Section

malabari-logo-mobile

പുസ്തക വായന : സുഭാഷ് ചന്ദ്രന്റെ സമുദ്രശില (നോവല്‍)

HIGHLIGHTS : കെ.ശീതള എത്ര തുറന്നു നോക്കിയാലും അങ്ങേയറ്റം കാണാത്ത ഒന്നാണ് സ്ത്രീ മനസ്സ് എന്നത് വീണ്ടും വീണ്ടും കാലം നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു ...

കെ.ശീതള

എത്ര തുറന്നു നോക്കിയാലും അങ്ങേയറ്റം കാണാത്ത ഒന്നാണ് സ്ത്രീ മനസ്സ് എന്നത് വീണ്ടും വീണ്ടും കാലം നമ്മെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു ‘
കോഴിക്കോട് നഗരത്തിലെ ഒരു ഫ്‌ളാറ്റില്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്ന മകനോടൊപ്പം താമസിക്കുകയായിരുന്നു അംബ’ .മകന്‍ അനന്തപത്മനാഭനും അവരും ഭൂമി വിട്ടകന്നതോടെ നോവലിലൂടെ അവര്‍ ജീവിക്കുന്നു.
ദന്ത ഡോക്ടറെ കാണാനുള്ള ഊഴം കാത്തിരിക്കുന്ന അവസരത്തില്‍ അലസമായി മറിച്ചു നോക്കിയ യാത്ര എന്ന പ്രസിദ്ധീകരണത്തിലൂടെ കണ്ണോടിച്ചപ്പോള്‍ കണ്ണിലുടക്കിയ ചിത്രമായിരുന്നു വെള്ളിയാങ്കല്ല്.ആ ചിത്രം അവരുടെ മനസ്സില്‍ അലകളുയര്‍ത്തി ‘അറബിക്കടലിന്റെ മാറില്‍ കിടക്കുന്ന വിജനമായ വെള്ളിയാങ്കല്ലില്‍ കാമുകനോടൊപ്പം ഒരു പൗര്‍ണ്ണമി രാത്രിയില്‍ തന്റെ വിവാഹത്തിന് പത്ത് ദിവസം മുമ്പ് തങ്ങിയിട്ടുണ്ടെന്ന വിവരം അംബ നോവലിസ്റ്റിനെഴുതി. അത് സമുദ്രശിലയുടെ ആധാരശിലയായെന്ന് സുഭാഷ് ചന്ദ്രന്‍ പറയുന്നു’
പരമമായ ഏകാന്തതയില്‍ ഉപാധികളില്ലാതെ തന്നെ സ്‌നേഹിക്കുന്ന ഒരു യഥാര്‍ത്ഥ പുരുഷനുമൊത്ത് ഒത്തിരി നേരം ….. ആ നേരം തന്നെയാണ് അവളുടെ ഇടം. ആ സങ്കല്പം അവളുടെ മാത്രം സത്യവുമാകുന്നു ‘പക്ഷെ എത്ര സൂക്ഷിച്ചു നോക്കിയാലും അപരന് ആ സത്യം കണ്ടെത്താനാവില്ല എന്നത് പരമമായ മറ്റൊരു സത്യം’
മീന്‍ വെട്ടുന്നതായും കറിയുണ്ടാക്കുന്നതായും ക്ലാസ്സെടുക്കുന്നതായുമൊക്കെ കാണപ്പെടുന്ന ഒരുവള്‍ യഥാര്‍ത്ഥത്തില്‍ ആ സങ്കല്പത്തിനു മീതേ അടയിരിക്കുകയാണ്.ഇത്തരത്തിലൊരു സങ്കല്പം ഓരോ സ്ത്രീയുടെയും അതിജീവന രഹസ്വമാണ് ‘
‘സ്ത്രീയാണ് പുരുഷനേക്കാള്‍ വലിയ മനുഷ്യന്‍ ‘എന്ന വാചകം ഈ നോവലിലെ ഏറ്റവും ശക്തമായ വാചകങ്ങളില്‍ ഒന്നു മാത്രം

sameeksha-malabarinews

നമുക്കേറെ പരിചയമുള്ള കോഴിക്കോടും പരിസരങ്ങളും നമ്മെ നോവലിനോട് കൂടുതല്‍ അടുപ്പിക്കുന്നു. തന്റെ ആശ്രയമായിരുന്ന അമ്മ സ്‌കൂട്ടറില്‍ നിന്ന് വീണ് കിടപ്പിലായതോടെ വാസ്തവത്തില്‍ തന്റെ ജീവിതമാണ് ശരശയ്യയിലായത് എന്ന അംബയുടെ തിരിച്ചറിവ് നമ്മുടെയൊക്കെ തിരിച്ചറിവായി മാറുന്നു.
ചില ആളുകളുടെ അഭാവം നമ്മെ ഒന്നുമല്ലാതാക്കുന്നു എന്ന തിരിച്ചറിവ്.
മാനസിക വെല്ലുവിളികള്‍ നേരിടുന്ന തന്റെ മകന്‍ ഒത്ത പുരുഷനായി കഴിഞ്ഞു എന്ന തിരിച്ചറിവിന് ശേഷം അംബ കിടക്കുന്നത് ഊണ്‍മേശയുടെ പുറത്താണ്. അപ്പോള്‍ അവര്‍ ചിന്തിക്കുന്നത് ‘ അദൃശ്യനും ആര്‍ത്തിക്കാരനുമായ കാലത്തിന്റെ ഭക്ഷണമേശയിലെ ഒരു നെടുനീളന്‍ വിഭവമാണ് താന്‍’ എന്നാണ് .ഈ പ്രയോഗത്തില്‍ നിന്ന് ഒരു സാധാരണ വായനക്കാരന് അത്ര പെട്ടെന്ന് മാറിപ്പോകാന്‍ കഴിയില്ല. തീര്‍ച്ച.

പ്രിയപ്പെട്ട ഒരാളുടെ മരണം അയാളുമായി ബന്ധപ്പെട്ടിരിക്കുന്ന വസ്തുക്കള്‍ക്ക് പൊടുന്നനെ ജീവന്‍ നല്കുന്നു എന്ന ചന്ദ്രിക ടീച്ചറുടെ തിരിച്ചറിവ് ചന്ദ്രിക ടീച്ചറുടെ തിരിച്ചറിവ് മാത്രമല്ല നമ്മുടെ തിരിച്ചറിവുകൂടിയായി മാറുന്നു.

കടല്‍ കാണാനുള്ള അംബയുടെ അമ്മയുടെ മോഹം നടക്കാതെ പോയപ്പോള്‍ അതിനെക്കുറിച്ച് അവര്‍ അംബയോട് പറയുന്നത് ”നിനക്കിപ്പോള്‍ അറിയാമല്ലോ ഒരു കടലിനെ അടക്കി ഒളിപ്പിക്കാന്‍ മാത്രം വലിപ്പമുണ്ട് അമ്മമാരുടെ മനസ്സിന് എന്നാണ്! ആരും കാണാതെ, കേള്‍ക്കാതെ പോകുന്ന ചില അമ്മമാരുടെ മനസ്സ് ഇവിടെ സ്പഷ്ടം!

സ്ത്രീ ജന്മത്തിന്റെ പ്രഹേളികകളിലേക്കുള്ള കാല്‍വെപ്പു തന്നെയാണ് സമുദ്രശില ‘മൂന്ന് ഭാഗങ്ങളായാണ് നോവല്‍ രചിച്ചിട്ടുള്ളത്. ഓരോ ഭാഗത്തിലും ഒന്‍പത് അദ്ധ്യായങ്ങള്‍. ഓരോ അദ്ധ്യായത്തിന്റെ തുടക്കത്തിലുമുള്ള വാക്യങ്ങള്‍ നമ്മെ ഇരുത്തി ചിന്തിപ്പിക്കും.പലപ്പോഴും ഇന്നലെ വരെ നമ്മള്‍ കാണാത്ത അര്‍ത്ഥതലങ്ങള്‍ കണ്ടെത്താനാവുന്നു ഉദാഹരണത്തിന് അടുപ്പ് എന്ന അദ്ധ്യായത്തിലെ ‘ചിതയുടെ ഇളയ മകളാണ് ഓരോ അടുക്കളയടുപ്പും’ എന്ന പ്രയോഗം ‘
ചെക്കോവ് എന്ന അദ്ധ്യായത്തിലെ ‘ പെണ്ണെന്നാല്‍ ശരീരം മാത്രമല്ല എന്ന വാക്കുകള്‍ സത്യത്തിന്റെ നേര്‍ക്കുള്ള ചൂണ്ടുവിരലാകുന്നു..

പേരില്‍ തന്നെ അമ്മയുള്ള അംബയുടെ ജീവിതത്തിലെ തീഷ്ണാനുഭവങ്ങള്‍ വായനക്കാരെ സന്തോഷിപ്പിക്കില്ല. തീര്‍ച്ച. മറിച്ച് വല്ലാത്ത ആകുലതകള്‍ അത് മനസ്സില്‍ നിറയ്ക്കും. വായന അവസാനിച്ചാല്‍ ഈ അമ്മയും മകനും ഒരു നീറ്റലായി അവശേഷിക്കും.
കൂടാതെ വെള്ളിയാങ്കല്ലും പൗര്‍ണ്ണമി രാത്രിയും ഓരോരുത്തരുടെ മനസ്സിലെയും ആഗ്രഹവും സങ്കല്പവുമായി ശേഷിക്കും
യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി രചിച്ച ഈ നോവല്‍ സവിശേഷതകളേറെയുള്ളതാണെന്ന് പറയാതെ വയ്യ.
മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ ഈ പുസ്തകത്തിന് മുന്നുറ്റിഇരുപത്തിഅഞ്ച് രൂപയാണ് വില

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!