ജനവാസകേന്ദ്രത്തിലേക്ക് മലിനജലം; പരപ്പനങ്ങാടി നഗരസഭയിലേക്ക് ജനകീയ മാര്‍ച്ച്

പരപ്പനങ്ങാടി: സ്വകാര്യാശുപത്രിയിലെ മലിനജലം ജനവാസ കേന്ദ്രത്തിലേക്ക് തുറന്നുവിടുന്നതിനെതിരെ പരിസരവാസികളുടെ പ്രക്ഷോഭം ശക്തമാകുന്നു. പരപ്പനങ്ങാടി നഗരസഭ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാഷ്ട്രീയ ഭേദമന്യേ അഞ്ചപ്പുരയിലെ യുവാക്കളുടെ നേതൃത്വത്തില്‍ ജനകീയമാര്‍ച്ച് നടത്തി. അഞ്ചപ്പുരയിലെ നഹാസ് ആശുപത്രിയുടെ പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് മുന്‍സിപ്പാലിറ്റിയില്‍ സമാപിച്ചു.

നിരന്തരമായി നിയമലംഘനങ്ങള്‍ നടന്നിട്ടും മുന്‍സിപ്പല്‍ അധികാരികള്‍ യാതൊരു നടപടികളും കൈകൊള്ളുന്നില്ലെന്ന് സമരക്കാര്‍ ആരോപിച്ചു. ഈ പ്രദേശത്തെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് നഗരസഭയും സമരക്കാരും ആശുപത്രി അധികൃതരും ചേര്‍ന്നെടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കിയില്ലെന്നും സമരക്കാര്‍ പറഞ്ഞു.

നഗരസഭ ആസ്ഥാനത്തേക്ക് നടന്ന ജനകീയമാര്‍ച്ച് കൗണ്‍സിലര്‍ ഹനീഫ കൊടപ്പാളി ഉദ്ഘാടനം ചെയ്തു. മുനീര്‍, ബാദ്ഷാ എന്നിവര്‍ സംസാരിച്ചു.

Related Articles