ആലപ്പുഴ മെഡിക്കല്‍ കോളേജ്: 2 പിജി സീറ്റുകള്‍ക്ക് അനുമതി

HIGHLIGHTS : Alappuzha Medical College: Sanctioned for 2 PG seats

തിരുവനന്തപുരം: ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പുതുതായി 2 പിജി സീറ്റുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2 എംഡി സൈക്യാട്രി സീറ്റുകള്‍ക്കാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ അനുമതി നല്‍കിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഈ സര്‍ക്കാര്‍ ആരംഭിച്ച എംഡി സൈക്യാട്രി കോഴ്‌സിന് നേരത്തെ ഒരു സീറ്റ് ലഭിച്ചിരുന്നു. ഇതോടെ എംഡി സൈക്യാട്രിയില്‍ 3 സീറ്റുകളായി. മാനസികാരോഗ്യ രംഗം ശക്തിപ്പെടുത്താനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഇതേറെ സഹായിക്കും. സൈക്യാട്രി രംഗത്ത് കൂടുതല്‍ വിദഗ്ധരെ സൃഷ്ടിക്കാനും ചികിത്സയ്ക്കും ഗവേഷണത്തിനും ഇതിലൂടെ ഏറെ സഹായകരമാണെന്നും മന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 80 മെഡിക്കല്‍ പിജി സീറ്റുകള്‍ക്കാണ് അനുമതി ലഭ്യമായത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മാത്രം 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്കാണ് അനുമതി ലഭ്യമായത്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അടിസ്ഥാന സൗകര്യ വികസനത്തെ തുടര്‍ന്നാണ് ഇത്രയേറെ സീറ്റുകള്‍ വര്‍ധിപ്പിക്കാനായത്.

sameeksha-malabarinews

സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളേജുകളില്‍ നടന്നു വരുന്നത്. രണ്ട് മെഡിക്കല്‍ കോളേജുകളും 15 നഴ്‌സിംഗ് കോളേജുകളും ഈ സര്‍ക്കാരിന്റെ കാലത്ത് യാഥാര്‍ത്ഥ്യമാക്കി. ദേശീയ തലത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്ക് പട്ടികയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജും ദന്തല്‍ കോളേജും തുടര്‍ച്ചയായ രണ്ടാം തവണയും ഇടം നേടി. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ റാങ്കിംഗില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് രാജ്യത്ത് തന്നെ ആറാമതെത്താനും ദന്തല്‍ കോളേജിന് അഞ്ചാമതെത്താനുമായി. പട്ടികയില്‍ ഉള്‍പ്പെട്ട കേരളത്തിലെ ഏക മെഡിക്കല്‍ കോളേജും ദന്തല്‍ കോളേജും കൂടിയാണിവ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!