
കോഴിക്കോട് : മത്സ്യത്തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യമായി സർക്കാർ വിതരണം ചെയ്യുന്നത് 18.94 കോടി രൂപയാണെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമുള്ള വിരമിക്കൽ ആനുകൂല്യ വിതരണ ചടങ്ങ് ബേപ്പൂർ ഫിഷറീസ് ടെക്നിക്കൽ ഹൈസ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് 67,440 പേർക്കാണ് വിരമിക്കൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത്. മത്സ്യമേഖലയിൽ തൊഴിലെടുക്കുന്നവരുടെ ക്ഷേമത്തിനായി 47 പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ടെന്നും ബേപ്പൂർ മണ്ഡലത്തിൽ നിരവധി പദ്ധതികൾ നടപ്പാക്കാനായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബേപ്പൂർ ഫിഷറീസ് ഓഫീസ് പരിധിയിലെ 426 ഗുണഭോക്താക്കൾക്ക് 19 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് ചടങ്ങിൽ വിതരണം ചെയ്തത്. തീരോന്നതി പദ്ധതിയിൽ ഉൾപ്പെടുത്തി ലഹരിവിരുദ്ധ ബോധവത്കരണവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
ചടങ്ങിൽ മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ അധ്യക്ഷനായി. കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ രാജീവ് മുഖ്യാതിഥിയായി. മത്സ്യ ബോർഡ് ജൂനിയർ എക്സിക്യൂട്ടീവ് ആദർശ് റിപ്പോർട്ട് അവതരിപ്പിച്ചു.
കോർപ്പറേഷൻ കൗൺസിലർമാരായ ഷിനു പിണ്ണാണത്ത്, നിമ്മി പ്രശാന്ത്, കൊല്ലരത്ത് സുരേശൻ, കെ പി തസ്ലീന, ഇ അനിത കുമാരി, സ്കൂൾ പ്രിൻസിപ്പൽ അരുൺ അലോഷ്യസ്, പ്രധാനാധ്യാപിക പി യമുന, കെ വി മുസ്തഫ, അസീസ് ചൊക്കിൻ്റെ, എ കരുണാകരൻ എന്നിവർ സംസാരിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് റീജിയണൽ എക്സിക്യൂട്ടീവ് അബ്ദുൽ മജീദ് പോത്തന്നൂരാൻ സ്വാഗതവും കോ ഓഡിനേറ്റർ ഷബ്ന നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




