നിര്‍ഭയത്വം ജന്മസിദ്ധമല്ലെന്നും അത് ആര്‍ജ്ജിക്കേണ്ടതാണെന്നും ഇറാനിയന്‍ സംവിധായികയും രാജ്യാന്തര ചലച്ചിത്രമേളയിലെ സ്പിരിറ്റ് ഓഫ് സിനിമാ അവാര്‍ഡ് ജേത്രിയുമായ മഹ് നാസ് മുഹമ്മദി.ജീവിതത്തില്‍ സ്വന്തം പാത വെട്ടിത്തെളിക്കുകയല്ലാതെ തനിക്കു മുന്നില്‍ വേറെ മാര്‍ഗ്ഗങ്ങളുണ്ടായിരുന്നില്ല. പൂര്‍ത്തീകരിക്കാനാവാത്ത അവകാശവാദങ്ങള്‍ക്കോ ഉത്തരവാദിത്വങ്ങള്‍ക്കോ വഴങ്ങാതെ ധീരതയോടെ നിലനില്‍ക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും മീഡിയാ സെന്ററിന് അനുവദിച്ച ഇ – മെയില്‍ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
സ്ത്രീകളാണ് എക്കാലത്തും ലോകത്തെ ഏറ്റവും വലിയ ന്യൂനപക്ഷം. അവരുടെ വേദനകളെക്കുറിച്ചു പറയാനും മാറ്റത്തിനായി പരിശ്രമിക്കാനും സിനിമയെ ഒരു മാധ്യമമായി ഉപയോഗിക്കാനാകുമെന്നും അവര്‍ പറഞ്ഞു. എട്ടു വയസ്സുള്ള കുട്ടികളെ വരെ വെടിവെച്ച് കൊല്ലുന്ന ഇറാനില്‍ സ്വതന്ത്ര സിനിമകള്‍ നിര്‍മ്മിക്കുന്നത് അസംബന്ധവും അപരിഷ്‌കൃതവുമായ ആശയമാണന്നും മഹ്നാസ് മുഹമ്മദി പറഞ്ഞു.ജാഫര്‍ പനാഹിയുടെ ചിത്രങ്ങള്‍ തന്നെ പ്രചോദിപ്പിച്ചിട്ടുണ്ടന്നും അവര്‍ വ്യക്തമാക്കി.
സ്ത്രീകളുടെ ജീവിതം ഒരു കണ്ണാടിയിലെന്ന പോലെ സമൂഹത്തിന് മുമ്പില്‍ പ്രതിഫലിപ്പിക്കാന്‍ സിനിമ എന്ന മാധ്യമം ഉപയോഗിക്കാന്‍ സാധിക്കുമെന്നും മഹ് നാസ് മുഹമ്മദി പറഞ്ഞു .
സെര്‍ബിയയിലെ വര്‍ത്തമാനകാല രാഷ്ട്രീയവും ജീവിതാവസ്ഥകളും പങ്കുവയ്ക്കുന്ന ആറു നവതരംഗ ചിത്രങ്ങള്‍ രാജ്യാന്തര മേളയില്‍ . ത്രികോണപ്രണയത്തിന്റെ കഥ പറയുന്ന ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ഇവാന്‍ ഇകിക്ക് ചിത്രം ഒയാസിസ് ,അസ്ഫാര്‍ അസ് ഐ കാന്‍ വാക്ക് തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രേക്ഷക പ്രീതി നേടിയ വര്‍ക്കിംഗ് ക്ലാസ്സ് ഹീറോസ് എന്ന ചിത്രം നിര്‍മാണ തൊഴിലാളികളുടെ അവകാശ ലംഘന പോരാട്ടങ്ങളാണ് പ്രമേയമാക്കുന്നത്.മിലോസ് പുസിചാണ് ചിത്രത്തിന്റെ സംവിധായകന്‍.
നഷ്ടപ്പെട്ട മക്കളെ വീണ്ടെടുക്കാന്‍ അച്ഛന്‍ നടത്തുന്ന പോരാട്ടമാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സെര്‍ദാന്‍ ഗോലുബോവിചിന്റെ ഫാദര്‍ എന്ന ചിത്രത്തിന്റെ പ്രമേയം. ആഫ്രിക്കന്‍ കുടിയേറ്റക്കാരുടെ സ്വത്വം,പാരമ്പര്യം, അതിജീവനം തുടങ്ങിയ വിഷയങ്ങളാണ് സ്റ്റെഫാന്‍ ആഴ്‌സനിജെവികിന്റെ അസ് ഫാര്‍ അസ് ഐ കാന്‍ വാക്ക് ചര്‍ച്ച ചെയ്യുന്നത്.
സിനിസാ സ് വെറ്റിക് സംവിധാനം ചെയ്ത ദി ബിഹെഡിങ് ഓഫ് സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ,ഹട്‌സി അലക്‌സാണ്ടര്‍ ജുറോവിക്കിന്റെ എ ക്രോസ്സ് ഇന്‍ ടെസേര്‍ട്ട് എന്നീ ചിത്രങ്ങളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും .
ഈജിപ്റ്റിലെ മത രാഷ്ട്രീയം പ്രതിസന്ധിയിലാക്കിയ വിദ്യാര്‍ഥിയുടെ ജീവിതം ചിത്രീകരിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ‘ബോയ് ഫ്രം ഹെവന്‍’ രാജ്യാന്തര ചലച്ചിത്ര മേളയില്‍ .കാന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയ ചിത്രം ലോക സിനിമാ വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഉന്നത വിദ്യാഭ്യാസത്തിനായി കെയ്റോയില്‍ എത്തുന്ന ഒരു സാധാരണക്കാരനായ വിദ്യാര്‍ത്ഥിക്ക് യാഥാസ്ഥിതികരായ മതമേധാവികളില്‍ നിന്നും നേരിടേണ്ടിവരുന്ന പ്രയാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.കഥാപാത്രം അനുഭവിക്കുന്ന മതപരവും രാഷ്ട്രീയപരവുമായ അനീതികളിലൂടെയാണ് ‘കെയ്‌റോയിലെ ഗൂഢാലോചന’ എന്ന് നിരൂപകര്‍ വിശേഷിപ്പിക്കുന്ന ചിത്രം വികസിക്കുന്നത്.
വിഖ്യാത സ്വീഡിഷ് സംവിധായകനായ താരിഖ് സലേ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് മേളയിലേത്.
അമേരിക്കന്‍ ചലച്ചിത്ര പ്രതിഭ പോള്‍ ഷ്രെയ്ഡറുടെ സിനിമാ ജീവിതത്തിലെ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് രാജ്യാന്തര ചലച്ചിത്ര മേളയില്‍ അഞ്ചു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.അസ്തിത്വ പ്രതിസന്ധി ആധാരമാക്കിയ ഷ്രെയ്ഡറുടെ തിരക്കഥയില്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസി സംവിധാനം ചെയ്ത ശ്രദ്ധേയ ചിത്രം ടാക്സി ഡ്രൈവറും ഷ്രെയ്ഡര്‍ സംവിധാനം ചെയ്ത മിഷിമ: എ ലൈഫ് ഇന്‍ ഫോര്‍ ചാപ്റ്റേഴ്സ്, ഫസ്റ്റ് റിഫോര്‍മ്ഡ്, തുടങ്ങിയ ചിത്രങ്ങളാണ് മേളയിലെ റെട്രോസ്പെക്റ്റീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് .
തന്റെ മതവിശ്വാസം സംബന്ധിച്ച സംശയങ്ങള്‍ തീര്‍ക്കാന്‍ മനഃശാസ്ത്രജ്ഞനെ കാണേണ്ടി വരുന്ന ഒരു പുരോഹിതന്റെ കഥയാണ് ഷ്രെയ്ഡറുടെ ഫസ്റ്റ് റിഫോര്‍മ്ഡ് എന്ന ചിത്രം പ്രമേയമാക്കുന്നത്. യുകിയോ മിഷിമ എന്ന എഴുത്തുകാരന്റെ യഥാര്‍ത്ഥ ജീവിതത്തെ ആധാരമാക്കിയാണ് മിഷിമ: എ ലൈഫ് ഇന്‍ ഫോര്‍ ചാപ്റ്റേഴ്സ് എന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് . അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റര്‍ ഗാര്‍ഡനര്‍. ഷ്രെയ്ഡര്‍ തിരക്കഥയെഴുതി മാര്‍ട്ടിന്‍ സ്‌കോര്‍സെസി സംവിധാനം ചെയ്ത ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന ചിത്രവും മേളയില്‍ പ്രദര്‍ശിപ്പിക്കും




