Section

malabari-logo-mobile

മലപ്പുറത്ത് 1167 കിലോ പ്ലാസ്റ്റിക് പിടിച്ചെടുത്തു;വ്യാപക പരിശോധന തുടരുന്നു

HIGHLIGHTS : മലപ്പുറം: ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള സംഘം ജില്ല...

മലപ്പുറം: ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം കര്‍ശനമായി നടപ്പാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള സംഘം ജില്ലയില്‍ പരിശോധന ശക്തമാക്കി. ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലെ 6,064 വ്യാപാരസ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1167.40 കിലോ പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും 2,87,600 രൂപ പിഴ ഈടാക്കുകയും ചെയ്തു. ജില്ലാകലക്ടറുടെ കര്‍ശനമായ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പാക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് വന്നിട്ടും ഇതുവരെയും നിര്‍ദേശം നടപ്പാക്കാത്ത ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ ദേശീയ ഹരിത ട്രൈബ്യൂനല്‍ മോണിറ്ററിങ് സമിതി യോഗത്തില്‍ കലക്ടര്‍ വിമര്‍ശിച്ചിരുന്നു. ഉത്തരവ് നടപ്പിലാക്കി മാര്‍ച്ച് 20 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കലക്ടര്‍ ആവശ്യപ്പെട്ടിരുന്നു. അതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശ പ്രകാരം സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഒരേ സമയം പരിശോധന നടത്തിയത്. പരിശോധനയില്‍ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാനും അല്ലാത്ത പക്ഷം കനത്ത പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആദ്യ പരിശോധനയില്‍ 10,000 രൂപയാണ് ഈടാക്കിയത്. ഇനിയും നിയമലംഘനം തുടര്‍ന്നാല്‍ 25,000 രൂപ മുതല്‍ 50,000 രൂപവരെ പിഴ ഈടാക്കും.

sameeksha-malabarinews

ജനുവരി ഒന്നുമുതലാണ് സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നത്. നിയമം നടപ്പിലാക്കുന്നതിന് മുന്നോടിയായി നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ പട്ടിക നേരത്തെ തന്നെ പൊതുജനങ്ങള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്. ബോധവത്കരണം നടത്തിയിട്ടും നിയമം ലംഘിക്കുന്നതിനെ തുടര്‍ന്നാണ് ജില്ലയിലുടനീളം പരിശോധന ശക്തമാക്കിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!