Section

malabari-logo-mobile

മിഷന്‍ ബേലൂര്‍ മഖ്ന ; ട്രാക്കിങ് ടീം വനത്തിനുള്ളില്‍

HIGHLIGHTS : Mission Belur Makhna; Tracking team inside the forest

മാനന്തവാടി: മിഷന്‍ ബേലൂര്‍ മഖ്‌ന തുടരുകയാണ്. ആനയെ തേടി ട്രാക്കിങ് ടീം വനത്തിലേക്ക് പ്രവേശിച്ചു. ഒടുവില്‍ ലഭിച്ച റേഡിയോ കോളര്‍ സിഗ്‌നല്‍ പ്രകാരം കാട്ടിക്കുളം പനവല്ലി റോഡിലെ മാനിവയല്‍ പ്രദേശത്തെ വനത്തിലാണ് മോഴയാന ഉള്ളതെന്ന് മനസിലായി. ഇന്നലെ രാത്രി തോല്‍പ്പെട്ടി – ബേഗൂര്‍ റോഡ് മുറിച്ചുകടന്നാണ് ഈ പ്രദേശത്തേക്ക് എത്തിയത്.

ഇന്നലെ രാത്രി 9.30 ഓടെ തോല്‍പ്പെട്ടി റോഡ് കടന്ന് ആലത്തൂര്‍ – മാനിവയല്‍ – കാളിക്കൊല്ലി ഭാഗത്തെ വനമേഖലയിലേക്ക് ആന എത്തിയിട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. രാത്രിയില്‍ ഈ മേഖലയിലുള്ളവരോട് ജാഗ്രത പാലിക്കണമെന്ന് അറിയിച്ച വനപാലകര്‍, ആന ജനവാസപ്രദേശങ്ങളിലേക്ക് എത്താതിരിക്കാനുള്ള മുന്‍കരുതലും ഒരുക്കിയിരുന്നു. ആദ്യ ദിവസങ്ങളില്‍ ആന നിലയുറപ്പിച്ച മണ്ണുണ്ടി, ഇരുമ്പുപാലം പ്രദേശങ്ങളോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമാണ് മാനിവയല്‍. മണ്ണുണ്ടി മുതല്‍ മാനിവയല്‍ വരെ എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വനപ്രദേശത്ത് തന്നെയാണ് ആന ഇതുവരെയും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഈ വനമേഖല കുറ്റിക്കാടുകള്‍ നിറഞ്ഞതാണ്. അതിനാല്‍ മയക്കുവെടിവെക്കല്‍ ദൗത്യം അഞ്ചാംദിനത്തിലേക്ക് നീളുകയാണ്.

sameeksha-malabarinews

ബേലൂര്‍ മഖ്നക്കൊപ്പം മറ്റൊരു മോഴയാന കൂടിയുണ്ട്. ഇത് ദൗത്യം ഒന്നുകൂടി ദുഷ്‌കരമാക്കിയിട്ടുണ്ട്. ബേലൂര്‍ മഖ്നയെ ലക്ഷ്യംവെക്കുന്ന ദൗത്യ സംഘത്തിന് നേരെ ഈ മോഴയാന ആക്രമണത്തിന് മുതിര്‍ന്നിരുന്നു. വെടിയുതിര്‍ത്താണ് ദൗത്യംസംഘം ആനയെ തുരത്തിയത്. മോഴ ബേലൂര്‍ മഖ്നയെ വിടാതെ കൂടെകൂടിയതും വനത്തിനുള്ളിലെ കുറ്റിക്കാടുകളും തന്നെയാണ് ഇപ്പോഴും വലിയ പ്രതിസന്ധിയായിരിക്കുന്നത്. നിരപ്പായ സ്ഥലങ്ങളിലേക്ക് ബേലൂര്‍ മഖ്ന എത്തുന്നില്ലെന്ന് മാത്രമല്ല ട്രാക്കിങ് ടീമിന്റെ സാന്നിധ്യം മനസിലാക്കിയിട്ടോ മറ്റോ ഇത്തരം പ്രദേശങ്ങളില്‍ നിന്ന് ആന ഉടനടി മാറിപ്പോകുന്നുമുണ്ട്.

അതേസമയം, പടമലയില്‍ ഇന്നലെ കണ്ട കടുവക്കായി വനം വകുപ്പ് തിരച്ചില്‍ നടത്തിയെങ്കിലും കൂടുതല്‍ കാല്‍പ്പാടുകള്‍ കണ്ടെത്താനായിട്ടില്ല. രാത്രിയും പകലും കൂടുതല്‍ വാച്ചര്‍മാരെ നിരീക്ഷണത്തിനായി പടമലയിലും പരിസരത്തും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!