പേവിഷ വാക്‌സിനുകള്‍ കേരളത്തില്‍ ഉത്‌പാദിപ്പിക്കും : മന്ത്രി കെ.രാജു

vaccinationമലപ്പുറം: മൂന്നു വര്‍ഷത്തിനുള്ളില്‍ ആന്റി റാബീസ്‌ വാക്‌സിനുകള്‍ ഇവിടെ ഉത്‌പാദിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ കേരളമെന്ന്‌ മൃഗസംരക്ഷണ വകുപ്പ്‌ മന്ത്രി കെ.രാജു പറഞ്ഞു. വാക്‌സിന്‍ കിട്ടാത്ത അവസ്ഥ ഇപ്പോഴുണ്ട്‌. വാക്‌സിന്‍ കമ്പനികള്‍ കൊള്ള ലാഭം കൊയ്യുകയാണ്‌. ന്യായമായ വിലയ്‌ക്ക്‌ വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയണം.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക ജന്തുജന്യ രോഗദിനാചരണത്തിന്റെയും പേവിഷ വിമുക്ത കേരളം രണ്ടാം ഘട്ടത്തിന്റെയും ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
തെരുവു നായ്‌ക്കളെ നിയന്ത്രിക്കുന്നതിന്‌ നമുക്ക്‌ കഴിഞ്ഞിട്ടില്ലെന്ന്‌ മന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ തെരുവുനായ കണക്കെടുപ്പിനപ്പുറം വിജയിച്ചോ എന്ന്‌ പരിശോധിക്കേണ്ടതുണ്ട്‌. ഇക്കാര്യത്തില്‍ വേണ്ടത്ര ബോധവത്‌കരണം നടന്നിട്ടില്ല.
തെരുവുനായ നിയന്ത്രണത്തില്‍ ജനകീയ പങ്കാളിത്തത്തോടെ വലിയ പ്രചാരണം ഏറ്റെടുക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ ഇതില്‍ വലിയ പങ്ക്‌ വഹിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. കെ.മുരളീധരന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. വീടുകളില്‍ വളര്‍ത്തുന്ന എല്ലാ നായ്‌ക്കളെയും പേവിഷ പ്രതിരോധ കുത്തിവെയ്‌പ്പിന്‌ വിധേയമാക്കി ലൈസന്‍സ്‌ നല്‍കുകയാണ്‌ പേവിഷ വിമുക്തകേരളം രണ്ടാം ഘട്ടത്തിന്റെ ലക്ഷ്യം.
ചടങ്ങില്‍ മന്ത്രി വാക്‌സിന്‍ കിറ്റുകള്‍ കൈമാറി. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ജന്തുജന്യരോഗ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ്‌ മത്സര വിജയികള്‍ക്ക്‌ സമ്മാനങ്ങളും വിതരണം ചെയ്‌തു. പേവിഷവിമുക്ത കേരളം റിപ്പോര്‍ട്ട്‌ മൃഗസംരക്ഷണ വകുപ്പ്‌ സെക്രട്ടറി അനില്‍ സേവ്യര്‍ അവതരിപ്പിച്ചു. വനംവകുപ്പ്‌ പ്രിന്‍സിപ്പല്‍ ചീഫ്‌ കണ്‍സര്‍വേറ്റര്‍ ജി.ഹരികുമാര്‍, മ്യൂസിയം, മൃഗശാല ഡയറക്ടര്‍ കെ.ഗംഗാധരന്‍, മൃഗസംരക്ഷണ വകുപ്പ്‌ ഡയറക്ടര്‍ ഡോ.എന്‍.എന്‍.ശശി, അഡീഷണല്‍ ഡയറക്ടര്‍ ഡോ.കെ.കെ.ജയരാജ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles