Section

malabari-logo-mobile

വൈദ്യുത പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ജനപ്രതിനിധികളുടെ സഹകരണം അനിവാര്യം: മന്ത്രി കെ. കൃഷ്ണന്‍കുട്ടി, കാടാമ്പുഴ 110 കെ.വി സബ്‌സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം മന്ത്രി നര്‍വഹിച്ചു

HIGHLIGHTS : Minister K. Krishnankutty inaugurated the construction of Katampuzha 110 KV substation

വൈദ്യുതി ഉത്പാദന-വിതരണ രംഗത്ത് വിപ്ലവങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് എം.എല്‍.എമാരുള്‍പ്പടെയുള്ള ജനപ്രതിനിധികളുടെ സഹകരണം അനിവാര്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കാടാമ്പുഴ 110 കെ.വി സബ്‌സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ധിച്ചുവരുന്ന വൈദ്യുതി ഉപയോഗ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും പ്രസരണ നഷ്ടം കുറച്ച് വോള്‍ട്ടേജ് പ്രശ്‌നങ്ങളില്ലാതെ വൈദ്യുതി വിതരണം നടത്തുന്നതിനുമായി സബ്‌സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്ന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. എന്നാല്‍ പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിലെ കാലതാമസമാണ് പ്രധാന തടസ്സമായി നില്‍ക്കുന്നത്. ഇത്തരത്തില്‍ പ്രാദേശികമായി ജനപ്രതിനിധികളുടെ സഹകരണം ഉറപ്പാക്കാനായാല്‍ സ്ഥലമേറ്റെടുക്കുന്നതുള്‍പ്പടെയുള്ള തടസ്സങ്ങള്‍ നീക്കി പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാവുമെന്ന് മന്ത്രി പറഞ്ഞു.

കാടാമ്പുഴ മൈത്രി ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, കോട്ടയ്ക്കല്‍ നഗരസഭാ അധ്യക്ഷ ഡോ. ഹനീഷ, വളാഞ്ചേരി നഗരസഭ അധ്യക്ഷന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സജിത നന്നേങ്ങാടന്‍ (മാറാക്കര), കെ.പി വഹീദ (കല്‍പ്പകഞ്ചേരി), മാറാക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി കുഞ്ഞിമുഹമ്മദ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഒ.കെ സുബൈര്‍, ബ്ലോക്ക് പഞ്ചായത്തംഗം പി.വി നാസിബുദ്ധീന്‍, മാറാക്കര ഗ്രാമപഞ്ചായത്തംഗം ടി.വി റാബിയ, പ്രതിപക്ഷ നേതാവ് പി. റഷീദ്, വളാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ ഫൈസല്‍ തങ്ങള്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍, മറ്റ് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

sameeksha-malabarinews

കോട്ടയ്ക്കല്‍ മണ്ഡലത്തിന് ഊര്‍ജം പകരാന്‍ പുതിയ സബ്‌സ്റ്റേഷന്‍
കോട്ടയ്ക്കല്‍ മണ്ഡലത്തിലെ വര്‍ധിച്ചുവരുന്ന വൈദ്യുത ആവശ്യകത നിറവേറ്റപ്പെടുന്നതിനായുള്ള കാടാമ്പുഴ 110 കെ.വി സബ്‌സ്റ്റേഷനും, അഞ്ച് കിലോമീറ്റര്‍ 110 കെ.വി ഡബിള്‍ സര്‍ക്യൂട്ട് ലൈനും നിര്‍മിക്കുന്നതിനായി ലഭ്യമാക്കിയത് 19.8 കോടിയുടെ ഭരണാനുമതി. എടയൂര്‍, മാറാക്കര, കുറുവ, പൊന്മള തുടങ്ങിയ പഞ്ചായത്തുകളുടെയും, കോട്ടയ്ക്കല്‍ നഗരസഭയുടെയും പരിധിയിലെ വൈദ്യുതി വിതരണം ശക്തിപ്പെടുത്തുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ കാടാമ്പുഴയുടെയും സമീപപ്രദേശങ്ങളായ മാറാക്കര, എടയൂര്‍, കുറുവ, പൊന്മള എന്നീ ഗ്രാമപഞ്ചായത്തുകളിലെയും വൈദ്യുതി ആവശ്യകത നിറവേറ്റുന്നത് കല്‍പ്പകഞ്ചേരി, എടരിക്കോട്, കറ്റിപ്പുറം, മാലാപ്പറമ്പ് എന്നീ സബ്‌സ്റ്റേഷനുകളാണ്. ഫീഡറുകളുടെ ദൈര്‍ഘ്യക്കൂടുതല്‍ കാരണം ഈ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന വൈദ്യുതി മുടക്കവും വിതരണ നഷ്ടവും പരിഹരിക്കാന്‍ പുതിയ സബ്‌സ്റ്റേഷന് സാധിക്കും. മരവട്ടത്താണ് പുതിയ സബ്‌സ്റ്റേഷനായി സ്ഥലം കണ്ടെത്തിയിട്ടുള്ളത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!