Section

malabari-logo-mobile

കോവിഡ് 19: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം; യാത്രക്കാര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണം

HIGHLIGHTS : മലപ്പുറം: കോവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ...

മലപ്പുറം: കോവിഡ് 19 മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. യാത്രക്കാര്‍ക്കും വാഹന ഡ്രൈവര്‍ക്കും മാത്രമായിരിക്കും വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി. സ്വീകരിക്കാനോ യാത്രയാക്കാനോ കൂടുതല്‍ പേര്‍ വിമാനത്താവളത്തിനകത്തേക്കു പ്രവേശിക്കരുത്. സന്ദര്‍ശക ഗ്യാലറിയില്‍ വിമാനത്താവള അതോറിറ്റിയും സി.ഐ.എസ്.എഫും നിയന്ത്രണം ഏര്‍പ്പെടുത്തും. വിമാനത്താവളത്തിലേക്കുള്ള റോഡുകളില്‍ മൂന്നിടങ്ങളിലായി പോലീസ് സംഘവും നിരീക്ഷിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും.

രോഗബാധിത രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ എത്തുന്ന യാത്രക്കാര്‍ പരസ്പരം അകലം പാലിച്ച് സുരക്ഷ ഉറപ്പു വരുത്തണം. വൈറസ് ബാധിത പ്രദേശങ്ങളില്‍നിന്നെത്തുന്ന രോഗലക്ഷണങ്ങളില്ലാത്തവര്‍ യാത്രക്ക് പൊതുവാഹനങ്ങള്‍ ഉപയോഗിക്കരുത്. ടാക്സിയിലോ സ്വന്തം വാഹനങ്ങളിലോ യാത്ര ചെയ്യുന്നവര്‍ വഴിയിലിറങ്ങി ഭക്ഷണം കഴിക്കുകയോ പൊതു ജനങ്ങളുമായോ പൊതു സ്ഥലങ്ങളുമായോ സമ്പര്‍ക്കത്തിലേര്‍പ്പെടരുത്. 14 ദിവസം വീടുകളില്‍ സ്വയം നിരീക്ഷണം ഉറപ്പാക്കുകയും ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ ബന്ധപ്പെടുകയും വേണം. വിമാനത്താവളത്തില്‍ നിന്നു മടങ്ങുന്ന യാത്രക്കാരുടെ വിലാസവും ഫോണ്‍ നമ്പറുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ ടാക്സി ഡ്രൈവര്‍മാരുടെ കൈവശം സൂക്ഷിക്കണം.

sameeksha-malabarinews

കണ്ണൂരിലും തൃശൂരിലും വൈറസ്ബാധ സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. ബംഗളൂരുവില്‍ നിന്ന് റോഡ് മാര്‍ഗ്ഗം ജില്ലയിലെത്തുന്നവരും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യ വകുപ്പിന്റെ സഹായം തേടണം. ചൈന, സിംഗപ്പൂര്‍, മലേഷ്യ, തായ്ലന്റ്, ഹോംഗ്കോംഗ്, വിയറ്റനാം, ജപ്പാന്‍, സൗത്ത് കൊറിയ, ഫാന്‍സ്, ജര്‍മനി, യു.കെ, ഇറ്റലി, സ്പെയിന്‍, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്ലിലെ 0483 2737858 എന്ന നമ്പറിലും mcdmlpm@gmail.com എന്ന ഇമെയില്‍ വഴിയും സംശയ ദൂരീകരണം നടത്താം.

ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്നത് തടയാന്‍ നടത്തിപ്പുകാര്‍തന്നെ നിര്‍ദേശം നല്‍കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. മതപരമായ ചടങ്ങുകളിലും കൂടുതല്‍പേര്‍ ഒരുമിച്ചു കൂടുന്നത് സംഘാടകര്‍ നിയന്ത്രിക്കണം. കോവിഡ് 19 പ്രതിരോധ മുഖ്യ സമിതി യോഗത്തില്‍ ജില്ലാ പോലീസ് മേധാവി യു. അബ്ദുള്‍ കരീം, അസിസ്റ്റന്റ് കലക്ടര്‍ രാജീവ്കുമാര്‍ ചൗധരി, എ.ഡി.എം. എന്‍.എം. മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ. മുഹമ്മദ് ഇസ്മയില്‍, എന്‍.എച്ച്.എം. പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഐ.ആര്‍ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!