Section

malabari-logo-mobile

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ മഴ ശക്തമാകും

HIGHLIGHTS : Low pressure in Bay of Bengal; Rains will be heavy in Kerala

കോഴിക്കോട്: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം 22ന് രാത്രിയോ 23 ന് പുലര്‍ച്ചെയോ രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. നാളെ മുതല്‍ ഗുജറാത്ത് മുതല്‍ മുംബൈ വരെയുള്ള പടിഞ്ഞാറന്‍ തീരത്തും. 22 മുതല്‍ കേരളം ഉള്‍പ്പെടെ പടിഞ്ഞാറന്‍ തീരം പൂര്‍ണമായും കാലവര്‍ഷക്കാറ്റ് സജീവമാകും.

ഇത് കേരളം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ശക്തമായ മഴക്ക് കാരണമാകും. വ്യാഴാഴ്ച രാത്രിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷക്കു സമാന്തരമായി ന്യൂനമര്‍ദം രൂപപ്പെടാന്‍ അനുകൂലമാണ് ഇപ്പോഴത്തെ അന്തരീക്ഷസ്ഥിതി.

sameeksha-malabarinews

അന്തരീക്ഷസ്ഥിതി അവലോകനംപാകിസ്താനു മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദം വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ ഗുജറാത്തിലും രാജസ്ഥാനിലും മഴ ശക്തിപ്പെടുത്തും. ഡല്‍ഹി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും മഴ സജീവമായി നിലനിര്‍ത്താല്‍ ഈ ന്യൂനമര്‍ദം സഹായിക്കും. മഹാരാഷ്ട്രയിലെ കര്‍വാറിലും കൊങ്കണ്‍ മേഖലയിലും തീവ്രമഴക്ക് സാധ്യതയുണ്ട്. അടുത്ത 48 മണിക്കൂര്‍ ഈ മേഖലയില്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണം. ഇവിടേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുന്നതാണ് സുരക്ഷിതം.

ഗോവ, മുംബൈ എന്നിവിടങ്ങളിലും മഴ സജീവമാകും. കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇടവേളകള്‍ കുറഞ്ഞ ഇടത്തരം മഴയോ തുടര്‍ച്ചയായ ചാറ്റല്‍ മഴയോ ലഭിക്കും. മറ്റു ജില്ലകളില്‍ ഇടവിട്ട മഴയാണ് ലഭിക്കുക. നാളെ (തിങ്കള്‍) ഇടുക്കി, പാലക്കാട് ജില്ലകളിലും മേല്‍ പറഞ്ഞ വടക്കന്‍ ജില്ലകളിലും കൂടുതല്‍ മഴക്ക് സാധ്യതയുണ്ട്. ജൂലൈ 21 ബുധനാഴ്ച മുതല്‍ എല്ലാ ജില്ലകളിലും മഴ കൂടുതല്‍ സജീവമാകും. ന്യൂനമര്‍ദം കരകയറുമെന്ന് പ്രതീക്ഷിക്കുന്ന 25 വരെ ശക്തമായ മഴ തുടരും.

കാലവര്‍ഷക്കാറ്റ് നിലവില്‍ കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ മേഖലയില്‍ സജീവമല്ലെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാഹചര്യങ്ങള്‍ ഉരുത്തിരിയുന്നത് കാറ്റിന്റെ ഗതിയില്‍ നാളെ മുതല്‍ മാറ്റം ഉണ്ടാക്കും. മഹാരാഷ്ട്ര മുതല്‍ കര്‍ണാടക വരെ തുടരുന്ന തീരദേശ ന്യൂനമര്‍ദപാത്തിയുടെ സ്വാധീനത്താല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും ഒറ്റപ്പെട്ട ഇടവേളകളോടെയുള്ള മഴ തുടരും. നാളെ കൂടുതല്‍ മഴ ഈ ജില്ലകളില്‍ പ്രതീക്ഷിക്കണം.

മൂന്നാമത്തെ ന്യൂനമര്‍ദം മഴ നല്‍കുംമണ്‍സൂണ്‍ സീസണിലെ മൂന്നാമത്തെയും ജൂലൈയിലെ രണ്ടാമത്തെയും ന്യൂനമര്‍ദമാണ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാനിരിക്കുന്നത്. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കാറ്റിന്റെ ദിശയിലും വേഗതയിലും മാറ്റങ്ങള്‍ ദൃശ്യമാണ്. നാളെ രാത്രിയോടെ ന്യൂനമര്‍ദം ഏതു സമയവും രൂപപ്പെടാം. മൂന്നു ദിവസത്തോളം വടക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ നിലകൊള്ളുന്ന ന്യൂനമര്‍ദം ബംഗാളിനും ഒഡിഷക്കും ഇടയില്‍ കരകയറും.

ജൂലൈ 25 ന് ഈ സിസ്റ്റം തീവ്ര ന്യൂനമര്‍ദം വരെയായി ശക്തിപ്പെട്ട് കരകയറിയേക്കും. ആദ്യ മണ്‍സൂണ്‍ ന്യൂനമര്‍ദത്തെപ്പോലെ മധ്യ, വടക്കന്‍ ഇന്ത്യയില്‍ മഴ ശക്തിപ്പെടുത്താന്‍ ഈ ന്യൂനമര്‍ദം സഹായിക്കും. തമിഴ്നാട്ടില്‍ മാത്രമാകും ദക്ഷിണേന്ത്യയില്‍ മഴ കുറയുക. കേരളത്തില്‍ അതിശക്തമായ മഴ ചിലയിടങ്ങളില്‍ പ്രതീക്ഷിക്കാം. ഏതെല്ലാം ജില്ലകളില്‍ എത്രയളവില്‍ മഴ എന്ന കാര്യത്തില്‍ വരും ദിവസങ്ങളിലെ അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തത വരുത്താനാകും.

ബലി പെരുന്നാള്‍ ദിനമായ നാളെ കേരളത്തില്‍ മിക്ക ജില്ലകളിലും മഴക്ക് സാധ്യത. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!