Section

malabari-logo-mobile

കൈകാലുകള്‍ ചങ്ങലയാല്‍ ബന്ധിച്ച് നീന്തി ജല വിസ്മയമൊരുക്കാന്‍ ആദില്‍

HIGHLIGHTS : Muhammad Adil, a native of Chaliyam, is preparing to swim from the Arabian Sea to Chaliyar with his legs tied with iron chains.

മോഹന്‍ ചാലിയം

ചാലിയം : കൈകാലുകള്‍ ഇരുമ്പ് ചങ്ങലകളാല്‍ ബന്ധിച്ച് അറബിക്കടലില്‍ നിന്നും ചാലിയാറിലേക്ക് നീന്തി ജല വിസ്മയമൊരുക്കാന്‍ ഒരുങ്ങുകയാണ് ചാലിയം സ്വദേശി മുഹമ്മദ് ആദില്‍.

sameeksha-malabarinews

ചാലിയത്തെ കലാ കായിക സാംസ്‌കാരിക സംഘടനയായ ബ്രദേഴ്‌സ് ചാരിറ്റി ക്ലബ്ബാണ് സംഘാടകര്‍ .

ചാലിയത്ത് ചായക്കട നടത്തുന്ന പാതിരിക്കാട് മാളിയേക്കല്‍ അബ്ദുല്ലക്കുട്ടി എന്ന ആത്തിക്കിന്റേയും റസീനയുടെയും മകനാണ് ആദില്‍.

ഗിന്നസ് റെക്കോര്‍ഡിലേക്ക് നീന്തിക്കയറാനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ജല വിസ്മയം സംഘടിപ്പിക്കുന്നത്.

21ന് ഞായര്‍ വൈകീട്ട് നാലിന് ചാലിയം പുളി മുട്ട് പരിസരത്തു നിന്നാണ് ആദിലിന്റെ അത്ഭുത പ്രകടനം ആരംഭിക്കുന്നത്. ജങ്കാര്‍ ജെട്ടി പരിസരത്ത് സമാപിക്കും.

മൂന്നു വയസ്സാകുന്നതിനു മുന്‍പു തന്നെ ആദില്‍ വെള്ളത്തില്‍ നീന്തിത്തുടങ്ങിയിരുന്നു. വീടിനടുത്തുള്ള ചാലിയം ജുമാഅത്ത് പള്ളിയുടെ കുളത്തില്‍ പിതാവിന്റെ ശിക്ഷണത്തിലായിരുന്നു ആദ്യ പരിശീലനം. ആറു വയസ്സാകുമ്പോഴേയ്ക്കും കൈകാലുകള്‍ ബന്ധിച്ച് ദീര്‍ഘനേരം നീന്താന്‍ ആദില്‍ പരിശീലിച്ചുകഴിഞ്ഞിരുന്നു. വെള്ളത്തില്‍ മലര്‍ന്നു കിടന്ന് പത്രം വായിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ആദില്‍ കാണികള്‍ക്കെന്നും അത്ഭുതമാണ്.

2012ല്‍ ഒന്‍പതു വയസ്സുള്ളപ്പോള്‍ ആദില്‍ ആദ്യമായി ലോക റെക്കാര്‍ഡിനൊരുങ്ങിയിരുന്നു. ചൈനയിലെ യാങ്സെ നദിയുടെ കൈവഴിയില്‍ പത്തു വയസ്സുകാരനായ ഹുയാന്‍ലി മൂന്നു മണിക്കൂര്‍ കൊണ്ട് മൂന്നു കിലോമീറ്റര്‍ നീന്തിയ റെക്കോഡ് അന്ന് ആദില്‍ മറികടന്നിരുന്നു. ബേപ്പൂരിലെ ജങ്കാറില്‍നിന്നും തുടങ്ങി കോടമ്പുഴ വരെയുള്ള 4.68 കിലോമീറ്റര്‍ മൂന്നു മണിക്കൂര്‍ കൊണ്ട് നീന്തിയാണ് ആദില്‍ നിലവിലുണ്ടായിരുന്ന റെക്കോര്‍ഡ് തകര്‍ത്തത്. എന്നാല്‍ അന്ന് പ്രായം തടസ്സമായതിനാല്‍ ആ പ്രകടനത്തിന് ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിക്കാനായില്ല.

ഈ വര്‍ഷം കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദം പൂര്‍ത്തിയാക്കിയ ആദില്‍ ബെംഗളൂരുവില്‍ ഉപരിപഠനത്തിനൊരുങ്ങുകയാണ്. മുഹമ്മദ് അഫീഫ്, അഫീഫ, മുഹമ്മദ് അദ്നാന്‍ എന്നിവരാണ് സഹോദരങ്ങള്‍.

ജല വിസ്മയത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായും പൂര്‍ണ്ണ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും സംഘാടക സമിതി ചെയര്‍മാന്‍ ഇ.പി. നസീബ് റഹ്‌മാനും കണ്‍വീനര്‍ പി..കെ. ആഷിക്കലിയും അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!