ചെന്നൈ : വിരുഗമ്പാക്കത്ത് സിനിമാ നിര്‍മാതാവിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ കണ്ടെത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സിനിമാ നിര്‍മാതാവും വ്യവസായിയുമായ ഭാസ്‌കരന്‍ (65) കൊല്ലപ്പെട്ട കേസില്‍ വിരുഗമ്പാക്കം സ്വദേശി ഗണേശനെ (50) ആണു പൊലീസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച പകലാണു കൈകാലുകള്‍ കെട്ടി വായില്‍ തുണി തിരുകി കറുത്ത കവറില്‍ പൊതിഞ്ഞ നിലയില്‍ ഭാസ്‌കരന്റെ മൃതദേഹം കണ്ടെത്തിയത്.
ഭാസ്‌കരന് സ്ത്രീകളെ എത്തിച്ചുനല്‍കിയിരുന്ന ഗണേശന്‍ എന്നയാളാണ് അറസ്റ്റിലായതെന്ന് വിരുഗമ്പാക്കം പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പെണ്‍കുട്ടികള്‍ വരാന്‍ വൈകിയതിനെച്ചൊല്ലി ഭാനികനും ഗണേശനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രകോപിതനായ ഗണേശന്‍ ഇരുമ്പുവടി കൊണ്ട് ഭാസ്‌കരന്റെ തലയില്‍ അടിച്ചു വീഴ്ത്തിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കറുത്ത കവറില്‍ പൊതിഞ്ഞ് കയര്‍ കൊണ്ട് കെട്ടി അര്‍ധരാത്രി റോഡില്‍ തള്ളുകയും ചെയ്തു.
പിറ്റേന്ന് ശുചീകരണ തൊഴിലാളികളാണു റോഡരികില്‍ മൃതദേഹം കണ്ടത്. സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാറും കണ്ടെത്തി. രാത്രിയായിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് മകന്‍ കാര്‍ത്തിക് പൊലീസില്‍ പരാതി നല്‍കിയിരുന്നു.




