Section

malabari-logo-mobile

ഇന്ന് മഹാത്മാ അയ്യങ്കാളി ദിനം: സമത്വത്തിന്റെ സമരം.അയ്യന്‍കാളിയുടെ സമരം

HIGHLIGHTS : ഇന്ന് മഹാത്മാ അയ്യങ്കാളിയുടെ 156ാമത് ജന്മദിനം. തന്റെ ജീവിതം മുഴുവന്‍ അധസ്ഥിത വര്‍ഗ്ഗത്തിന്റെ അടിമത്തം അവസാനിപ്പിക്കാന്‍ പോരാടിയ ആ മഹദ് വ്യക്തി ഉയര്...

ഇന്ന് മഹാത്മാ അയ്യങ്കാളിയുടെ 156ാമത് ജന്മദിനം. തന്റെ ജീവിതം മുഴുവന്‍ അധസ്ഥിത വര്‍ഗ്ഗത്തിന്റെ അടിമത്തം അവസാനിപ്പിക്കാന്‍ പോരാടിയ ആ മഹദ് വ്യക്തി ഉയര്‍ത്തിപ്പിടിച്ച രാഷട്രീയവും, പോരാട്ടത്തിന്റെ ഊര്‍ജ്ജവും ഏറെ കാലികപ്രസക്തവുമാണ്.
ദളിത് വിഭാഗങ്ങള്‍ക്ക് വഴിനടക്കാനും, വസ്ത്രം ധരിക്കാനും, പഠിക്കാനുമുള്ള അവകാശങ്ങള്‍ നേടിയെടുക്കാന്‍ നിരവധി സമരങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നു.
അയ്യങ്കാളി ദിനത്തില്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളുടെ സമകാലിക പ്രസക്തി സൂക്ഷമായി നിരീക്ഷിക്കപ്പെടുന്ന എഴുത്തകാരനും വിദ്യഭ്യാസപ്രവര്‍ത്തകനുമായ ഡോ. . എംസി അബ്ദുല്‍നാസറിന്റെ ഫെയസ്ബുക്ക് കുറിപ്പ് ഏറെ ശ്രദ്ധേയമാകുന്നു.

കീഴാളന്റെ കുട്ടികള്‍ക്ക് പഠിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള സമരം നടത്തുന്നതിലൂടെ അയ്യങ്കാളി മുന്നോട്ട് വെച്ചത് കേവലം വിദ്യഭ്യാസത്തിനായിരുന്നില്ല മറിച്ച് വിദ്യഭ്യാസത്തിലൂടെ എത്തിച്ചേരേണ്ട സമത്വത്തിനായിരുന്നു എന്ന നിരീക്ഷണം ഈ കുറിപ്പില്‍ അബ്ദുല്‍ നാസര്‍ പങ്കുവെക്കുന്നു

sameeksha-malabarinews

ഡോ. എം.സി. അബ്ദുല്‍ നാസറിന്റെ ഫെയ്‌സബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കേരളത്തില്‍ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരം നടക്കുന്നത് കൃഷിയുമായി ബന്ധപ്പെട്ട ഒരാവശ്യത്തിനായിരുന്നില്ല. ‘എങ്ങടെ കുട്ടികളെ പള്ളിക്കൂടങ്ങളില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് മുളപ്പിക്കും’ എന്ന പണിമുടക്ക് പ്രഖ്യാപനം മഹാത്മാ അയ്യന്‍കാളി നടത്തുന്നത് കുട്ടികള്‍ക്ക് പഠിക്കാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നു. കേവലം വിദ്യാഭ്യാസത്തിനായിരുന്നുമില്ല അത്.മറിച്ച് വിദ്യാഭ്യാസത്തിലൂടെ എത്തിച്ചേരേണ്ട സമത്വത്തിനായിരുന്നു. സ്‌കൂളുകളില്‍ മേല്‍ജാതിക്കാര്‍ പ്രവേശനം അനുവദിക്കാത്തതു കൊണ്ട് ദലിതര്‍ക്ക് മാത്രമായി സ്‌കൂളുകള്‍ അനുവദിക്കണം എന്നതായിരുന്നില്ല ഊരൂട്ടമ്പലം സ്‌കൂളില്‍ അയ്യന്‍കാളി ഉയര്‍ത്തിയ വാദം. പൊതു പണം ഉപയോഗിച്ചു നടത്തുന്ന ഏത് സ്‌കൂളിലും ഞങ്ങള്‍ക്ക് പഠിക്കാന്‍ അവസരമുണ്ടാവണം എന്നു തന്നെയാണ് ആ നിലപാട്.
സമത്വത്തിലേക്കെത്താനുള്ള വിദ്യാഭ്യാസം എന്നതാണ് കീഴാളന്റെ ലക്ഷ്യം. അതു കൊണ്ട് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുള്ള ഒരവസരവും വിട്ടു കളയരുത്. സാവിത്രി ഭായ് ഫൂലെയും ബാബാ സാഹേബും മുതല്‍ കാഞ്ച ഐലയ്യ ഷെപ്പേഡ് വരെ ഉയര്‍ത്തുന്ന ഈ നിലപാടില്‍ ഒരു സാംസ്‌കാരികയുക്തിയുണ്ട്.ഇന്ത്യയിലെ ഏതു നാട്ടുഭാഷയുടേയും പൈതൃകം ജാതിമേധാവിത്വത്തിന്റേതാണ്.മലയാളമോ ഹിന്ദിയോ തമിഴോ ഏതുമാവട്ടെ, ഭാഷയിലെ ആ മേധാവിത്വത്തോട് എതിരിട്ടു കൊണ്ടു മാത്രമേ ഒരു ദലിതന് മുന്നോട്ടു പോവാനാവൂ. നിങ്ങള്‍ ഒരാളെ അഭിവാദ്യം ചെയ്യുമ്പോള്‍ ഗുഡ് മോര്‍ണിംഗ് എന്നേ പറയാവൂ. എങ്കില്‍ നിങ്ങള്‍ക്ക് ഗുഡ് മോര്‍ണിംഗ് എന്നു തന്നെ തിരിച്ചു കിട്ടും. ഇന്ത്യന്‍ ഭാഷകളിലാണെങ്കില്‍ നിങ്ങള്‍ കീഴാളത്തവും മേലാളത്തവും അറിയും എന്ന് മാധ്യമ പ്രവര്‍ത്തകനും അക്കാദമീഷ്യനുമായ ചന്ദ്രഭാന്‍ പ്രസാദ് പറയുന്നുണ്ട്.

നീയും നിങ്ങളും അങ്ങയും അവിടുന്നും മറികടന്ന് സമത്വമറിയണമെങ്കില്‍ YOU വിലേക്കെത്തണം എന്നു തന്നെ. സംസ്‌ക്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സാമൂഹ്യബോധത്തിന്റെയും വാഹനം ഭാഷയാണ്. കോളണി അനന്തര ഇന്ത്യയില്‍ ഇംഗ്ലീഷ്, ജാതിയെ മറിച്ചിടുന്ന നിരവധി സന്ദര്‍ഭങ്ങള്‍ കാഞ്ച ഐലയ്യ ഷെപ്പേര്‍ഡ് ഉദാഹരിക്കുന്നുണ്ട്.
മാതൃഭാഷ മലയാളം എന്നു കേള്‍ക്കുമ്പോള്‍ അത്രമേല്‍ മധുരമാവുന്നത് പ്രിവിലേജ്ഡ്’ ക്‌ളാസിനു മാത്രമാണ് എന്നു വരുന്നത് അത്ര അഭിമാനകരമായ സംഗതിയല്ല. ഭാഷയ്ക്കു വേണ്ടിയുള്ള സമരത്തോളം തന്നെ പ്രധാനമാണ് ഭാഷയ്ക്കകത്തു നടക്കേണ്ട സമരവും. ആരുടെ മലയാളം എന്നൊരു ചോദ്യത്തെ നേരിടേണ്ടി വരുമ്പോള്‍, എന്റെയും നിന്റെയും മലയാളം എന്നു പറയാനാവും വിധം ആരിലുമത് ആത്മവിശ്വാസം നിറയ്ക്കണം. അതാണ് ഭാഷയ്ക്കകത്തു നടക്കേണ്ട സമരം. സമത്വത്തിന്റെ സമരം.അയ്യന്‍കാളിയുടെ സമരം.
കുട്ടിക്കാലത്ത് സവര്‍ണര്‍ ചോദിച്ചിരുന്ന ഒരു ചോദ്യം കെ.കെ. കൊച്ച് അനുസ്മരിക്കുന്നുണ്ട്.
‘അയ്യങ്കാളി അമ്മന്‍ വന്തോടീ?’
മറുപടി ഒരു മറു ചോദ്യമാണ്.
”പിന്നെ വരാലാ?’
പിന്നെയും ചോദ്യം.
‘വല്ലോം തന്തോടീ? ‘
‘പിന്നെ തരാലാ?’
എന്നു മറുപടി.
തന്നത് സമത്വത്തിലേക്കുള്ള പാതയാണ്.

അയ്യന്‍കാളി ജയന്തി ആശംസകള്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!