Section

malabari-logo-mobile

കായികരംഗത്തെ കേരള ചരിത്രമാണ് ബീച്ച് ഗെയിംസ്;സ്പീക്കര്‍

HIGHLIGHTS : മലപ്പുറം: കായികരംഗത്തെ കേരള ചരിത്രമാണ് ബീച്ച് ഗെയിംസെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പൊന്നാനി ഹാര്‍ബറില്‍ ബീച്ച് ഗെയിംസിന്റെ ജില്ലാതല മത്സരങ്ങ...

മലപ്പുറം: കായികരംഗത്തെ കേരള ചരിത്രമാണ് ബീച്ച് ഗെയിംസെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പൊന്നാനി ഹാര്‍ബറില്‍ ബീച്ച് ഗെയിംസിന്റെ ജില്ലാതല മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടലിനോട് ഏറ്റുമുട്ടുന്ന തീരദേശ വാസികള്‍ക്ക് കായിക മേഖലയുമായി ബന്ധപ്പെടാന്‍ അവസരമില്ല. കേരളത്തിന് അവരുടെ കായിക ശേഷി ലഭിക്കുന്നില്ല. അതാണ് സര്‍ക്കാര്‍ തീരദേശ നിവാസികളുടെ കായിക ശേഷി കൂട്ടാന്‍ ബീച്ച് ഗെയിംസ് സംഘടിപ്പിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. തീരദേശ നിവാസികളുടെ കായിക ശേഷി ചരിത്രത്തിന്റെ ഭാഗമാണെന്നും പറങ്കി പടകള്‍ക്കെതിരെ മുതല്‍ ഇക്കഴിഞ്ഞ മഹാപ്രളയം വരെ കടലിനോട് ഏറ്റുമുട്ടുന്ന ഇവരുടെ കായിക ശേഷി അടുത്തറിഞ്ഞതാണ്. ആ കായിക ശേഷി കേരളത്തിന്റെ കായിക മേഖലയുടെ നേട്ടമാണെന്നും സ്പീക്കര്‍ പറഞ്ഞു.

തീരദേശത്തിന്റെ വികസനമാണ് ബീച്ച് ഗെയിംസ്. അവ ഉള്‍ക്കൊണ്ട് കായിക രംഗത്തേക്ക് തീരദേശക്കാര്‍ ഉയര്‍ന്നു വരണമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. പൊന്നാനിയില്‍ സമഗ്ര വികസനമാണ് നടപ്പിലാക്കുന്നത്. ഹാര്‍ബറിനകത്തെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് ഗ്രൗണ്ട് നിര്‍മിക്കാനുള്ള സാധ്യതകള്‍ അന്വേഷിക്കുമെന്നും അതിനായി പരിശ്രമിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.

sameeksha-malabarinews

ബീച്ച് ഗെയിംസിന് വടംവലി, വോളിബോള്‍ മത്സരങ്ങളോടെ തുടക്കമായി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ടൂറിസം, ഫിഷറീസ്, കായികം തുടങ്ങി വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് ബീച്ച് ഗെയിംസ് നടക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനോടൊപ്പം അംഗീകൃത ക്ലബ്ബുകള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും അവസരം നല്‍കിയാണ് മത്സരങ്ങള്‍ നടക്കുക.
നവംബര്‍ 17 മുതല്‍ 25 വരെ പൊന്നാനിയിലും, പടിഞ്ഞാറെക്കരയിലുമായി നടക്കുന്ന മത്സരങ്ങളില്‍ 18 വയസ്സിന് മുകളിലുള്ള പുരുഷന്‍മാര്‍ക്കും, 16 ന് മുകളിലുള്ള സ്ത്രീകള്‍ക്കും പങ്കെടുക്കാം. ഫുട്ബോള്‍, വോളിബോള്‍, കബഡി, വടംവലി മത്സരങ്ങള്‍ എന്നിവ ബീച്ച് ഗെയിംസിലുണ്ടാകും. മത്സ്യത്തൊഴിലാളികള്‍ക്കും പൊതു വിഭാഗത്തില്‍പ്പെട്ടവര്‍ക്കും പ്രത്യേകമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക.
ജില്ലയിലെ 22 വോളിബോള്‍ ടീമുകളും 12 വടംവലി ടീമുകളും മത്സരത്തില്‍ പങ്കെടുക്കും. 18 ന് രാവിലെ ഏഴിന് ഫുട്ബോള്‍ മത്സരവും വൈകീട്ട് മൂന്നിന് കബഡി മത്സരവും നടക്കും. ഫുട്ബോള്‍ മത്സരത്തില്‍ ജില്ലയിലെ 33 ടീമുകള്‍ പങ്കെടുക്കും. 19 ന് വൈകീട്ട് മൂന്നിന് വനിതകളുടെ കബഡി, വടംവലി മത്സരങ്ങളും നടക്കും. നവംബര്‍ 24, 25 തീയതികളില്‍ പടിഞ്ഞാറെക്കരെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനില്‍ തീരദേശവാസികള്‍ക്കായുള്ള ഫുട്ബോള്‍, വടംവലി മത്സരങ്ങളും നടക്കും.

മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് പ്രത്യേകം മത്സരമില്ലെങ്കിലും പൊതുവായി നടത്തുന്ന മത്സരങ്ങളില്‍ ഇവര്‍ക്കും പങ്കെടുക്കാം. ഓരോ ഇനത്തിലും വിജയികളാവുന്ന ഒന്നാം സ്ഥാനക്കാര്‍ക്ക് 15000 രൂപയും, രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 10000, 5000 എന്നിങ്ങനെയുമാണ് സമ്മാനത്തുക. ഡിസംബറിലാണ് സംസ്ഥാന തല മത്സരങ്ങള്‍ നടക്കുക.

പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായ ഉദ്ഘാടന ചടങ്ങില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ.ശ്രീകുമാര്‍, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങള്‍, പുറത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് സൗദ, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് വി.പി അനില്‍ , സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ഒ.ഒ ഷംസു, ടി. മുഹമ്മദ് ബഷീര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ആന്‍ഡ് കണ്‍വീനര്‍ പ്രോഗ്രാം കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പര്‍ പി.ഹൃഷികേഷ് കുമാര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!