വിദ്യാര്‍ത്ഥികളുടെ വ്യത്യസ്ത ശേഷികളെ പരിഗണിക്കുന്ന മൂല്യനിര്‍ണയ രീതി നിലവില്‍ വരും:മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം:കുട്ടികളുടെ സാമൂഹ്യ സാംസ്‌കാരിക വൈജ്ഞാനിക വൈകാരിക മേഖലകളിലെ സമഗ്ര വികാസം ലക്ഷ്യമിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ മൂല്യ നിര്‍ണയ പരിഷ്‌ക്കരണം നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ ഗുണമേന്മാ വിദ്യാഭ്യാസത്തിനായുള്ള മൂല്യനിര്‍ണ്ണയ പരിഷ്‌കരണം എന്ന വിഷയത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച വിദ്യാഭ്യാസ കോണ്‍ക്ലേവില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി ക്ലാസ്മുറിയില്‍ നടക്കുന്ന പഠനപ്രവര്‍ത്തനങ്ങള്‍ ഈ സാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ളതാകണം. പഠനപ്രക്രിയയുമായി ഇഴചേര്‍ന്ന് നില്‍ക്കുന്ന മൂല്യനിര്‍ണ്ണയവും ഇതേ ദിശയിലായിരിക്കും. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ നേതൃത്വത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരണം നടന്നുവരുന്ന പശ്ചാത്തലത്തില്‍ മൂല്യനിര്‍ണയത്തിന്റെ രീതിശാസ്ത്രവും കാലോചിതമായി മാറ്റുകയാണ്. സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ഇത്തരമൊരു കോണ്‍ക്ലേവ് ആദ്യമായിട്ടാണ് കേരളത്തില്‍ സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല ഒരു പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ പാതയിലൂടെ മുന്നോട്ട് പോവുകയാണ്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പാഠ്യപദ്ധതിയുടെ അഭിവാജ്യ ഘടകം എന്ന രീതിയില്‍ മൂല്യനിര്‍ണ്ണയ രീതിശാസ്ത്രവും സമഗ്രമായ പരിഷ്‌കരണത്തിന് വിധേയമാകേണ്ടതുണ്ട്. ഇങ്ങനെ ചെയ്യുമ്പോള്‍ നാം കഴിഞ്ഞ കാലത്തെ അനുഭവങ്ങള്‍ പഠിക്കുകയും തിരുത്തലുകള്‍ വരുത്തുകയും അത് ആധുനിക വിദ്യാഭ്യസ പ്രക്രിയയ്ക്ക് അനുസൃതമായി രൂപപ്പെടുത്തേണ്ടതുമുണ്ട്. 2005 മുതല്‍ നാം പിന്തുടര്‍ന്നു പോരുന്ന നിരന്തരവിലയിരുത്തല്‍ പ്രക്രിയയുടെ ശക്തിയും ദൗര്‍ബല്യങ്ങളും ആഴത്തില്‍ പരിശോധിക്കേണ്ടതുണ്ട്. ടേം പരീക്ഷകളുടെയും നിരന്തരവിലയിരുത്തലിന്റെയും രീതിശാസ്ത്രങ്ങള്‍ ചര്‍ച്ചചെയ്യുകയും വേണ്ട തിരുത്തലുകള്‍ നിര്‍ദ്ദേശിക്കുകയും വേണം.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. അതിനായി പ്രൈമറി തലത്തില്‍ സമഗ്രഗുണമേന്മാ പദ്ധതിയും പഠനപിന്തുണാ പരിപാടിയും നടപ്പിലാക്കി വരികയാണ്. ഈ ഘട്ടത്തില്‍ മൂല്യനിര്‍ണ്ണയ പ്രക്രിയയുടേയും പരിഷ്‌കരണം ആവശ്യമാണ്. സ്‌കൂള്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദേശീയ-അന്തര്‍ദേശീയ പഠനങ്ങളില്‍/സര്‍വ്വേകളില്‍ എന്നും മുന്നില്‍ നിന്ന സംസ്ഥാനം എന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം ചില പഠനങ്ങളില്‍ പിന്നോക്കം പോയത് ഗൗരവമായി വിലയിരുത്തേണ്ട ഒന്നാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രവേശനത്തിന് രാജ്യത്ത് എല്ലായിടത്തും ഇപ്പോള്‍ പ്രവേശന പരീക്ഷകള്‍ നടപ്പിലാക്കിയിരിക്കുകയാണ്. മെഡിക്കല്‍ പ്രവേശനത്തിന് നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്, എന്‍ജിനീയറിങ്ങ് വിഷയങ്ങള്‍ക്ക് ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍, കേന്ദ്രസര്‍വ്വകലാശാലകളിലെ പ്രവേശനത്തിന് കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്, ദേശീയ നിയമ സര്‍വ്വകലാശാലകളിലെ പ്രവേശനത്തിന് കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ്, ടീച്ചര്‍ എഡ്യുക്കേഷന്‍ പ്രോഗ്രാമുകളിലേക്ക് നാഷണല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ്, കേരളത്തിലെ എന്‍ജിനീയറിങ്ങ് പഠനത്തിന് കേരള എഞ്ചിനീയറിംഗ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് മെഡിക്കല്‍ കോഴ്‌സസ് എന്നിവ പ്രധാന പരീക്ഷകളാണ്. ഈ പരീക്ഷകള്‍ എഴുതി മികച്ച റാങ്ക് നേടുന്നവര്‍ക്കു മാത്രമേ ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടാന്‍ കഴിയൂ. പ്രവേശന പരീക്ഷകള്‍ ഒരു യാഥാര്‍ത്ഥ്യമായി കഴിഞ്ഞ സ്ഥിതിക്ക് നാം നമ്മുടെ കുട്ടികളെയും ഈ പരീക്ഷകളെ നേരിടാന്‍ സജ്ജമാക്കേണ്ടതുണ്ട്. അതിനായി പരീക്ഷാ ചോദ്യപേപ്പറുകളുടെ നിര്‍മ്മാണത്തിലും നവീകരണം ആവശ്യമാണ്.

ദേശീയ തലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷകളില്‍ സംസ്ഥാന സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ പ്രകടനം മെച്ചപ്പെടേണ്ടതുണ്ടെന്നതും മൂല്യനിര്‍ണ്ണയ പ്രക്രിയകളുടെ പരിഷ്‌കരണത്തിലേക്ക് നയിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്. ദേശീയ തലത്തില്‍ തന്നെ സംസ്ഥാന പരീക്ഷാബോര്‍ഡുകള്‍ വ്യത്യസ്ത രീതിശാസ്ത്രമാണ് പത്ത്/പന്ത്രണ്ട് ക്ലാസിലെ മൂല്യനിര്‍ണ്ണയത്തിന് ഉപയോഗിക്കുന്നത്. ‘ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ശേഷികളെ വളര്‍ത്താന്‍ (അനാലിസിസ്, ക്രിട്ടിക്കല്‍ തിങ്കിംഗ്, കണ്‍സ്‌പെറ്റല്‍ ക്ലാരിറ്റി, കമ്മ്യൂണിക്കേഷന്‍, ക്രിയേറ്റിവിറ്റി) എന്നിവയെ സഹായിക്കുന്നതാകുകയും പഠനബോധനപ്രക്രിയയെ നിരന്തരമായി പരിഷ്‌കരിക്കാന്‍ സഹായിക്കുന്നതുമാകണം.

നിലവില്‍ രണ്ടു തരത്തിലുള്ള വിലയിരുത്തല്‍ രീതികളാണ് നാം പിന്തുടരുന്നത്. പഠനപ്രക്രിയയോടൊപ്പം നടക്കേണ്ട നിരന്തരവിലയിരുത്തലും ഒരു നിശ്ചിതകാലയളവില്‍ പാഠ്യപദ്ധതി ലക്ഷ്യമിടുന്ന പഠനനേട്ടങ്ങള്‍ എത്രമാത്രം പഠിതാവ് കൈവരിച്ചു എന്നറിയാനുള്ള ടേം വിലയിരുത്തലുമാണവ. പ്രൈമറിതലം മുതല്‍ ഹയര്‍സെക്കന്‍ഡറിതലം വരെ ഇപ്പോള്‍ ഈ രീതിയാണ് പിന്തുടരുന്നത്. നിരന്തരവും സമഗ്രവുമായ വിലയിരുത്തല്‍ രീതിയാണ് നിലവില്‍ നാം സ്വീകരിച്ചിരിക്കുന്നത്. കുട്ടിയില്‍ അനുസ്യൂതമായി നടക്കുന്ന ഒരു പ്രക്രിയയാണ് പഠനം. അതുകൊണ്ടു തന്നെ ശേഷികളും ധാരണകളും എത്രത്തോളം നേടി എന്ന് പരിശോധിക്കുന്ന വിലയിരുത്തല്‍ പ്രക്രിയയും നിരന്തരമായിരിക്കണം. സമഗ്രമായ വിലയിരുത്തല്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത് കുട്ടിയുടെ വൈജ്ഞാനികവും സാമൂഹികവും വൈകാരികവുമായ മേഖലകളിലെ വിലയിരുത്തലാണ്.

നിലവിലെ ക്ലാസ്മുറിയില്‍ വിലയിരുത്തല്‍ പ്രക്രിയയുടെ തുടര്‍ച്ചയും സമഗ്രതയും ഉറപ്പാക്കുന്നതിന് വേണ്ടി പ്രധാനമായും വൈജ്ഞാനിക മേഖല, സാമൂഹിക വൈകാരിക മേഖല എന്നീ രണ്ട് മേഖലകളാണ് പരിഗണിക്കുന്നത്. ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പാഠ്യപദ്ധതി നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാന ശേഷികള്‍ ഓരോ ഘട്ടത്തിലും നേടുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതായുണ്ട്. ഈ ക്ലാസുകളിലെല്ലാം നിരന്തര മൂല്യനിര്‍ണ്ണയത്തിനായുള്ള മാതൃകകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഫലപ്രദമായി നടക്കുന്നുണ്ടോ എന്നതും ഉറപ്പുവരുത്തണം. ഓരോ പരീക്ഷ കഴിയുമ്പോഴും അടിസ്ഥാനശേഷികള്‍ നേടാത്ത കുട്ടികള്‍ക്കായുള്ള പഠനപിന്തുണാ പരിപാടിയും സ്‌കൂള്‍ എസ്.ആര്‍.ജി.യുടെ നേതൃത്വത്തില്‍ തയ്യാറാക്കി സ്‌കൂള്‍ തലങ്ങളില്‍ നടപ്പിലാക്കുകയാണെങ്കില്‍ മാത്രമേ നമുക്ക് ഗുണമേന്മാ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ കഴിയുകയുള്ളൂ. പാദവാര്‍ഷിക, അര്‍ദ്ധവാര്‍ഷിക, വാര്‍ഷിക പരീക്ഷകളുടെ തുടര്‍ച്ചയായി ഈ പഠനപിന്തുണാ പരിപാടികള്‍ സംഘടിപ്പിക്കണം.

മൂല്യനിര്‍ണ്ണയ പ്രക്രിയയുടെ ‘ഗുണനിലവാരമുള്ള മാതൃകകള്‍’ ഒന്നുകൊണ്ടു മാത്രം ഗുണമേന്മ വര്‍ദ്ധിപ്പിക്കാന്‍ കഴിയുകയില്ല. വിലയിരുത്തല്‍ ചട്ടക്കൂട് അധ്യാപകര്‍ മനസിലാക്കുകയും അതിനനുസരിച്ചുള്ള പഠനബോധനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും വേണം. വിലയിരുത്തല്‍ പ്രക്രിയ നവീകരിക്കുകയും പ്രതീക്ഷിത പഠനലക്ഷ്യങ്ങളിലേക്ക് എല്ലാ പഠിതാക്കളും എത്തുകയും ചെയ്യുമ്പോള്‍ മാത്രമേ നാം നടപ്പിലാക്കുന്ന വിലയിരുത്തല്‍ പ്രക്രിയ സുതാര്യവും സമഗ്രവും ആണെന്ന് പറയാന്‍ കഴിയൂ. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് നിലവില്‍ ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതും രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യ മുള്ളതുമായ രണ്ടുതരം പരീക്ഷകളാണ് ഉള്ളത്.

ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയുടെ ആകെ അമ്പത് മാര്‍ക്കില്‍ പത്ത് മാര്‍ക്ക് നിരന്തര മൂല്യനിര്‍ണ്ണയത്തിനും നാല്‍പത് മാര്‍ക്ക് എഴുത്തുപരീക്ഷയ്ക്കും രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയുടെ ആകെ നൂറ് മാര്‍ക്കില്‍ ഇരുപത് മാര്‍ക്ക് നിരന്തരമൂല്യനിര്‍ണ്ണയത്തിനും എണ്‍പത് മാര്‍ക്ക് എഴുത്ത് പരീക്ഷയ്ക്കും എന്ന രീതിയിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസത്തിനായി യോഗ്യത നേടുന്ന നമ്മുടെ കുട്ടികള്‍ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന അടിസ്ഥാന ശേഷികള്‍ നേടുന്നുണ്ടോ എന്ന സംശയം ഉയര്‍ന്നുവരുന്നതായും മന്ത്രി പറഞ്ഞു.

പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ റവന്യു, ഭവനനിര്‍മ്മാണവകുപ്പ് മന്ത്രി കെ. രാജന്‍ മുഖ്യ പ്രഭാഷണം നടത്തി പൊതുവിദ്യാഭ്യാസ സെക്രടറി റാണി ജോര്‍ജ് സ്വാഗതമാശംസിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് നന്ദി അറിയിച്ചു. എം എല്‍ എ മാരായ എ പ്രദീപ് കുമാര്‍, മുഹമ്മദ് മുഹ്സീന്‍, എം വിജിന്‍ എന്നിവര്‍ സംബന്ധിച്ചു.

 

Share news
error: Content is protected !!
Scroll to Top