Section

malabari-logo-mobile

നിപ പ്രതിരോധം: സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു; റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേര്‍ന്നു; പരിശോധനയ്ക്കായി ഐ.സി.എം.ആറിന്റെ മൊബൈല്‍ ലാബും

HIGHLIGHTS : Nipah Defense: State Control Room Launched; The Rapid Response Team met; ICMR's mobile lab for testing

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ സംസ്ഥാനതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നതോടൊപ്പം തന്നെ മറ്റു ജില്ലകളിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കുകയും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടുന്നതിനായി ഫോണ്‍ നമ്പറുകളും ലഭ്യമാക്കിയിട്ടുണ്ട്. ഇതുകൂടാതെയാണ് സംസ്ഥാനതല ഏകോപനത്തിനായി സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. 0471 2302160 നമ്പരില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെ വിളിക്കാവുന്നതാണ്. സംശയ നിവാരണത്തിന് ദിശ ടോള്‍ഫ്രീ നമ്പറുകളായ 1056, 104, 0471 2552056 എന്നിവയില്‍ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിലെ ഉന്നതതല യോഗം ചേര്‍ന്നു. ജില്ലകള്‍ക്ക് നിപ രോഗവുമായി ബന്ധപ്പെട്ട മാര്‍ഗരേഖകള്‍ നല്‍കുകയും പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാര്‍, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണം, വനം വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍, ഡ്രഗ്സ് കണ്‍ട്രോളര്‍, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍, സംസ്ഥാന പബ്ലിക് ഹെല്‍ത്ത് ലാബ്, ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഉദ്യോഗസ്ഥര്‍ അടങ്ങിയ റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗവും ചേര്‍ന്നു.

sameeksha-malabarinews

നിപ വൈറസ് സംശയിക്കുന്ന ആളുകളെ ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി എല്ലാ ജില്ലകളിലും പ്രത്യേകമായി ഒരു ആംബുലന്‍സ്, ഐസൊലേഷന്‍ വാര്‍ഡ്, ഇന്‍ഫ്ളുവന്‍സ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് പ്രത്യേക ട്രയാജ് എന്നിവ സജ്ജമാക്കുന്നതിനും, പി.പി.ഇ. കിറ്റ് ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ ഉറപ്പുവരുത്തുന്നതിനുമുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കനിവ് 108 ആംബുലന്‍സിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഇതോടൊപ്പം സംസ്ഥാന തലത്തിലും എല്ലാ ജില്ലകളിലും സര്‍വെയലന്‍സ് ആന്റ് ടെസ്റ്റിംഗ്, ലോജിസ്റ്റിക്സ്, പരിശീലനം, ബോധവല്‍ക്കരണം, മാനസിക പിന്തുണ എന്നിവയ്ക്കായി പ്രത്യേക ടീമുകള്‍ രൂപീകരിക്കും.

രോഗം സംശയിക്കുന്നവരുടെ സാമ്പിള്‍ പ്രാഥമിക പരിശോധനയ്ക്കായി കോഴിക്കോട് വൈറല്‍ റിസര്‍ച്ച് ആന്റ് ഡയഗ്നോസ്റ്റിക് ലാബിനോടൊപ്പം നാളെ ഉച്ചയോടെ ഐ.സി.എം.ആര്‍.ന്റെ മൊബൈല്‍ ലാബും പ്രവര്‍ത്തിക്കുന്നുമെന്ന് അറിയിച്ചിട്ടുണ്ട്.

നിപ രോഗവുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലെയും ജില്ലാ സര്‍വെയലന്‍സ് ഓഫീസര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, നഴ്സിങ് അസിസ്റ്റന്റ്മാര്‍ എന്നിവര്‍ക്കായുള്ള പരിശീലനം കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ നേതൃത്വത്തില്‍ നടന്നുവരുന്നു. ഇതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ സാമഗ്രികള്‍ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും വെബ്സൈറ്റുകളിലും ഫേസ്ബുക്ക് പേജുകളിലും ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!