ദേശീയ പാതാ വികസന ക്യാമ്പില്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്നതിനെതിരെ തേഞ്ഞിപ്പലത്ത് പ്രദേശവാസികള്‍ രംഗത്ത്

തേഞ്ഞിപ്പലം:ദേശീയ പാത വികസനത്തിന്റെ ഭാഗമായി തേഞ്ഞിപ്പലം കോഹിനൂരില്‍ തുടങ്ങുന്ന ക്യാമ്പ് ഓഫീസിന്റെ സ്ഥലത്ത് കുഴല്‍ക്കിണറുകള്‍ നിര്‍മിച്ച് ജലസമ്പത്ത് ഊറ്റിയെടുക്കാന്‍ നീക്കമെന്ന പരാതിയുമായി പ്രേദേശവാസികള്‍ രംഗത്ത്.

കോഹിനൂറില്‍ ദേശീയപാതയോരത്താണ് ക്യാമ്പ് ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയത്. തേഞ്ഞിപ്പലം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ജനവാസ കേന്ദ്രങ്ങളിലെ കിണറുകളിലെയും കുളങ്ങളിലെയും ജലം ഊറ്റിയെടുക്കുന്നതിന് വലിയ കുഴല്‍ കിണറുകള്‍ കുഴിക്കാനായി വിദഗ്ധ പരിശോധ നടത്തി സ്ഥാനം നിര്‍ണയിച്ചിരിക്കുന്നത്. നാട്ടുകാരുടെ പരാതി പ്രകാരം കഴിഞ്ഞ ദിവസം തേഞ്ഞിപ്പലം പഞ്ചായത്ത് സെക്രട്ടറി സ്ഥലത്തെത്തി തടയുകയും ചെയ്തിരുന്നു.

റോഡരികിലുള്ള സ്ഥലത്ത് റോഡ് വികസന ജോലികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവൃത്തികള്‍ നടന്നു വരുന്നതിനിടെയാണ് ക്യാമ്പ് പരിസരത്ത് കുഴല്‍ കിണറുകള്‍ കുഴിക്കാനൊരുങ്ങുന്നത്. ക്യാമ്പ് ഓഫീസും താല്‍ക്കാലിക താമസ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായാണ് കുഴല്‍ കിണര്‍ കുഴിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
ഒന്നിലധികം കുഴല്‍ക്കിണറുകള്‍ നിര്‍മിച്ച് വന്‍തോതില്‍ വെള്ളം ഊറ്റിയെടുത്താല്‍ ഈ പ്രദേശം ജലക്ഷാമത്തിന്റെ പിടിയിലാകുമെന്ന് സമീപവാസികള്‍ പറയുന്നു. ഇപ്പോള്‍ത്തന്നെ വരള്‍ച്ച ക്കാലത്ത് ഈ മേഖലയിലെ പല വീട്ടുകാരും വാഹനങ്ങളിലെത്തിക്കുന്ന കുടിവെള്ളത്തെയാണ് ആശ്രയിക്കുന്നത്.

പാതവികസനത്തിന്റെ ഭാഗമായി കോഹിനൂര്‍ ക്യാമ്പ് ഓഫീസ് പരിസരത്ത് കുഴല്‍ക്കിണര്‍ കുഴിക്കുവാനുള്ള നീക്കവുമായി മുന്നോട്ടു പോയാല്‍ സമര പരിപാടികള്‍ നടപ്പാക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ടി.ശ്രീധരന്‍ ,തോമസ് ഓടക്കല്‍, കെ.സുനില്‍ , തോമസ് മാളിയേക്കല്‍, ജോര്‍ജ് അഗസ്റ്റിന്‍, എ.എസ് രാജേന്ദ്ര പ്രസാദ് , കെ. നന്ദകുമാര്‍ , സി.ശേഖരന്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top