Section

malabari-logo-mobile

ഒരു നോമ്പു കാലത്തിന്റെ ഓര്‍മ്മ

HIGHLIGHTS : പരപ്പനങ്ങാടി :റമസാനിലെ നോമ്പുതുറക്കും അത്താഴത്തിനും ഉപ്പുവെള്ളം മാത്രം കുടിച്ച് രണ്ടു ദിവസം നടുകടലില്‍ നോമ്പനുഷ്ഠിച്ച അനുഭവം ആലസ്സന്‍കുട്ടിക്കക്കും...

SAM_2741പരപ്പനങ്ങാടി :റമസാനിലെ നോമ്പുതുറക്കും അത്താഴത്തിനും ഉപ്പുവെള്ളം മാത്രം കുടിച്ച് രണ്ടു ദിവസം നടുകടലില്‍ നോമ്പനുഷ്ഠിച്ച അനുഭവം ആലസ്സന്‍കുട്ടിക്കക്കും, അഹമ്മദ് കുട്ടിക്കക്കും എഴുപത്തി അഞ്ച് വയസ്സ് പിന്നിട്ടിട്ടും മറക്കാന്‍ കഴിയുന്നില്ല.

നാലര പതിറ്റാണ്ട് മുമ്പ് പായതോണിയില്‍ തണ്ടും, ചുക്കാനും തുഴഞ്ഞ് മീന്‍ പിടിക്കാന്‍ പോയ കാലത്താണ് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഈ ദുരനുഭവം ഇരുവര്‍ക്കുമുണ്ടായത്.

sameeksha-malabarinews

പരപ്പനങ്ങാടി ചാപ്പപ്പടിയിലെ പഞ്ചാരന്റെ പുരക്കല്‍ അഹമ്മദ് കുട്ടി (75)യും, അരയന്റെ പുരക്കല്‍ ആലസ്സന്‍ കുട്ടി (76) യും മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കെയാണ് പെട്ടെന്നുണ്ടായ കാറ്റിലും കോളിലും തോണിയുടെ പായപൊട്ടിക്കീറിയത്. ഇതോടെ കാറ്റിന്റെ ഗതിക്കനുസരിച്ച് സഞ്ചരിച്ചിരുന്ന തോണിയും, തൊഴിലാളികളായ അഹമ്മദ്കുട്ടിയും, ആലസ്സന്‍കുട്ടിയും ദിക്കറിയാതെ നടുകടലില്‍ അകപ്പെട്ടു. നേരം ഇരുട്ടി വരികയാണ്. കടലില്‍ ഇരുട്ടു പരന്നിട്ടും തോണി പുറംകടലില്‍ തന്നെ.

നോമ്പുതുറസമയമാകുന്നതിന് മുമ്പ് കരക്കണയാമെന്ന പ്രതീക്ഷയിലാണ് ചാപ്പപടിയില്‍ നിന്ന് ഉച്ചക്ക് മുമ്പ് ഇരുവരും മല്‍സ്യബന്ധനത്തിനിറങ്ങിയത്. ഇന്നത്തെ പോലെ കടലില്‍ പോയി കാണാതാവുന്നവര്‍ക്കായി തിരച്ചില്‍ നടത്താന്‍ യന്ത്രവല്‍ക്കൃത വള്ളമോ, കോസ്റ്റ് ഗാര്‍ഡിന്റെ സ്പീഡ് ബോട്ടോ, നേവിയുടെ ഹെലികോപ്റ്ററോ ഇല്ലാത്ത കാലം. കടലില്‍ അകപ്പെട്ട വിവരം ബന്ധുക്കളെയോ, മാലോകരെയോ അറിയിക്കാന്‍ മൊബൈലില്‍ ഫോണ്‍സംവിധാനമോ ഇല്ല. മരണത്തെ മുമ്പില്‍ കണ്ട നിമിഷങ്ങളാണ് കഴിഞ്ഞു പോയതെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു.
നോമ്പുതുറക്കുന്ന സമയമായിട്ടും ഇരുവരും തിരിച്ചു വരാത്തതില്‍ വീട്ടുകാരും ആശങ്കയിലായിരുന്നു. എന്നാല്‍ തോണി താനൂരോ, ചാലിയത്തോ അണഞ്ഞിട്ടുണ്ടാവുമെന്ന് കരുതി സമാധാനിക്കുകയായിരുന്നു.SAM_2659

കൂരിരുട്ടില്‍ ദിശയറിയാതെ നടുകടലില്‍ പങ്കായം തുഴഞ്ഞ് അലക്ഷ്യമായി നീങ്ങിയ തോണി, അതിവേഗതയില്‍ ഓടിച്ചു പോയ ബോട്ടിന്റെ ശക്തമായ ഓളങ്ങളില്‍പ്പെട്ട് മറിഞ്ഞു. കടലില്‍ തെറിച്ചു വീണ ഇരുവരും നീന്തി കമഴ്ന്ന് തോണിയുടെ പുറത്ത് കയറി ഇരുപ്പുറപ്പിച്ചു. പങ്കായവും തണ്ടും കടലില്‍ ഒഴുകിപോയതിനാല്‍ നേരം പുലര്‍ന്നാല്‍ കര ലക്ഷ്യമാക്കി തുഴയാമെന്ന പ്രതീക്ഷയും അസ്തമിച്ചു. കടല്‍വെളളം കുടിച്ച് നോമ്പ് തുറന്നവര്‍,ബോട്ടിന്റെ പരാക്രമത്തില്‍ കടലില്‍ വീണപ്പോള്‍ വയര്‍ നിറയെ ഉപ്പുവെള്ളവും അകത്താക്കി. കടല്‍വെള്ളം കൊണ്ട് അംഗശുദ്ധിവരുത്തി നമസ്‌കാരങ്ങള്‍ തോണിപ്പുറത്തിരുന്നു നിര്‍വ്വഹിച്ചു. നേരം പുലരുന്നത് വരെ ഖുര്‍ആന്‍ പരായണവും ദിക്‌റും ദുആയുമായി കഴിച്ചുകൂട്ടി. അടുത്ത നോമ്പിനു നെയ്യത്ത് വെച്ചു.

നേരം പുലര്‍ന്നപ്പോള്‍ ഇരുവരും മലപ്പുറം ജില്ലയുടെ തീരത്തൊന്നും അണഞ്ഞിട്ടില്ലെന്ന് അനേ്വഷണത്തിലറിഞ്ഞതോടെ തോണിക്കാര്‍ കടലില്‍ തിരച്ചിലിനിറങ്ങി. ഫിഷറീസ് വകുപ്പും, റവന്യൂ അധികൃതരും ഉച്ചയോടെയാണ് അനേ്വഷണം വ്യാപിപ്പിച്ചത്. വൈകുന്നേരത്തോടെ പൊന്നാനി ഭാഗത്ത് നിന്ന് മല്‍സ്യബന്ധന ബോട്ടുകാരാണ് ഇവരെ കണ്ടെത്തി കരക്കെത്തിച്ചത്. അവശരായ ഇരുവര്‍ക്കും അന്ന പാനീയങ്ങള്‍ നല്‍കിയെങ്കിലും നോമ്പ് തുറക്കുന്ന സമയത്ത് മതിയെന്നു പറഞ്ഞ് തിരസ്‌കരിക്കുകയായിരുന്നു.

അവശതകള്‍ക്കിടയിലും നോമ്പിന്റെ കരുത്ത് അന്ന പാനീയം സൂര്യാസ്തമായ സമയം വരെ ഉപേക്ഷിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് ഇരുവരം സാക്ഷ്യപ്പെടുത്തുന്നു.

ഇന്ന് അത്യാധുനിക സൗകര്യങ്ങളാണ് മല്‍സ്യബന്ധന മേഖലയിലുള്ളത്. രണ്ടും മൂന്നും ആഴ്ചകള്‍ തന്നെ കടലില്‍ കഴിഞ്ഞു കൂടാനുള്ള സൗകര്യങ്ങളുണ്ട്. മുപ്പതും, നാല്‍പതും പേര്‍ക്ക് ഒന്നിച്ചു കയറാനും, ഭക്ഷണം പാകം ചെയ്യാനും, സംഘടിതമായി നമസ്‌കരിക്കാനും ഇന്ന് ഫൈബര്‍ വള്ളങ്ങളില്‍ സംവിധാനമുണ്ട്. വയര്‍ലെസ്സും, മൊബൈല്‍ ഫോണുകളും, കടലിനടിയിലെ മല്‍സ്യവിന്യാസം കാണാനുള്ള ഉപകരണങ്ങളുമുണ്ട്. അപകടത്തില്‍ പ്പെട്ടാല്‍ കരയില്‍ നിന്നും ആകാശത്തു നിന്നും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ക്ഷണനേരം കൊണ്ട് എത്തിക്കാനും സാധിക്കുന്ന സാഹചര്യമിന്നുണ്ട്.
പഴയപോലെ കായികാദ്ധ്വാനവും കുറവാണ്. പഴയകാലത്ത് വള്ളം കരയില്‍ കയറ്റാനും, കടലിലിറക്കാനും സാഹസികമായ അദ്ധ്വാനമായിരുന്നു. തണ്ട് വലിച്ച് ചണനൂല്‍ കൊണ്ടുള്ള വലകളുപയോഗിച്ച് മല്‍സ്യബന്ധനം നടത്തുക ഏറെ ശ്രമകരമായിരുന്നു. ക്ഷാമകാലത്ത് രാഗി പത്തിരിയും, കപ്പയും, ഗോതമ്പ് ഭക്ഷണവും കഴിച്ചാണ് റമസാനിലെ വ്രതമനുഷ്ഠിച്ച് മല്‍സ്യം പിടിക്കാന്‍ പോയിരുന്നത്. റേഷന്‍ ഷാപ്പുകളില്‍ നിന്ന് ലഭിച്ചിരുന്ന സാവൂന്‍ അരി എന്ന ഒട്ടുന്ന പശര്‍മയുള്ള അരികൊണ്ടുള്ള ചോറാണ് അത്താഴ ഭക്ഷണം.

ഇന്ന് സൗകര്യങ്ങളേറെ ഉണ്ടായിട്ടും പണ്ടുള്ളവരുടെ ആരോഗ്യവും കായികക്ഷമതയും ഇമാനിന്റെ കരുത്തും ഇന്നത്തെ യുവതലമുറക്കില്ല എന്നതാണ് തീരത്തിന്റെ ദുംഖം എന്നാണ് അഹമ്മദ് കുട്ടിയും, ആലസ്സന്‍ കുട്ടിയും അഭിപ്രായപ്പെടുന്നത്.

 

 

 

 

 

 

 

 

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!