
കോഴിക്കോട്: ഭൂമി പ്ലോട്ട് തിരിച്ചു വില്‍ക്കുന്നവരുടെ നിയമപരവും ധാര്‍മികവുമായ ഉത്തരവാദിത്തമാണ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ) നിയമം പാലിക്കലെന്ന് കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) ചെയര്‍മാന്‍ പി എച്ച് കുര്യന്‍. കോഴിക്കോട് കെ-റെറ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി നയിക്കുകയായിരുന്നു അദ്ദേഹം.
റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ നിന്ന് പ്ലോട്ടുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ ഉറപ്പാക്കാനാണ് കെട്ടിടനിര്‍മാണ ചട്ടങ്ങളും റെറ നിയമവുമെല്ലാം നിലവിലുള്ളത്. ആ നിയമ സംവിധാനത്തിലേക്ക് വരുമ്പോള്‍ ബില്‍ഡര്‍മാരുടെ വിശ്വാസ്യത വര്‍ധിക്കുന്നതിനോടൊപ്പം അവരുടെ ബിസിനസും അഭിവൃദ്ധിപ്പെടുന്നു. റെറ വന്നതോടെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തര്‍ക്കപരിഹാരം കൂടുതല്‍ കാര്യക്ഷമമായി എന്നും കുര്യന്‍ നിരീക്ഷിച്ചു.
500 ചതുരശ്ര മീറ്ററിന് മുകളില്‍ വിസ്തൃതിയുള്ള ഭൂമി പ്ലോട്ടുകളാക്കി മുറിച്ചു വില്‍ക്കുന്നതിന് കെ-റെറ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. കെ-റെറയില്‍ രജിസ്റ്റര്‍ ചെയ്യാതെ ബില്‍ഡര്‍മാര്‍ പ്ലോട്ടുകള്‍ വില്‍ക്കുകയോ പരസ്യപ്പെടുത്തുകയോ ആളുകളെ വാങ്ങാന്‍ ക്ഷണിക്കുകയോ ചെയ്താല്‍ പ്രൊജക്റ്റ് തുകയുടെ 10 ശതമാനം വരെ പിഴ ഈടാക്കാവുന്നതും മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്നതുമായ കുറ്റമാണ്.
കേരളത്തില്‍ ഓഫീസ് സ്‌പേസുകള്‍, മാളുകള്‍, ടൗണ്‍ഷിപ്പുകള്‍ തുടങ്ങിയവയ്ക്കായി ഭൂമി പ്ലോട്ടുകളാക്കി വില്‍ക്കുകയോ വാടകയ്ക്ക് നല്‍കുകയോ ചെയ്യുന്ന കോമേഴ്സ്യല്‍ റിയല്‍ എസ്റ്റേറ്റ് തീരെയില്ലെന്ന് പി എച്ഛ് കുര്യന്‍ പറഞ്ഞു. കെ-റെറയില്‍ ഇതുവരെ 1100 ല്‍ കൂടുതല്‍ പ്രോജക്റ്റുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
റെറ നിയമത്തിലെ വിവിധ വകുപ്പുകളെക്കുറിച്ചും ചട്ടങ്ങള്‍ ലംഘിച്ചാലുള്ള പിഴകളെക്കുറിച്ചും കെ-റെറ മെമ്പര്‍ അഡ്വ പ്രീത പി മേനോന്‍ വിശദീകരിച്ചു. കെ-റെറ വെബ്സൈറ്റ് സുതാര്യതമായതിനാല്‍ തന്നെ എല്ലാ കാര്യങ്ങളും വിശദമായിത്തന്നെ പരിശോധിച്ച് ഇഷ്ടപ്പെട്ട പദ്ധതിയില്‍ നിന്ന് യൂണിറ്റുകള്‍ വാങ്ങാനുള്ള ബോധ്യം ഉപഭോക്താക്കള്‍ക്ക് ഇന്ന് ഉണ്ടെന്ന് കെ-റെറ മെമ്പര്‍ ഡോ. ബി സന്ധ്യ ചൂണ്ടിക്കാട്ടി.
ജില്ലയില്‍ നിന്നും അയല്‍ജില്ലകളില്‍ നിന്നുമുള്ള റിയല്‍ എസ്റ്റേറ്റ് പ്രൊമോട്ടര്‍മാര്‍, ഭൂവുടമകള്‍, അഭിഭാഷകര്‍, ഉപഭോക്താക്കള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. സെഷനു ശേഷം സദസിലുള്ളവരുടെ സംശയങ്ങള്‍ക്ക് അതോറിറ്റി ഉത്തരം നല്‍കി.
പരിപാടിയില്‍ കെ-റെറ സെക്രട്ടറി സി വിനോദ് കുമാര്‍, സഹസംഘാടകരായ ജെഎസ്ആര്‍ ഡീഡ്സ് ആന്‍ഡ് ഡോക്യുമെന്റ്‌സ് ഡയറക്ടര്‍ അഡ്വ. അബ്ദുള്‍ ജലീല്‍ ഓനാത്ത് എന്നിവരും സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




