ഓൺലൈൻ വ്യാപാര തട്ടിപ്പ് ; യുവതിയും യുവാവും പൊലീസ് പിടിയിൽ

കാളികാവ് : ഓൺലൈൻ വ്യാപാരത്തിന്റെ മറവിൽ തട്ടിപ്പ് നടത്തിയ യുവതിയെയും യുവാവിനെയും പൊലീസ് പിടികൂടി. കോഴിക്കോട് ചേളന്നൂർ പറമ്പിൽതൊടിയിൽ സോന (23), കോവൂർ പടിഞ്ഞാറൻകണ്ടി റമീസ് (41) എന്നിവരാണ് പിടിയിലായത്. പുങ്ങോട് സ്വദേശി ഹരിയുടെ പരാതിയിലാണ് നടപടി.

ഓൺലൈൻ വ്യാപാരത്തിന് നിക്ഷേപം സ്വീകരിച്ച് ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലുടെ പരസ്യം നൽകി നിക്ഷേപകരിൽ നിന്ന് പണം വാങ്ങും. ആദ്യമെല്ലാം ലാഭവിഹിതം കൃത്യമായി നൽകി വിശ്വാസ്യത നേടും. ഒടുവിൽ വൻ തുക നിക്ഷേപിക്കുന്നതോടെ പണം പിൻവലിക്കാൻ കഴിയാതെയാകും.

പരാതിക്കാരന് പലപ്പോഴായി 47 ലക്ഷം രൂപയാണ് നഷ്ടമായത്. പിടിലായവരുടെ ജോയിന്റ്റ് അക്കൗണ്ടിലൂടെ ലക്ഷങ്ങൾ ഇടപാട് നടന്നിട്ടുണ്ട്. അക്കൗണ്ടിൽനിന്ന് ഒമ്പത് ലക്ഷം രൂപ കണ്ടെത്തി. കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. ഇരുവരും സിനിമാ മേഖലയിൽ ജോലി ചെയ്യുന്നവരാണ്.

ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. റമീസ് കഴിഞ്ഞമാസം 11നും സോന തിങ്കളാഴ്ച‌യും പിടിയിലായി. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സിഐ കെ അനുദാസിൻ്റെ നേതൃത്വത്തിൽ എഎസ്ഐമാരായ അസ്‌ലം, സാബിറ, സിപിഒമാരായ നൗഫൽ, ഷിംന എന്നിവരാണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top