Section

malabari-logo-mobile

കേരള സര്‍ക്കാരിനെതിരെ പള്ളികളില്‍ പ്രചാരണം നടത്താനുള്ള ലീഗ് നീക്കം, പ്രതിഷേധവുമായി സിപിഎം അണികള്‍

HIGHLIGHTS : Muslim organisations cor meeting plan agitation against state government in the platform of mosque

കോഴിക്കോട്; സംസ്ഥാന സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ നിലപാടെടുക്കുന്നുവെന്ന് ആരോപിച്ച് ലീഗ് നേതൃത്വത്തില്‍ മതസംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
വെള്ളിയാഴ്ച മുസ്ലിം പള്ളികള്‍ കേന്ദ്രീകരിച്ച് സര്‍ക്കാറിനെതിരെ പ്രചാരണം നടത്താന്‍ ലീഗ് വിളിച്ചു ചേര്‍ത്ത മുസ്ലിം സംഘടനകളുടെ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.

ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി സാമൂഹ്യമാധ്യമങ്ങളില്‍ സിപിഎം അണികള്‍ രംഗത്തെത്തി. മുസ്ലീംലീഗിന്റെ സ്വകാര്യ സ്വത്തല്ല കേരളത്തിലെ പള്ളികളെന്നാണ് സിപിഎം അണികള്‍ പറയുന്നത്. ചില പോസ്റ്റുകളില്‍ സര്‍ക്കാരിനെതിരെ രാഷ്ട്രീയ പ്രചരണത്തിന് പള്ളികള്‍ വേദികളാക്കിയാല്‍ ഇന്‍ക്വിലാബ് വിളികള്‍ ഉയരുമെന്ന പ്രതികരണങ്ങളും വന്നുതുടങ്ങിയിട്ടുണ്ട്.

sameeksha-malabarinews

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനത്തെ മുന്‍നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാറിനെതിരെ മുസ്ലിം സംഘടനകളെ ഒരുമിപ്പിച്ച് പ്രക്ഷോഭത്തിന് ലീഗ് നീക്കം. സച്ചാര്‍ കമ്മിറ്റി, ന്യൂനപക്ഷ വകുപ്പ്, ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഇന്നലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുസ്ലീംലീഗ് ആക്ടിങ് സെക്രട്ടറി പി.എം.എ സലാം വിശദീകരിച്ചു.

വെള്ളിയാഴ്ച പള്ളികളില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രചാരണം നടത്തും. അന്നേദിവസം എല്ലാ മഹല്ലുകളില്‍ ജുമുഅ നിസ്്കാരത്തോടനുബന്ധിച്ച് നടത്തുന്ന പ്രഭാഷണങ്ങളില്‍ ഇത് സംബന്ധിച്ച്് ജനങ്ങളെ ബോധവല്‍ക്കരിക്കും. പിന്നീട് പഞ്ചായത്ത് തലങ്ങളില്‍ മഹല്ലുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലികള്‍ നടത്തും. കോഴിക്കോടും തിരുവനന്തപുരത്തും പ്രതിഷേധ മഹാറാലികള്‍ നടത്തും. ശരീഅത്ത് പ്രക്ഷോഭത്തിന് സമാനമായ പ്രതിഷേധം ഉയരുമെന്നും പി.എം.എ സലാം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോഴിക്കോട് ചേര്‍ന്ന മുസ്ലിം സംഘടനകളുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്വി (സമസ്ത), ഡോ.എം.ഐ അബ്ദുല്‍ മജീദ് സ്വലാഹി (കെ.എന്‍.എം), ബി.പി.എ ഗഫൂര്‍ (കെ.എന്‍.എം മര്‍കസുദ്ദഅ്വ),ശിഹാബ് പൂക്കോട്ടൂര്‍ (ജമാഅത്തെ ഇസ്ലാമി), കെ. സജ്ജാദ് (വിസ്ഡം ഇസ്്‌ലാമിക്് ഓര്‍ഗനൈസേഷന്‍), എഞ്ചിനീയര്‍ പി മമ്മദ്‌കോയ (എം.എസ്.എസ്), ഇലവുപാലം ശംസുദ്ദീന്‍ മന്നാനി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), അഖ്‌നിസ് എം (മെക്ക), കമല്‍ എം.മാക്കയില്‍ (കേരള മുസ്്‌ലിം ജമാഅത്ത് കൗണ്‍സില്‍), അഡ്വ.കെ.പി മെഹബൂബ് ശരീഫ് (റാവുത്തര്‍ ഫെഡറേഷന്‍), അഡ്വ. വി.കെ ബീരാന്‍ (മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍) എന്നിവരായിരുന്നു ഈ യോഗത്തില്‍ പങ്കെടുത്തത്

മുസ്ലിം സംഘടനകളുടെ യോഗത്തില്‍ എം.ഇ.എസും കാന്തപുരം വിഭാഗവും പങ്കെടുത്തില്ല. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള തീരുമാനത്തെ എപി സുന്നി വിഭാഗം സ്വാഗതം ചെയ്തിട്ടുണ്ട്. വഖഫ് ചെയ്ത ഭൂമികളില്‍ പലതും സ്വകാര്യ വ്യക്തികള്‍ കൈവശം വച്ചിരിക്കുമ്പോളും, വഖഫ് ബോര്‍ഡ് ഇവ തിരിച്ചുപിടിക്കാനായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതിന് പിന്നില്‍ നിലവിലെ ജീവനക്കാരാണെന്നു അഭിപ്രായവും എപി വിഭാഗത്തില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ട്. വിശ്വാസികളല്ലാത്തവര്‍ പിഎസ് സി നിയമനം വഴി വഖഫ് ബോര്‍ഡിലെ ജീവനക്കാരാകുന്നത് ശരിയല്ലെന്ന പ്രചരണവും ഇവര്‍ തള്ളുന്നു. വഖഫ് ബോര്‍ഡിന് കീഴില്‍ ഭൂരിപക്ഷവും സുന്നി പള്ളികളാണ്. എന്നാല്‍ ഇത്തരം പള്ളികളിലെ മഖ്ബറകളിലെ പ്രാര്‍ത്ഥനകളില്‍ വിശ്വാസമില്ലാത്തവര്‍ നിലവില്‍ വഖഫ് ബോര്‍ഡിന് കീഴില്‍ ജീവനക്കാരായില്ലെ എന്ന ചോദ്യവും ഇവര്‍ ഉയര്‍ത്തുന്നു.
വഖഫ് ബോര്‍ഡ് പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടേണ്ടെന്നാണ് എം.ഇ.എസ് നിലപാട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!