കൊല്ലം: ബോട്ട് മാര്‍ഗ്ഗം ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 11 ശ്രീലങ്കന്‍ പൗരന്‍മാര്‍ പൊലീസ് പിടിയില്‍. കൊല്ലം നഗരത്തിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ഇവരെ പൊലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്. ലോഡ്ജില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു.
ഓഗസ്റ്റ് മാസം 19-ന് ശ്രീലങ്കയില്‍ നിന്നും രണ്ട് പേര്‍ ചെന്നൈയില്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇവരെ കാണാതായി. ഇവരെ തേടി തമിഴ്‌നാട് ക്യൂബ്രാഞ്ച് തമിഴ്‌നാട്ടിലും അയല്‍സംസ്ഥാനങ്ങളിലും അന്വേഷണം ആരംഭിച്ചു. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഇതു സംബന്ധിച്ച വിവരം കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് 11 ശ്രീലങ്കന്‍ പൗരന്‍മാര്‍ അറസ്റ്റിലായത്.
പിടിയിലായവരില്‍ രണ്ട് പേര്‍ ചെന്നൈയിലെത്തി മുങ്ങിയവരാണ്. ആറ് പേര്‍ ട്രിച്ചിയിലെ ലങ്കന്‍ അഭയാര്‍ത്ഥി ക്യാപിലും മൂന്ന് പേര്‍ ചെന്നൈയിലെ അഭയാര്‍ത്ഥി ക്യാംപിലും കഴിയുന്നവരാണ്. ശ്രീലങ്കയിലുള്ള ലക്ഷ്മണ എന്നൊരാളാണ് ഇവരുടെ ഏജന്റ എന്നാണ് വിവരം. കേരളത്തിലെത്തി തന്റെ മറ്റൊരു ഏജന്റിനെ കാണാനായിരുന്നു ഇവര്‍ക്ക് കിട്ടിയ നിര്‍ദേശം.
പിടിയിലായവരുടെ ഫോണുകള്‍ കേന്ദ്രീകരിച്ച് സംഘത്തിലെ മറ്റുള്ളവരെ കൂടി പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.




