Section

malabari-logo-mobile

കനിവ് 108 ആംബുലന്‍സ് സേവനത്തിന് ഇനി മൊബൈല്‍ ആപ്പും ട്രയല്‍ റണ്‍ ആരംഭിച്ചു

HIGHLIGHTS : Mobile app for Kaniv 108 ambulance service has also started trial run

തിരുവനന്തപുരം: കനിവ് 108 ആംബുലന്‍സിന്റെ സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ സജ്ജമാക്കിയ പുതിയ മൊബൈല്‍ അപ്ലിക്കേഷന്റെ ട്രയല്‍ റണ്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 108 ആംബുലന്‍സിന്റെ സേവനം മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ലഭ്യമാകുന്ന തരത്തിലാണ് ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. നിലവില്‍ 108 എന്ന നമ്പരിലേക്ക് വിളിക്കുമ്പോള്‍ മാത്രമാണ് സേവനം ലഭിക്കുന്നത്. ട്രയല്‍ റണ്‍ വിജയകരമാക്കി ജൂണ്‍ മാസത്തില്‍ ആപ്പ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നതോടെ മൊബൈല്‍ ആപ്പിലൂടെയും 108 ആംബുലന്‍സ് സേവനം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്ക് കൂടുതല്‍ മികച്ച സേവനം ലഭ്യമാക്കുന്നതിനായി മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശാനുസരണമാണ് കനിവ് 108 ആംബുലന്‍സ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഇ.എം.ആര്‍.ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് മൊബൈല്‍ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. സേവനം തേടുന്ന വ്യക്തി അപ്ലിക്കേഷനില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിവരങ്ങളുടേയും മൊബൈല്‍ ഫോണിലെ ജിപിഎസ് സംവിധാനത്തിന്റേയും സഹായത്തോടെ അത്യാഹിതത്തിന്റേയും നടന്ന സ്ഥലത്തിന്റേയും കൃത്യമായ വിവരങ്ങള്‍ ആംബുലന്‍സിലേക്ക് കൈമാറാന്‍ സാധിക്കും. ഇതിലൂടെ ആംബുലന്‍സിന് വഴിതെറ്റാതെ കാലതാമസമില്ലാതെ എത്താന്‍ സാധിക്കും. മാത്രമല്ല സേവനം തേടിയയാള്‍ക്ക് ആംബുലന്‍സ് വരുന്ന റൂട്ടും എത്താനെടുക്കുന്ന സമയവും തത്സമയം അറിയാന്‍ സാധിക്കും.

sameeksha-malabarinews

കനിവ് 108 അംബുലന്‍സിലെത്തുന്ന രോഗികള്‍ക്ക് ആശുപത്രികളില്‍ വളരെ വേഗം ചികിത്സ ഉറപ്പാക്കാനുള്ള ഹോസ്പിറ്റല്‍ പ്രീ അറൈവല്‍ ഇന്റിമേഷന്‍ സിസ്റ്റം നടപ്പിലാക്കി വരുന്നു. ആദ്യഘട്ടമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ ഈ സംവിധാനം യാഥാര്‍ത്ഥ്യമാക്കി. 108 ആംബുലന്‍സില്‍ ഒരു രോഗിയെ ആശുപത്രിയിലേക്ക് കൊണ്ട് വരുമ്പോള്‍ അതിന്റെ വിവരങ്ങള്‍ അത്യാഹിത വിഭാഗത്തില്‍ സ്ഥാപിച്ചിരിക്കുന്ന സ്‌ക്രീനില്‍ തെളിയും. ഇതിലൂടെ രോഗിയെത്തുന്നതിന് മുമ്പ് തന്നെ വേണ്ട ക്രമീകരണങ്ങളൊരുക്കാന്‍ സാധിക്കുന്നു. ഈ സംവിധാനം എല്ലാ പ്രധാന ആശുപത്രികളിലും നടപ്പിലാക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!