ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് ; പേസര്‍ പ്രസീദ് കൃഷ്ണ, സൂര്യകുമാര്‍ യാദവ്, ക്രുണാള്‍ പാണ്ഡ്യ ടീമില്‍

മുംബൈ : ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മൂന്ന് പുതുമുഖങ്ങള്‍. പേസര്‍ പ്രസീദ് കൃഷ്ണ, ട്വന്റി -20 താരങ്ങളായ സൂര്യകുമാര്‍ യാദവ്, ക്രുണാള്‍ പാണ്ഡ്യ എന്നിവരാണുള്‍പ്പെട്ടത്. ടീമിനെ വിരാട് കോഹ്ലി നയിക്കും. 18 അംഗ ടീമാണ്.

ഓസ്ട്രേലിയന്‍ പര്യടനത്തിനുണ്ടായിരുന്ന സഞ്ജു സാംസണ്‍, നവ്ദീപ് സെയ്നി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മായങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ എന്നിവരെ പരിഗണിച്ചില്ല. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍. 23നാണ് ആദ്യ ഏകദിനം.

വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റില്‍ ഏഴ് കളിയില്‍ 14 വിക്കറ്റ് നേടിയാണ് പ്രസീദ് ദേശീയ ടീമിലേക്ക് എത്തിയത്. ഐപിഎലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നു പ്രസീദ്. സൂര്യകുമാറും വിജയ് ഹസാരെയില്‍ തകര്‍പ്പന്‍ കളിയാണ് പുറത്തെടുത്തത്. 332 റണ്ണാണ് ആകെ നേടിയത്. നാലാം ട്വന്റി–20യില്‍ അരസെഞ്ചുറി നേടിയിരുന്നു.

ഓള്‍ റൗണ്ടര്‍ ക്രുണാളും ട്വന്റി -20യില്‍ കളിച്ചിട്ടുണ്ട്. വിജയ് ഹസാരെയില്‍ തകര്‍പ്പന്‍ കളി പുറത്തെടുത്ത പൃഥ്വി ഷായും ദേവ്ദത്ത് പടിക്കലും പരിഗണിക്കപ്പെട്ടില്ല. പരിക്കുകാരണമാണ് ജഡേജ ഒഴിവാക്കപ്പെട്ടത്. ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു.

ടീം: വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത്, ലോകേഷ് രാഹുല്‍, യുശ്വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, ക്രുണാള്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ശര്‍ദുള്‍ താക്കൂര്‍.

Share news
error: Content is protected !!
Scroll to Top