മലപ്പുറം: സ്ത്രീകളോടുള്ള പൊതുസമൂഹത്തിന്റെ മനോഭാവത്തില്‍ ഇനിയും മാറ്റം ആവശ്യമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം വി.ആര്‍ മഹിളാമണി. ലഹരി അടക്കമുള്ള സമൂഹത്തിലെ വിപത്തുകള്‍ തുടച്ചു നീക്കാന്‍ കഴിയുന്ന ചാലകശക്തിയായി സ്ത്രീകള്‍ മാറണമെന്നും അവര്‍ പറഞ്ഞു. ‘ഗാര്‍ഹിക പീഡനവും ലഹരിയുടെ വിപത്തും’ എന്ന വിഷയത്തില്‍ തിരൂര്‍ ഇ.എം.എസ് സാംസ്കാരിക സമുച്ചയത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. വിദ്യാഭ്യാസത്തേക്കാൾ വലുതല്ല വിവാഹം എന്ന ചിന്ത മാതാപിതാക്കൾക്ക് ഉയർന്നുവരണം.
സ്ത്രീകള്‍ എന്തും സഹിക്കേണ്ടവരാണ്, പെണ്‍മക്കള്‍ വിവാഹ കമ്പോളത്തിലെ ഒരു വിൽപ്പന ചരക്കാണ് തുടങ്ങിയ പൊതു സമൂഹത്തിന്റെ മനോഭാവത്തില്‍ ഇപ്പോഴും മാറ്റം വന്നിട്ടില്ല. ഈ മനോഭാവത്തില്‍ മാറ്റം കൊണ്ടു വരാന്‍ സ്ത്രീകള്‍ക്കാവണം. സ്ത്രീധനം, ഗാര്‍ഹിക പീഡനം തുടങ്ങി സ്ത്രീകള്‍ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വിവിധ കൂട്ടായ്കമകളില്‍ ചര്‍ച്ച ഉയര്‍ത്തി ക്കൊണ്ടു വരാന്‍ കഴിയണം. വീട്ടിലും സമൂഹത്തിലും തൊഴിലിടങ്ങളിലും അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പുറത്തു പറയാന്‍ സ്ത്രീകള്‍ തയ്യാറാവണം. തങ്ങളുടെ പരാതികള്‍ കേള്‍ക്കാനും പരിഹരിക്കാനുമായി ഒരു ഇടമുണ്ട് എന്ന ബോധ്യം സ്ത്രീകള്‍ക്ക് വന്നതിനാലാണ് വനിതാ കമ്മീഷനില്‍ പരാതികളുടെ എണ്ണം കൂടുന്നത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കാനും പൊതുസമൂഹത്തിൽ അവബോധം വളർത്തിയെടുക്കാനും ജാഗ്രതാ സമിതികൾക്ക് കഴിയണമെന്നും ഇതിനായി താഴെ തട്ടില്‍ നിന്നുള്ള ബോധവത്കരണം ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
ചടങ്ങില്‍ ജില്ലാ വിമന്‍ പ്രൊട്ടക്‍ഷന്‍ ഓഫീസര്‍ ടി.എം ശ്രുതി അധ്യക്ഷത വഹിച്ചു. ‘ഗാര്‍ഹിക പീഡന നിരോധന നിയമം’ എന്ന വിഷയത്തില്‍ അഡ്വ. സുജാത വര്‍മ്മയും ‘ലഹരിയുടെ വിപത്ത്’ എന്ന വിഷയത്തില്‍ വനിതാ കമ്മീഷന്‍ റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍ അര്‍ച്ചനയും ക്ലാസെടുത്തു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സരിത, വളവന്നൂര്‍ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഫൗസിയ, കീസ്റ്റോൺ ഫൗണ്ടേഷൻ അഡീഷണൽ പ്രോഗ്രാം കോ -ഓർഡിനേറ്റർ വി. ഫസീല തുടങ്ങിയവര്‍ സംസാരിച്ചു. മഹിളാ സമഖ്യ സൊസൈറ്റി ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ എം. റജീന സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ നീതു ലക്ഷ്മി നന്ദിയും പറഞ്ഞു.




