Section

malabari-logo-mobile

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍

HIGHLIGHTS : Opposition parties to intensify protest against Citizenship Amendment Act

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. രാത്രി ഏറെ വൈകിയും വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധിച്ചു. കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും വിവിധ മുസ്ലിം ഗ്രൂപ്പുകളും പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ നിയമം നടപ്പാക്കിയത് വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചാണ് എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. ഇലക്ടറല്‍ ബോണ്ട് അടക്കമുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ കൂടിയാണ് ഇപ്പോള്‍ സിഎഎ നടപ്പാക്കിയത് എന്നും വിമര്‍ശിക്കുന്നു.

ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, ദില്ലി ജാമിയ മില്ലിഅ സര്‍വ്വകലാശാല എന്നിവിടിങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ ഗുവാഹത്തിയില്‍ സി എ എ നോട്ടിഫിക്കേഷന്‍ കത്തിച്ചു. പ്രതിപക്ഷ യുവജന സംഘടനകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രെയിന്‍ തടഞ്ഞു. അസമില്‍ പ്രതിഷേധിച്ച എഎപി സംസ്ഥാന അധ്യക്ഷന്‍ ബബന്‍ ചൗധരിക്ക് പരുക്കേറ്റു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കി. ദില്ലി ഷഹീന്‍ ബാഗില്‍ പൊലീസിന്റെ ഫ്‌ലാഗ് മാര്‍ച്ച് നടന്നു. പരിധിവിട്ടുള്ള പ്രതിഷേധങ്ങളോ ആഹ്‌ളാദപ്രകടനങ്ങളോ അനുവദിക്കില്ലെന്ന് ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രശ്‌നബാധിതമായ മേഖലകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശവുമുണ്ട്.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ വടക്ക് – കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടക്കം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് അസമില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

sameeksha-malabarinews

ഇന്നലെയാണ് പൗരത്വ നിയമ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നത്. നിയമ ഭേദഗതിയുടെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് മത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. പൗരത്വം നല്‍കുന്നവര്‍ക്ക് ഡിജിറ്റല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, പാഴ്‌സി, ജൈന, ബുദ്ധ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് നിയമം.

ഈ വിഭാഗത്തില്‍ പെട്ട അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിനുള്ള നിയമ തടസങ്ങള്‍ നീങ്ങുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം നേടാനും, വ്യാപര സ്വാതന്ത്ര്യത്തിനും, വസ്തുവകകള്‍ വാങ്ങാനും പൗരത്വം നേടുന്നവര്‍ക്ക് അവകാശമുണ്ടാകും. ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ളതല്ല നിയമമെന്ന വിശദീകരണവും ഇത് സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലുണ്ട്. ഇന്ത്യന്‍ വംശജര്‍, ഇന്ത്യന്‍ പൗരനെ വിവാഹം ചെയ്തവര്‍, ഇന്ത്യന്‍ പൗരന്റെ പ്രായപൂര്‍ത്തിയാകാത്ത മക്കള്‍, അച്ഛനമ്മമാരില്‍ ആരെങ്കിലും ഒരാള്‍ ഇന്ത്യന്‍ പൗരന്‍ ആയവര്‍ക്ക് എന്നിവര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം. അപേക്ഷകന്‍ നല്‍കുന്ന രേഖകള്‍ പരിശോധിക്കാന്‍ ജില്ലാ തലത്തില്‍ ഉദ്യോഗസ്ഥന്‍ ഉണ്ടാകും.
ചില സംസ്ഥാനങ്ങള്‍ എതിര്‍പ്പുയര്‍ത്തിയ പശ്ചാതലത്തില്‍ പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ കേന്ദ്രം സജ്ജമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!