തെരുവുനായ ആക്രമണം: 5 ലക്ഷം നഷ്ടപരിഹാരം നൽകാൻ ശുപാർശ

മഞ്ചേരി : തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റവർക്ക് ആശ്വാസമായി ജില്ലയിൽ 5,03,533 രൂപയുടെ നഷ്ടപരിഹാരത്തിന് ഉത്തരവ്. ജില്ലാ സ്ട്രേ ഡോഗ് വിക്ടിം കോമ്പൻ സേഷൻ റെക്കമെന്റേഷൻ കമ്മിറ്റിയാണ് സർക്കാരിലേക്ക് ശുപാർശ ചെയ്തത്. 38 പരാതികളിൽ 25 എണ്ണത്തിലാണ് തീരുമാനം.

ഹൈക്കോടതിയുടെ 2024 ലെ പ്രത്യേക ഉത്തരവ് പ്രകാരമാണ് ജില്ലയിൽ തെരുവുനായ ആക്രമണം മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി മുൻപാകെ നിലവിലുണ്ടായിരുന്ന ജില്ലയിലെ 283 ഹരജികൾ തുടർ നടപടികൾക്കായി ജില്ലാ നിയമസേവന അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്.

മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിൽ അതോറിറ്റി സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജിയുമായ ഷാബിർ ഇബ്രാഹിം മുണ്ടേക്കാട്ട് അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി കെ ജയന്തി, തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ വി കെ മുരളി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സക്കറിയ്യ എന്നിവർ സംസാരിച്ചു.

തെരുവുനായ ആക്രമണങ്ങൾക്ക് ഇരയാകുന്ന പൊതുജനങ്ങൾക്ക് നഷ്ടപരിഹാരത്തിനായി മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താലൂക്ക് നിയമസേവന കമ്മിറ്റികളിലോ നേരിട്ട് ഹർജി നൽകാം.ഫോൺ: 9188127501.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top