വധഭീഷണിയുണ്ട്, ജാമ്യം അനുവദിക്കണമെന്ന് മുഹമ്മദ് സുബൈര്‍; ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും

ഉത്തര്‍പ്രദേശിലെ സീതാപുരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഫാക്ട് ചെക്കിങ് വെബ്‌സൈറ്റ് ഓള്‍ട്ട് ന്യൂസ് സഹസ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിച്ചേക്കും. മുഹമ്മദ് സുബൈറിന് വധഭീഷണിയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് സുപ്രീംകോടതിയെ അറിയിച്ചു. മുഹമ്മദ് സുബൈറിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ അനുമതി ലഭിച്ചാല്‍ നാളെ സുബൈറിന്റെ ഹര്‍ജി പരിഗണിക്കാമെന്ന് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ അവധിക്കാല ബെഞ്ച് വ്യക്തമാക്കി. കേസ് ഇന്ന് പരിഗണിക്കണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും ജസ്റ്റിസ് ഇന്ദിര ബാനര്‍ജി നാളത്തേക്ക് മാറ്റുകയായിരുന്നു.

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നാല് വര്‍ഷം മുന്‍പുള്ള ട്വീറ്റുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി പൊലീസ് മുഹമ്മദ് സുബൈറിനെ ജൂണ്‍ 27-ന് അറസ്റ്റ് ചെയ്തത്. ഹിന്ദു സന്യാസിമാരെ വിദ്വേഷം വ്യാപിപ്പിക്കുന്നവര്‍ എന്ന് ആരോപിച്ച് ട്വീറ്റ് ചെയ്തതിനെതിരെയാണ് കേസ്. തുടര്‍ന്ന് മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ സിതാപുരിലേക്ക് കൊണ്ടുപോകുകയായിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരസിച്ചു.

കേസ് റദ്ദാക്കണമെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ മുഹമ്മദ് സുബൈര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top