ഈ ന്യൂജെന്‍ പയ്യന്‍ പരപ്പനങ്ങാടിയുടെ അഭിമാനം: ആശിച്ച് വാങ്ങിയ ബുളളറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കി

പരപ്പനങ്ങാടി: ഇത് നസീഫ്. ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ റാണ എന്ന് വിളിക്കും പരപ്പനങ്ങാടിയിലെ സാധാരണക്കാരനായ ഒരു ന്യൂജെന്‍ പയ്യന്‍ .. ഇന്ന് തന്റെ വ്യത്യസ്തമായ ദുരിതാശ്വാസ പ്രവര്‍ത്തിയിലൂടെ കേരളത്തിലെ മുഴുവന്‍ യുവാക്കള്‍ക്കും മാതൃകയായിരിക്കുകയാണ്.

കാറ്ററിങ്ങ് തൊഴിലാളിയായ നസീഫ് ഏറെ ആഗ്രഹിച്ചു സ്വന്തമാക്കിയ തന്റെ ഏക സമ്പാദ്യമായ എന്‍ഫീല്‍ഡ് ബുള്ളറ്റാണ് പരപ്പനങ്ങാടിയിലെ ശിഹാബ് തങ്ങള്‍ ചാരിറ്റബള്‍ ഫൗണ്ടേഷന് വിട്ട് കൊടുത്തിരിക്കുന്നത് . ബുള്ളറ്റ് വിറ്റാല്‍ എന്താണോ ലഭിക്കുന്നത് ആ തുക മുഴുവനായി പ്രളയിത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി സംഭാവന ചെയ്യാന്‍ നസീഫിന്റെ തീരുമാനം. ബുധനാഴ്ച വൈകീട്ട് ശിഹാബ് തങ്ങള്‍ ചാരിറ്റബള്‍ ഫൗണ്ടേഷന്റെ പരപ്പനങ്ങാടിയിലെ ഓഫീസിലെത്തി അവരുടെ ദുരിതാശ്വാസ നിധിയിലേക്ക് ബുള്ളറ്റ് കൈമാറുകയായിരുന്നു. വാഹനത്തിന്റെ ആര്‍സി അടക്കമുള്ള രേഖകള്‍ ഫൗണ്ടേഷന്‍ ചെയര്‍മാന് നല്‍കി.

വാര്‍ത്തകളില്‍ നിന്നും ഈ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ വിഷമങ്ങള്‍ തന്നെ വേദനപ്പിച്ചുവെന്നും, അവര്‍ക്കുവേണ്ടി എന്തെങ്ങിലും ചെയ്യണമെന്നുള്ള ആഗ്രഹമാണ് തന്റെ സമ്പാദ്യമായ ബുള്ളറ്റ് നല്‍കാനുള്ള തീരുമാനമെടുപ്പിച്ചതെന്നും നസീഫ് മലബാറിന്യൂസിനോട് പറഞ്ഞു. ഇക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ മാതാവ് ഏറെ സന്തോഷത്തോടെ പൂര്‍ണ്ണമനസ്സോടെ അനുവാദം നല്‍കുകയായിരുന്നു

ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ നടത്തിവരുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തനിക്കേറെ അറിയാവുന്നതുകൊണ്ട് കൂടിയാണ് അവര്‍ വഴി ഈ പ്രവര്‍ത്തനം നടത്താന്‍ തീരുമാനിച്ചതെന്നും നസീഫ് പറഞ്ഞു.

പരപ്പനങ്ങാടി അഞ്ചപ്പുര സ്വദേശിയായ വെട്ടിയാട്ടില്‍ അബ്ദുല്‍ നാസര്‍ സൈനബ ദമ്പതികളുടെ മകനാണ് ഇരുപത്തി അഞ്ചുകാരനായ നസീഫ് . ഷാഹിറ, സഫീറ, നസീറ എന്നീ മൂന്ന് സഹോദരിമാരാണ് നസീഫിനുള്ളത്.

Related Articles