Section

malabari-logo-mobile

മലയാളം ഉള്‍ക്കൊള്ളലിന്റെ ഭാഷയെന്ന് കവി വീരാന്‍കുട്ടി

HIGHLIGHTS : Poet Veerankutty called Malayalam the language of inclusivity

കോഴിക്കോട്: ഭരണഭാഷ മാധുര്യമുള്ളതാക്കി മാറ്റണമെന്ന് എഡിഎം സി മുഹമ്മദ് റഫീഖ്. കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഭരണഭാഷ വാരാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഫീസ് ഫയലുകളിലെ ഭാഷയെ പൂര്‍ണ്ണമായി മലയാളത്തില്‍ കൈകാര്യം ചെയ്യുന്നതോടൊപ്പം അതിനെ മാധുര്യവും ഇമ്പമുള്ളതാക്കിയും മാറ്റണം. മലയാളീകരിക്കാന്‍ പറ്റാത്ത ഭാഷകള്‍ ഫയലുകളില്‍ കടന്നുവരുമ്പോള്‍ അത് മലയാളത്തില്‍ എഴുതുമ്പോള്‍ തന്നെ അതിന് ഒരു ഭംഗി കൈവരും.

മലയാള ഭാഷയെ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന മലയാളികള്‍ മലയാളത്തെ കൈവിടാതെ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു. മലയാളം ഉള്‍ക്കൊള്ളലിന്റെ ഭാഷയാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിച്ച കവി വീരാന്‍കുട്ടി അഭിപ്രായപ്പെട്ടു. സംസ്‌കൃതം, തമിഴ്, പോര്‍ച്ചുഗല്‍, ഡച്ച്, അറബി, ഇംഗ്ലീഷ് തുടങ്ങി നിരവധി ഭാഷകളിലെ വാക്കുകളെ മലയാള ഭാഷ സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏത് ഭാഷയും ഉള്‍ക്കൊള്ളാനുള്ള ശേഷി മലയാളത്തിനുണ്ടെന്നും ഏത് ഭാഷയും മലയാളിക്ക് മാതൃഭാഷയായി തോന്നുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ എല്ലാ പ്രദേശങ്ങളും മാതൃഭാഷയെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മലയാളത്തിലും ഭാഷയുടെ വൈകാരിക ബന്ധം തിരിച്ച് കൊണ്ടുവരണമെന്നും ജനങ്ങളുടെ ഇടയില്‍ പ്രചാരത്തിലുള്ള വാക്കുകള്‍ ഉപയോഗിച്ച് ഭാഷയെ സമ്പന്നമാക്കാനുള്ള സംവിധാനങ്ങളുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. വീരാന്‍കുട്ടിക്കുള്ള ഉപഹാരം എഡിഎം സി മുഹമ്മദ് റഫീഖ് കൈമാറി. അസിസ്റ്റന്റ് കലക്ടര്‍ പ്രതീക് ജയിന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ പി പി ശാലിനി, ഹിമ, സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ പി മനോജന്‍, ജില്ലാ നിയമ ഓഫീസര്‍ കെ കെ സേവ്യര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം എന്നിവര്‍ സംസാരിച്ചു. ബാബു ചാണ്ടുള്ളി സ്വാഗതവും സി കെ ഗീത നന്ദിയും പറഞ്ഞു. ഭരണ ഭാഷാ വാരാചരണത്തിന്റെ ഭാഗമായി എഡിഎം സി മുഹമ്മദ് റഫീഖ് ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേട്ടെഴുത്ത്, പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!