Section

malabari-logo-mobile

പക്ഷപാത മാധ്യമ പ്രവര്‍ത്തനം കേരളത്തിലും ശക്തം: മുഖ്യമന്ത്രി

HIGHLIGHTS : Partisan media work is strong in Kerala too: CM

തിരുവനന്തപുരം:പക്ഷപാതിത്വത്തോടെ വാര്‍ത്തകള്‍ തയാറാക്കുന്ന മാധ്യമ പ്രവര്‍ത്തന രീതി കേരളത്തില്‍ ശക്തമായിരിക്കുന്നതായും നല്ല കാര്യങ്ങള്‍ മറച്ചുവയ്ക്കാനും അനാവശ്യ വിവാദങ്ങള്‍ പ്രോത്സാഹിപ്പിക്കാനും തയാറാകുന്ന രീതി വ്യാപകമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളം ഫോട്ടോഗ്രഫി പുരസ്‌കാരങ്ങളും സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യകരമായ സംവാദങ്ങള്‍ക്കു പകരം വിലകെട്ട വിവാദങ്ങളിലാണു പല മാധ്യമങ്ങള്‍ക്കും ഇപ്പോള്‍ താത്പര്യമെന്നു മുഖ്യമന്ത്രി പറഞ്ഞു. ശരികളെ അവഗണിച്ച് ഇല്ലാത്ത കുറ്റം കണ്ടുപിടിക്കലാണു മാധ്യമ ധര്‍മമെന്നാണ് ഇക്കൂട്ടര്‍ കരുതുന്നത്. ഇതു ഭൂഷണമാണോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചിന്തിക്കണം. സമൂഹത്തിലേക്കു സദാ കണ്ണും കാതും തുറന്നുവച്ച് ജനകീയ വിഷയങ്ങള്‍ ഏറ്റെടുക്കുന്ന നിലയിലേക്കു മാധ്യമങ്ങള്‍ മാറണം. മാധ്യമങ്ങളുടെ രാഷ്ട്രീയം മൂലധന രാഷ്ട്രീയമായി മാറിയിരിക്കുന്നു. ഉടമയുടെ മൂലധനതാത്പര്യത്തിന് ഊന്നല്‍ നല്‍കുമ്പോള്‍, വസ്തുത അന്വേഷിച്ചുപോകുന്ന മാധ്യമ പ്രവര്‍ത്തകര്‍ നിരാശരാകുകയും പുറത്താക്കപ്പെടുകയും ചെയ്യുന്നു. പത്രങ്ങള്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള ഇടമാണെന്നും അതിനിടയില്‍ ഫില്ലറായി ഉപയോഗിക്കാനുള്ളതാണു വാര്‍ത്തകളെന്നും പറയുന്ന എഡിറ്റര്‍മാരാണ് ഇന്നുള്ള ചിലര്‍. സ്വദേശാഭിമാനിയെപ്പോലെയും കേസരിയെപ്പോലെയുമുള്ള എഡിറ്റര്‍മാര്‍ക്ക് വംശനാശം സംഭവിക്കുകയും പത്ര ഉടമകള്‍തന്നെ പത്രാധിപന്മാരായി മാറുകയും ചെയ്യുന്ന രീതി ഉത്കൃഷ്ട മാധ്യമപ്രവര്‍ത്തനത്തിന് വിലങ്ങുതടിയാകുന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

sameeksha-malabarinews

ജനാധിപത്യ സമൂഹത്തില്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയില്‍ പാലമായി വര്‍ത്തിക്കുമ്പോഴും ജനങ്ങളുടെ നാവായിരിക്കാന്‍ മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. അത് എത്രകണ്ടു പ്രാവര്‍ത്തികമാകുന്നുവെന്നതു പരിശോധിക്കപ്പെടേണ്ടതുണ്ട്. ലോകത്തില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഏറ്റവുമധികം ഭീഷണി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു തയാറാക്കിയ 180 രാജ്യങ്ങളുടെ പട്ടികയില്‍ 140ാം സ്ഥാനത്താണ് ഇന്ത്യ. 2019നും 2020നും ഇടയില്‍ 154 മാധ്യമ പ്രവര്‍ത്തകര്‍ തൊഴിലുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടെന്നാണ് ഇതുസംബന്ധിച്ച കണക്കുകള്‍. ഇതില്‍ 40 ശതമാനവും നടന്നത് 2020ലാണ്. ഇതൊന്നും ഇന്ത്യയിലെ മാധ്യമങ്ങളെ കാര്യമായി അസ്വസ്ഥപ്പെടുത്തുന്നില്ലെന്നതു ഗൗരവമായ കാര്യമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഒരുകാലത്തു നിര്‍ഭയത്വത്തിന്റേയും ധീരതയുടേയും പ്രതീകമായിരുന്ന ഇന്ത്യന്‍ മാധ്യമങ്ങളില്‍ പലതും ഇന്ന് അധികാരത്തിന്റെ കുഴലൂത്തുകാരായി മാറിയിരിക്കുന്നു. അധികാരത്തിനു മുന്നില്‍ സമ്പൂര്‍ണ സമര്‍പ്പണമാണ് ഉദാത്ത മാധ്യമപ്രവര്‍ത്തനമെന്ന ചിന്ത ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തന രംഗത്തു പൊതുവേ രൂപപ്പെട്ടിട്ടുണ്ട്. കോവിഡ് കാലത്ത് ഇതു കൂടുതല്‍ പ്രകടമായി. എന്നാല്‍, കോവിഡ് പശ്ചാത്തലത്തില്‍ പുതുതായി ഉണ്ടായതല്ല ഇത്. കശ്മീരില്‍ ഇന്റര്‍നെറ്റ് നിഷേധിക്കുകയും മാധ്യമ പ്രവര്‍ത്തനത്തിന് കൂച്ചുവിലങ്ങിടപ്പെടുകയും ചെയ്തപ്പോള്‍ ഇന്ത്യയിലെ പ്രബല മാധ്യമങ്ങളില്‍ ഭൂരിപക്ഷവും നാവ് അനക്കിയില്ല. അതിനെതിരേ ശബ്ദിക്കാന്‍ തയാറായില്ല. പൗരത്വ നിയമം, നോട്ട് നിരോധനം, കര്‍ഷക നിയമ ഭേദഗതി തുടങ്ങിയ ഘട്ടങ്ങളിലെല്ലാം ഭരണകൂട വ്യാഖ്യാനങ്ങള്‍ക്കപ്പുറം പോകേണ്ട എന്ന നിലപാടാണ് പല മാധ്യമങ്ങളും സ്വീകരിച്ചത്. ഇവയെല്ലാം ജനങ്ങള്‍ക്കുവേണ്ടിയാണെന്ന തരത്തിലുള്ള അപഹാസ്യമായ വ്യാഖ്യാനങ്ങള്‍പോലും ചില മുഖ്യധാരാ മാധ്യമങ്ങള്‍ മുന്നോട്ടുവച്ചു. ജനാധിപത്യ സമൂഹത്തിലെ വാച്ച് ഡോഗ് ആകേണ്ട മാധ്യമങ്ങള്‍ അധികാരികളുടേയും കോര്‍പ്പറേറ്റുകളുടേയും ലാപ്‌ഡോഗ് ആയി അധഃപതിക്കുന്നതാണു കാണേണ്ടിവന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മാധ്യമ രംഗത്തു പൊതുവേയുണ്ടായിട്ടുള്ള വിശ്വാസക്കുറവ് സമൂഹ മാധ്യമങ്ങളെ ജനകീയമാക്കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങള്‍ മാധ്യമ രംഗത്തെ കീഴ്‌മേല്‍ മറിക്കുന്ന സ്ഥിതിയാണുള്ളത്. പല വാര്‍ത്തകളും ആദ്യം പ്രത്യക്ഷപ്പെടുന്നത് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമിലാണ്. അവയെ അവഗണിച്ച് ഒരു മാധ്യമ സ്ഥാപനത്തിനും മുന്നോട്ടു പോകാനാകാത്ത സ്ഥിതിയുമുണ്ട്. വ്യവസ്ഥാപിത മാധ്യമങ്ങള്‍ അവരുടെ മൂലധന താത്പര്യം സംരക്ഷിക്കുന്നതിനു നല്‍കുന്ന വാര്‍ത്തകള്‍ പോലും സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ഇഴകീറി പരിശോധിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഉത്തരവാദിത്തപൂര്‍ണമായ മാധ്യമ പ്രവര്‍ത്തനം നടത്തേണ്ടത് ഇന്ന് പരമ പ്രധാനമാണെന്നു മാധ്യമ പ്രവര്‍ത്തകര്‍ തിരിച്ചറിയണം. സമൂഹ മാധ്യമങ്ങളുടെ സാമൂഹിക വിരുദ്ധ മുഖത്തെ കാണാതെയല്ല ഇക്കാര്യങ്ങള്‍ പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2018ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം അന്തരിച്ച കേരള കൗമുദി പത്രാധിപര്‍ എം.എസ്. മണിക്കു വേണ്ടി അദ്ദേഹത്തിന്റെ പത്‌നി ഡോ. കസ്തൂരി ഭായിയും മകന്‍ സുകുമാരന്‍ മണിയും മുഖ്യമന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. 2019ലെ പുരസ്‌കാരം അന്തരിച്ച കാര്‍ട്ടൂണിസ്റ്റ് യേശുദാസനുവേണ്ടി അദ്ദേഹത്തിന്റെ മകന്‍ സുകു ദാസും ഏറ്റുവാങ്ങി. 2018, 2019 വര്‍ഷങ്ങളിലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും 2019ലെ സംസ്ഥാന ഫോട്ടോഗ്രഫി പുരസ്‌കാരങ്ങളും ചടങ്ങില്‍ മുഖ്യമന്ത്രി വിതരണം ചെയ്തു.

കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു. പുരസ്‌കാരദാന ചടങ്ങിനു ശേഷം ഷഹബാസ് അമന്‍ നയിച്ച ‘മധുരമായി നിന്നെ’ എന്ന സംഗീത പരിപാടിയും അരങ്ങേറി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!