പരപ്പനങ്ങാടിയില്‍ ഭാര്യയെ അറവുശാലയില്‍ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ ഭര്‍ത്താവിന് വധ ശിക്ഷ

HIGHLIGHTS : Man sentenced to death for taking wife to slaughterhouse and slitting her throat

cite

പരപ്പനങ്ങാടി: ഭാര്യയെ അറവുശാലയില്‍ കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തിയ ഭര്‍ത്താവിന് വധ ശിക്ഷ വിധിച്ചു. പരപ്പനങ്ങാടി സ്വദേശി റഹീനയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് നജുബുദ്ദീനെയാണ് ശിക്ഷിച്ചത്. അഞ്ചപ്പുര ബീച്ച് റോഡിലെ അറവുശാലയിലെത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.

മഞ്ചേരി അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി II ജഡ്ജി AV. ടെല്ലസ് വധശിക്ഷയ്ക്ക് വിധിച്ചത്. 2017 ജൂലൈ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയെ തവനൂര്‍ ജയിലിലേക്ക് മാറ്റി.

റഹീനയെ 2003 ലാണ് നജുബുദ്ദീന്‍ വിവാഹം ചെയ്തത്. 2011 ല്‍ മറ്റൊരു സ്ത്രീയെ പ്രതി വിവാഹം കഴിച്ചു. പരപ്പനങ്ങാടി ചുടലപ്പറമ്പിലെ വീട്ടിലാണ് രണ്ടാം ഭാര്യക്കൊപ്പം പ്രതി താമസിച്ചത്. ഇതേ തുടര്‍ന്ന് റഹീനയുമായുള്ള ദാമ്പത്യ ബന്ധത്തില്‍ കലഹങ്ങള്‍ പതിവായി. ബന്ധം ഉപേക്ഷിച്ച് റഹീനയും കുട്ടികളും ഉമ്മയോടൊപ്പം സ്വന്തം വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. ഇവര്‍ തമ്മില്‍ വിവാഹമോചന കേസും ഫയല്‍ ചെയ്തിരുന്നു. ഇതോടെയാണ് റഹീനയെ വകവരുത്താന്‍ പ്രതി തീരുമാനിച്ചത്.

പരപ്പനങ്ങാടി പയനിങ്ങല്‍ ജംഗ്ഷനില്‍ ഇറച്ചിക്കട നടത്തിവന്ന പ്രതി ഇവിടെ നിന്നുള്ള കത്തി അഞ്ചപ്പുര ബീച്ച് റോഡിലുള്ള തന്റെ അറവുശാലയിലെത്തിച്ചു. കൃത്യം നടന്ന ദിവസം രാവിലെ അറവുശാലയിലെ ജോലിക്കാരെ വിളിച്ച് കിട്ടുന്നില്ലെന്നും സഹായിക്കാന്‍ വരണമെന്നും ആവശ്യപ്പെട്ട് പ്രതി റഹീനയെ ഫോണില്‍ വിളിച്ചു. പിന്നീട് റഹീന താമസിച്ചിരുന്ന വാടക ക്വാര്‍ട്ടേര്‍സിലെത്തി റഹീനയെ കൂട്ടി ബൈക്കില്‍ അറവുശാലയിലെത്തി. ഇവിടെ വച്ച് റഹീനയുടെ കഴുത്തിലെ മഹര്‍ മാല പൊട്ടിച്ച പ്രതി, കരുതിയിരുന്ന കത്തി ഉപയോഗിച്ച് റഹീനയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മുങ്ങിയ പ്രതി തൃശ്ശൂര്‍, പാലക്കാട് ,കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ അലഞ്ഞുതിരിഞ്ഞു. കൈയ്യിലെ പണം തീര്‍ന്നപ്പോള്‍ പണമെടുക്കാനായി നരിക്കുനിയിലുള്ള സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. അവിടെ വച്ചാണ് പൊലീസിന്റെ പിടിയിലായത്.

പരപ്പനങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത 294/17 കേസില്‍ ഐപിസി സെക്ഷന്‍ 302, 404 വകുപ്പുകളാണ് ചുമത്തിയത്. മഞ്ചേരി അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി II ലാണ് വിചാരണ നടന്നത്. ഐപിസി 404 വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും വിധിച്ച കോടതി ഐപിസി 302 പ്രകാരം പ്രതിക്ക് വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!