മലപ്പുറം ഇനി സൂപ്പര്‍ ക്ലീന്‍: ജില്ലയെ സമ്പൂര്‍ണ മാലിന്യമുക്തമായി പ്രഖ്യാപിച്ചു

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയെ സമ്പൂര്‍ണ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിച്ചു. ഡിടിപിസി ഹാളില്‍ നടന്ന ചടങ്ങില്‍ പി. ഉബൈദുള്ള എം എല്‍ എ യാണ് ജില്ലയെ സമ്പൂര്‍ണ മാലിന്യമുക്തമായി പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ‘മാലിന്യമുക്തം നവകേരളം’ ക്യാംപയിന്റെ ഭാഗമായുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ വഴിയാണ് ജില്ല ഈ നേട്ടം കൈവരിച്ചത്. ക്യാംപയിനില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച പഞ്ചായത്തിനുള്ള പുരസ്‌കാരം പുറത്തൂര്‍ ഗ്രാമപഞ്ചായത്തിന് ലഭിച്ചു. തുടര്‍ച്ചയായി 95 ശതമാനത്തില്‍ കൂടുതല്‍ ഹരിതമിത്രം ആപ്പില്‍ സര്‍വീസ് നടത്തിയതിനും 95 ശതമാനത്തിന്‍മേലുള്ള കവറേജിനുമാണ് അവാര്‍ഡ് ലഭിച്ചത്.

ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഹരിത കര്‍മ സേനകളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ജില്ലക്ക് അഭിമാന നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്നും മാലിന്യം തുടച്ചു നീക്കാന്‍ ഇനിയും ജനകീയ പങ്കാളിത്തം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സാക്ഷരതയിലും അക്ഷയയിലും കുടുംബശ്രീയിലും ജില്ല മാതൃക സൃഷ്ടിച്ചിട്ടുണ്ട്. മാലിന്യമുക്ത കേരളത്തിനു വേണ്ടിയും ഈ മാതൃക പിന്തുടരണം. മാലിന്യം സംസ്‌കരിക്കണമെന്നത് എല്ലാവരുടെയും ആവശ്യമാണ്. ഇതിന് വേണ്ടി മാലിന്യ പ്ലാന്റ് സ്ഥാപിക്കാന്‍ ശ്രമിച്ചാല്‍ പ്രതിഷേധം ഉയരുന്ന സാഹചര്യമുണ്ട്. ഈ മനോഭാവത്തില്‍ മാറ്റം വരണമെന്നും ബോധവത്കരണത്തിലൂടെ ഈ പ്രതിസന്ധിയെ മറികടക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതും വീടുകളും സ്ഥാപനങ്ങളുമുള്ള ജില്ലയില്‍ മാര്‍ച്ച് മാസത്തില്‍ 10 ലക്ഷത്തിലധികം വീടുകളും സ്ഥാപനങ്ങളും ഹരിത കര്‍മ്മ സേനക്ക് ഹരിത മിത്രം ആപ്പ് വഴി പാഴ് വസ്തുക്കള്‍ നല്‍കി. ഹരിത ടൗണുകള്‍ -145, ഹരിത മാര്‍ക്കറ്റ് പൊതുവിടങ്ങള്‍ – 141, ഹരിത വിദ്യാലയം- 1606, ഹരിത കലാലയങ്ങള്‍- 156, ഹരിത ഓഫീസുകള്‍- 5124, ഹരിതവിനോദ സഞ്ചാര കേന്ദ്രങ്ങള്‍ -13, ഹരിത അയല്‍ക്കൂട്ടങ്ങള്‍-33532 എന്നിങ്ങനെയാണ് പ്രഖ്യാപിച്ചത്. 3489 ഹരിതകര്‍മ സേന അംഗങ്ങളാണ് സജീവമായി പ്രവര്‍ത്തിക്കുന്നത്. 253 ഇടങ്ങളിലാണ് മാലിന്യം തള്ളുന്നവരെ പിടികൂടാനായി ക്യാമറകള്‍ സ്ഥാപിച്ചത്. ശുചിത്വ പദവി നിലനിര്‍ത്തുന്നതിനും മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ക്രിയാത്മകമായി നടപ്പിലാക്കുന്നതിനും സുസ്ഥിര സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിനും ഊര്‍ജിതമായ പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ തുടര്‍ന്നും നടപ്പാക്കും.

ചടങ്ങില്‍ മാലിന്യ സംസ്‌കരണ മേഖലയില്‍ മികവ് പുലര്‍ത്തിയ പഞ്ചായത്ത്, നഗരസഭ, ബോക്ക്, സ്ഥാപനം, സി ഡി എസ് എന്നിവയെ അനുമോദിച്ചു. അഡ്വ. യു എ ലത്തീഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി, പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസന്‍ ആറ്റുപുറം, തിരൂങ്ങാടി നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി, കലാം മാസ്റ്റര്‍, പി സെതലവി, ജി വരുണ്‍, പ്രീതി മേനോന്‍, ലതിക, സുരേഷ്, ബീന സണ്ണി, കെ ശ്രീധരന്‍, പി എസ് വരുണ്‍ ശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വി കെ മുരളി സ്വാഗതവും പി ബി ഷാജു നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top