Section

malabari-logo-mobile

പെരിന്തല്‍മണ്ണയില്‍ ദുരഭിമാന തട്ടിക്കൊണ്ട് പോകല്‍; യുവതിയെ മാനസിക ചികിത്സാ കേന്ദ്രത്തില്‍ നിന്നും പോലീസ് മോചിപ്പിച്ചു

HIGHLIGHTS : പെരിന്തല്‍മണ്ണ : വീട്ടുകാര്‍ മാനസിക ചികിത്സാ കേന്ദ്രത്തില്‍ തടങ്കലില്‍ വെച്ച യുവതിയെ പോലീസ് മോചിപ്പിച്ചു. ചെറുകര മലറോഡ് സ്വദേശിനിയായ സാബിക്ക (27) യ...

പെരിന്തല്‍മണ്ണ : വീട്ടുകാര്‍ മാനസിക ചികിത്സാ കേന്ദ്രത്തില്‍ തടങ്കലില്‍ വെച്ച യുവതിയെ പോലീസ് മോചിപ്പിച്ചു. ചെറുകര മലറോഡ് സ്വദേശിനിയായ സാബിക്ക (27) യെയാണ് സ്വന്തം പിതാവും സഹോദരനും ബന്ധുക്കളും കൂടി ബലമായി തട്ടിക്കൊണ്ട് പോയി ഇടുക്കി, എറണാകുളം ജില്ലകളിലെ പല മാനസിക ചികിത്സാ കേന്ദ്രങ്ങളില്‍ ഒരു മാസത്തോളം അന്യായമായി തടങ്കലില്‍ വച്ച് പീഡിപ്പിച്ചിരുന്നത്. സാബിക്കയെ ഹൈക്കോടതി കാമുകന്‍ തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി ഗഫൂറിനൊപ്പം വിട്ടയച്ചു.

മുക്കം കെഎംസിടിയില്‍ ബിഡിഎസിനു പഠിക്കുന്ന യുവതി 7 വര്‍ഷമായി ഗഫൂര്‍ എന്ന യുവാവുമായി പ്രണയത്തിലാണ്. യുവാവിന് സാമ്പത്തിക ശേഷി ഇല്ലെന്നും സൗന്ദര്യം കുറവാണെന്നും പറഞ്ഞാണ് യുവതിയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തിരുന്നത്. യുവാവിനൊപ്പം താമസിച്ചു വന്നിരുന്ന യുവതി സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ കൊടുത്ത സമയത്താണ് വിവാഹം നടത്തി തരാമെന്ന് വാഗ്ദാനം നല്‍കി തന്ത്രപൂര്‍വ്വം നവംബര്‍ മാസം 3 ാം തീയതി പിതാവ് വിളിച്ചു വരുത്തിയത്.

sameeksha-malabarinews

തുടര്‍ന്ന് നവംബര്‍ 5 രാത്രി മുതല്‍ കാണാതായ യുവതിയെ ഹാജരാക്കുന്നതിന് യുവാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. രണ്ട് തവണയും യുവതിയെ ഹാജരാക്കാതിരുന്ന പിതാവ് ,യുവതി തങ്ങളുടെ കൈവശമില്ലെന്ന സ്റ്റേറ്റ് മെന്റാണ് ഹൈക്കോടതിയില്‍ നല്‍കിയത്. എന്നാല്‍ യുവതിയെ കൂത്താട്ടുകുളത്തെ ഒരു മാനസിക ചികിത്സാ കേന്ദ്രത്തില്‍ നിന്നും ഡിസംബര്‍ 5 ന് പോലീസ് കണ്ടെത്തുന്നതോടെയാണ് ഇവര്‍ക്കെതിരെ നടന്ന ക്രൂരത പുറം ലോകം അറിയുന്നത്.

യുവതിയുടെ മൊഴി പ്രകാരം മാനസിക രോഗങ്ങളൊന്നും ഇല്ലാതിരുന്ന അവരെ പിതാവും ബന്ധുക്കളും കൂടി ആദ്യം തൊടുപുഴ പൈങ്കുളം മാനസിക ചികിത്സാ കേന്ദ്രത്തിലും പിന്നീട് കൂത്താട്ടുകുളം സാന്ത്വല മാനസിക ചികിത്സാ കേന്ദ്രത്തിലും 30 ദിവസത്തോളം അനധികൃതമായി തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. നവംബര്‍ 5 ന് രാത്രി ബന്ധുക്കളും പൈങ്കുളം ആശുപത്രി ജീവനക്കാരും തന്നെ ബലമായി പിടിച്ചു കെട്ടി ഏതോ ഇന്‍ജെക്ഷന്‍ എടുത്ത് മയക്കി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു. പിന്നീട് 2 ദിവസം കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോള്‍ താന്‍ ആശുപത്രി സെല്ലിലായിരുന്നെന്നും പിന്നീട് പോലീസ് വന്ന് 30 ദിവസത്തിനു ശേഷം രക്ഷിച്ചപ്പോഴാണ് താന്‍ പുറം ലോകം കണ്ടതെന്നും യുവതി അറിയിച്ചു.

ആശുപത്രിയില്‍ നിന്നും പോലീസിന് ലഭിച്ച വിവരങ്ങള്‍ പ്രകാരം യുവതിയ്ക്ക് മുന്‍പ് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതിന്റെ രേഖകളൊന്നും ബന്ധുക്കളുടെ കൈവശമുണ്ടായിരുന്നില്ല എന്നാണ് അറിയുന്നത്. കൂടാതെ ആശുപത്രിയില്‍ യുവതിയെ ചികിത്സിച്ചു കൊണ്ടിരുന്നപ്പോള്‍ എടുത്ത ചിത്രങ്ങളില്‍ മാനസിക ചികിത്സ നല്‍കി യുവതി വളരെ അവശനിലയില്‍ ആയിരുന്നെന്ന് മനസ്സിലാകുന്നതാണ്.

യുവാവിന്റെ പരാതി പ്രകാരം തട്ടിക്കൊണ്ട്‌പോയതിനും അന്യായ തടങ്കലില്‍ വച്ച് പീഡിപ്പിച്ചതിനും പെരിന്തല്‍മണ്ണ പോലീസ് കേസ്സെടുത്ത് അന്വേഷണം നടത്തി വരുകയായിരുന്നു. പിതാവായ ഏലംകുളം വാഴത്തൊടി അലി, സഹോദരന്‍ ഷഫീഖ് , ബന്ധു നാട്ടുകല്‍ 53 സ്വദേശി ഷഹീന്‍ എന്നിവര്‍ക്കെതിരായാണ് കേസ്സ്.

ഡിസംബര്‍ 6 ന് യുവതിയെ കണ്ടെത്തി പോലീസ് ഹൈക്കോടതിയില്‍ ഹാജരാക്കിയപ്പോള്‍ രൂക്ഷമായ ഭാഷയിലാണ് കോടതി ഈ പ്രവൃത്തിയെ വിമര്‍ശിച്ചത്.സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പെരിന്തല്‍മണ്ണ പോലീസ് ബന്ധുക്കള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ്സ് ഡി.വൈ. എസ്.പി. റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കുന്നതിന് കോടതി ഉത്തരവിട്ടു. യുവതിയെ അന്യായ തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതിന് കൂട്ടുനിന്ന മാനസിക ചികിത്സാ കേന്ദ്രങ്ങള്‍ക്കെതിരെയും അന്വേഷണം വേണമെന്ന് അഭിപ്രായപ്പെട്ടു. ഇരകള്‍ക്ക് ഭാവിയില്‍ പോലീസ് സംരക്ഷണം നല്‍കുന്നതിന് തൃശൂര്‍ റൂറല്‍ എസ്.പി.ക്ക് നിര്‍ദ്ദേശം നല്‍കിയ കോടതി ഇത്തരം കേസ്സുകളില്‍ ശരിയായ രീതിയില്‍ കക്ഷികളെ കാര്യങ്ങള്‍ ബോധിപ്പിക്കാതിരുന്ന എതിര്‍ ഭാഗം വക്കീലിനേയും വിമര്‍ശിച്ചു. ഒരു യുവാവിനെ പ്രേമിച്ചു എന്ന കാരണത്താല്‍ ആണ് ഒരു യുവതി ഇത്രമാത്രം പീഡനം ഏറ്റുവാങ്ങേണ്ടി വന്നതെന്ന് കോടതി നിരീക്ഷിച്ചു. യുവതിയെ പിന്നീട് കോടതി യുവാവിനൊപ്പം വിട്ടു.

കേസ്സില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. എസ് ഐ മന്‍ജിത്ത് ലാലിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കബീര്‍, ദിനേശന്‍, സുനിജ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!