരസ്പരം പറഞ്ഞില്ല… പലപ്പോഴും സംസാരിച്ച് സംസാരിച്ച് ഒരു മൗനം വന്ന് പൊതിയും.. എന്തോ ചോദിക്കാനും പറയാനുമുണ്ടെന്നൊരു തോന്നല്‍ വന്ന് നിറയും.. വെറുതെ കണ്ണുകളിലേക്ക് നോക്കിയിരിക്കും… പറയാതെ അറിയുകയായിരുന്നു പ്രണയമെന്ന ലഹരിയിലാണ് ഞങ്ങളെന്ന്.. സംസാരങ്ങള്‍ക്കിടയിലെ ദൈര്‍ഘ്യം കുറഞ്ഞു… കണ്ണുകള്‍ പരസ്പരം തേടി.. കാണാതാവുമ്പോള്‍ അസ്വസ്ഥത… കാണുമ്പോഴുള്ള ആശ്വാസം.. വാചാലമാവുന മൗനങ്ങളായിരുന്നു ഏറ്റവും മധുരം… സംസാരങ്ങള്‍ പ്രണയമൊഴികളായിരുന്നില്ല.. പുസ്തകങ്ങള്‍… കഥാപാത്രങ്ങള്‍.. ആനുകാലിക സംഭവങ്ങള്‍….. മതം….. വിശ്വാസം എന്നിങ്ങനെ വിഷയങ്ങള്‍ക്കൊരു കുറവുമില്ലായിരുന്നു.
നിലാവുള്ള രാത്രികളില്‍ ആകാശം നോക്കിയിരിക്കെ ദൂരെ ആകാശത്തിന് കീഴെ അവനുമിരിക്കുന്നുണ്ട് എന്നയറിവ്… ഒരേ സമയം ഒരേ പുസ്തകം വായിക്കുമ്പോ ചില വരികളില്‍ നിന്നു പോവുകയും അപ്പോ സംസാരിക്കണമെന്നും കാണണമെന്നുമുള്ള തോന്നല്‍… ഞങ്ങള്‍ പ്രണയത്തെ അടയാളപ്പെടുത്തിയ തങ്ങനെയൊക്കെയായിരുന്നു…. ഇത്രയായിട്ടും നീയെന്നെ സ്‌നേഹിക്കുന്നു എന്ന് ഇതുവരെ പറഞ്ഞില്ലല്ലോ….. ഇടയ്ക്ക് അവന്‍ കുറുമ്പുകാട്ടും.. ‘സമയമായില്ല പോലും’ ഞാന്‍ ചിരിക്കും…

sameeksha-malabarinews

സമയം നാലു മണി കഴിഞ്ഞതേയുള്ളൂ.. പക്ഷെ കുരിശുമലയെ ഇരുള്‍ മൂടാന്‍ തുടങ്ങിയിരുന്നു… പതിനഞ്ചോളം വരുന്ന ഞങ്ങളുടെ സംഘത്തെ താഴെ ചെറിയ കട നടത്തുന്ന ചേട്ടന്‍ നിരുത്സാഹപ്പെടുത്തി..’മഴക്കോളുണ്ട്.. ഇടിയും കാറ്റും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു.. ചിലപ്പോ പുകമഞ്ഞു മൂടും.’…. പക്ഷെ എന്തുവന്നാലും കയറുക തന്നെയെന്ന് ഞങ്ങള്‍ തീരുമാനിച്ചു… ഞങ്ങള്‍ ചെറിയ കൂട്ടങ്ങളായങ്ങനെ പതുക്കെ കയറാന്‍ തുടങ്ങി.. ഞങ്ങള്‍ നാലുപേര് ഒരു മിച്ച്.. പിന്നെ ബോധപൂര്‍വം ‘ഞങ്ങള്‍’ മാത്രമായി…. തൈലപ്പുല്‍ച്ചെടിത്തലപ്പുകള്‍ ഒടിച്ചെടുത്ത് മണത്തും ഇടയില്‍ കാണുന്ന കുരിശുകളില്‍ ഇടംവലം മുഖം ചേര്‍ത്തും ആ മഞ്ഞിന്റെ കുളിര്‍മയില്‍ ഞങ്ങള്‍ നടന്നു… ആയാസ മറിയാതെ.. പല ഭാഗങ്ങളില്‍ നിന്നായി കൂട്ടുകാര്‍ കൂവി.. ഞങ്ങളും.. പെട്ടെന്ന് മഞ്ഞ് പുക പോലെ വന്നു നിറയാന്‍ തുടങ്ങി… തൊട്ടടുത്ത് നില്‍ക്കുന്നത് പോലും കാണാത്ത വിധം… ഞങ്ങള്‍ കൈകള്‍ കോര്‍ത്തു……മുഖം കാണാതെ പരസ്പരം നോക്കി നിന്ന ആ നിമിഷത്തില്‍ ഞാനവനോട് പറഞ്ഞു.. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.. ഇത്രയും മനോഹരമായ നിമിഷം ഇനി നമ്മളൊരുമിച്ച് ഉണ്ടാവുമോ സംശയമാണ്.. ഉണ്ടാവില്ല എന്നു തന്നെ ഉറപ്പിക്കാം.. ആ ഉറപ്പോടുകൂടിത്തന്നെ ഞാന്‍ പറയാണ്. നിന്നോളം ഞാന്‍ മറ്റാരേയും സ്‌നേഹിച്ചിട്ടില്ല.. ഇനി സ്‌നേഹിക്കയുമില്ല……. പതിയെ അകലുന്ന പുകമഞ്ഞില്‍ ഞങ്ങള്‍ കണ്ടു… പരസ്പരം നിറഞ്ഞ കണ്ണുകള്‍.. കൂട്ടുകാര്‍ ഉറക്കെ എല്ലാരേം വിളിക്കുന്നുണ്ടായിരുന്നു… തിരിച്ചിറങ്ങുമ്പോള്‍ അത്തരമൊരു ഒളിച്ചുകളിയുടെ രസത്തിലായിരുന്നു എല്ലാവരും.. ഞാനും അവനും ഒഴിച്ച്…..പരസ്പരം അറിഞ്ഞെങ്കിലും ആ പുകമഞ്ഞ് പോലെ അകലേക്ക് തന്നെയാണ് ഞങ്ങളുടെ ഭാവി എന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു…. മടക്കത്തില്‍ ഒരുമിച്ച് മഴ നനഞ്ഞു… പരസ്പരം മഴത്തുള്ളികള്‍ തെറിപ്പിച്ചു…. രാവ് വെളുക്കുവോളം സംസാരിച്ചു….. ശരീര കാമനകള്‍ക്കപ്പുറം അതിദിവ്യമായ അനുഭൂതിയാണ് പ്രണയമെന്നും ഒന്നിച്ചു ജീവിക്കുക എന്നത് അതിന്റെ അന്ത്യമല്ലന്നും പരസ്പരം ആശ്വസിപ്പിച്ചു……… അകലെയെങ്കിലും അരികിലെന്ന പോലെ ആരവങ്ങളിലാതെ… ആശ്വാസവും വിശ്വാസവുമായി…. ദു:ഖങ്ങള്‍ പറഞ്ഞ് പകുതിയാക്കിയും സന്തോഷങ്ങള്‍ പങ്കുവെച്ച് ഇരട്ടിയാക്കിയും…. കാതങ്ങള്‍ക്കകലെ നിന്ന് കാതരമായ മിഴികളും മൊഴികളും മാത്രമായി…. അനാദിയായ പ്രണയം…..

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!